
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ലയണല്‍ മെസ്സിയേയും സൗദി ക്ലബിലെത്തിക്കാനുള്ള നീക്കം സജീവം. മെസ്സിക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ സൗദി ക്ലബ് അൽ ഹിലാലും അല്‍ ഇത്തിഹാദും കടുപ്പിക്കുന്നതായി റിപ്പോർട്ടുകള്‍. വൻ തുകക്ക് 37 കാരനായ ക്രിസ്റ്റ്യാനോ തട്ടകത്തിലെത്തിച്ച് അൽ നസര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് മെസ്സിക്ക് വേണ്ടിയുള്ള കരുക്കങ്ങൾ നീക്കാൻ മറ്റു സൗദി ക്ലബുകളും രംഗത്തെത്തിയത്.
സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ട് പ്രകാരം 300 മില്യൺ യൂറോയാണ് മെസ്സിക്ക് മുന്നിൽ അൽ ഹിലാൽ വച്ച ഓഫർ. 350 മില്യൺ യൂറോയാണ് അൽ ഇത്തിഹാദിന്റെ ഓഫര്‍ എന്നും റിപ്പോര്‍ട്ടുണ്ട്. വമ്പൻ തുകക്ക് മെസ്സിയെ ക്ലബിലെത്തിക്കാമെന്ന വിശ്വാസത്തിലാണ് ക്ലബ് അതികൃതര്‍.
അതേ സമയം 2023 ജൂണോടെ പിഎസ്ജിയിലെ കരാർ കാലാവധി അവസാനിക്കുന്ന മെസ്സി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയേക്കും. ക്ലബിന് വേണ്ടി 53 മത്സരങ്ങളിൽ 23 ഗോൾ നേടിയ താരം നിലവിൽ മികച്ച ഫോമിലാണ്. 175 മില്യൺ പ്രതിവർഷ സാലറിക്കായിരുന്നു അൽ നസർ ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്.