മെസിയുടെ തകർപ്പൻ പാസ്; 16 വാര അകലെ നിന്ന് സുവർണാവസരം നഷ്ടപ്പെടുത്തി എംബാപ്പെ

mbappe missed oportunity
SHARE

ഖത്തർ ലോകകപ്പിന് ശേഷം ലീഗ് വണ്ണിലെ രണ്ട് മത്സരങ്ങളിലാണ് പിഎസ്ജി കാലിടറി വീണത്. ഞായറാഴ്ച നടന്ന മത്സരത്തിൽ റെന്നസ് നായകൻ ഹമാരി ത്രോററുടെ ഗോളിന് മറുപടി നൽകാനാവാതെ ഗാൽറ്റിയറിൻറെ സംഘം തോൽവി സമ്മതിച്ചു. എന്നാൽ റെന്നസിൻറെ ഗോൾ വലയിലായതിന് തൊട്ടുപിന്നാലെ സമനില പിടിക്കാൻ പാകത്തിൽ മെസിയുടെ പാസ് എംബാപ്പെയിലേക്ക് വന്നെങ്കിലും ഫ്രഞ്ച് താരം നഷ്ടപ്പെടുത്തിയതാണ് ആരാധകരെ ഞെട്ടിക്കുന്നത്. 

65ാം മിനിറ്റിലാണ് ത്രോറെ റെന്നസിനായി ഗോൾ നേടിയത്. 69ാം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്ന് മെസി എംബാപ്പെയെ ലക്ഷ്യമാക്കി പന്ത് ഉയർത്തി നൽകി. പന്തുമായി എംബാപ്പെയുടെ മിന്നും റൺ. മുൻപിൽ ഗോൾ കീപ്പർ മാത്രം എന്ന അവസ്ഥ. എന്നാൽ ഗോൾ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലെത്തിക്കാനുള്ള എംബാപ്പെയുടെ ശ്രമം പാളി. 16 വാര മാത്രം അകലെ നിന്ന് ഷോട്ട് ഉതിർത്ത എംബാപ്പെയ്ക്ക് ഫിനിഷിങ്ങിൽ പിഴച്ചു. 

എംബാപ്പെയും മെസിയും നെയ്മറും ഒരുമിച്ച് ഇറങ്ങുമ്പോഴും ടീം തോൽവിയിലേക്ക് വീഴുന്നത് വീണ്ടും പിഎസ്ജി ആരാധകരെ അലോസരപ്പെടുത്തുകയാണ്. മെസിയും നെയ്മറുമായും എംബാപ്പെയ്ക്കുള്ള അസ്വാരസ്യം കളിക്കളത്തിലും പ്രകടമാവുന്നതാണ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിലുൾപ്പെടെ കാണുന്നതെന്ന വിലയിരുത്തൽ ശക്തമാണ്. 

ലോകകപ്പിന് ശേഷം ലീഗ് വണ്ണിൽ ലെൻസിന് എതിരെയായിരുന്നു പിഎസ്ജിയുടെ ആദ്യ തോൽവി. 3–1നാണ് ലീഗ് വണ്ണിലെ നിലവിലെ ചാമ്പ്യന്മാർ വീണത്. എന്നാൽ ഈ മത്സത്തിൽ മെസി, നെയ്മർ ഉൾപ്പെടെയുള്ള താരങ്ങൾ കളിച്ചിരുന്നില്ല. റെന്നസിന് എതിരെ മെസിയും നെയ്മറും ആദ്യ ഇലവനിൽ ഇടം നേടി. രണ്ടാം പകുതിയിൽ പകരക്കാരനായിട്ടാണ് എംബാപ്പെ എത്തിയത്.

mbappe missed golden opportunity created by messi

MORE IN SPORTS
SHOW MORE