കാര്യവട്ടം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട് ആകുന്നത് ഇങ്ങനെ...

karyavattom-greenfield-1
SHARE

കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ ഇത് ഇന്ത്യയുടെ അഞ്ചാം മത്സരമാണ്. ഇതുവരെ ഇവിടെ നടന്നതില്‍ ഒരു കളിയില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. അങ്ങനെ നോക്കിയാല്‍ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടുമാണ് തിരുവനന്തപുരത്തേത്.

2017 നവംബര്‍ ഒന്നിനാണ് സ്പോര്‍ട്സ് ഹബില്‍ ആദ്യ രാജ്യാന്തര മത്സരം നടക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ ട്വന്‍റി20 മത്സരം. കനത്ത മഴയായിരുന്നു അന്ന്. മഴയെ തോല്‍പ്പിച്ച് നാല്‍പ്പതിനായിരത്തിലേറെ കാണികള്‍ ക്ഷമയോടെ കാത്തിരുന്നപ്പോള്‍ എട്ടോവര്‍ മത്സരത്തിന് ഇരു ടീമുകളും തയ്യാറായി. ആറുറണ്‍സിന് ഇന്ത്യ ന്യൂസിലാന്‍റിനെ തോല്‍പ്പിച്ചു. രണ്ടു വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറ മാന്‍ ഓഫ് ദ മാച്ചായി. വിരാട് കോലിയായിരുന്നു പുതിയ സ്റ്റേഡിയത്തില്‍ ആദ്യ സിക്സര്‍ പറത്തിയത്. 

തൊട്ടടുത്ത വര്‍ഷം 2018 ൽ കേരളപ്പിറവി ദിനത്തിലായിരുന്നു രണ്ടാം മത്സരം. ഏകദിന മത്സരത്തില്‍ വിന്‍ഡീസിനെ ഇന്ത്യ തകര്‍ത്തെറിഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് 104 റണ്‍സിന് ഓള്‍ ഔട്ട്. രോഹിത് ശര്‍മയും വിരാട് കോലിയും തകര്‍ത്തടിച്ചപ്പോള്‍ 14 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യന്‍ ജയം. 

അടുത്ത മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്‍റി20 യിലായിരുന്നു. 2019 ഡിസംബറിലായിരുന്നു മത്സരം‍. സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഏക തോല്‍വിയായിരുന്നു ഈ മത്സരം. 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് എന്ന വിജയ ലക്ഷ്യം വിന്‍ഡീസ് 18.3 ഓവറില്‍ മറികടന്നു. ഫീല്‍ഡിങ്ങിനിടെ രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി സഞ്ജു സാംസണ്‍ ഇറങ്ങിയതാണ് ഈ കളിയുടെ മലയാളി ബന്ധം. 

നാലുമാസം മുമ്പായിരുന്നു അവസാന രാജ്യാന്തര മത്സരം. ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്‍റി20 ആയിരുന്നു അത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ വിജയിച്ചു. ഇപ്പോഴത്തെ ബാറ്റിങ് സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവും കെ.എല്‍രാഹുലും അര്‍ധശതകം നേടിയ കളിയിലെ താരം ഫാസ്റ്റ് ബോളര്‍ അര്‍ഷ് ദീപ് സിങ്ങ് ആയിരുന്നു.  

Indian match history in Karyavattom

MORE IN SPORTS
SHOW MORE