ബ്രസീലിനെ തോൽപിച്ച് ചരിത്രത്തിലേക്ക്; കരുത്തുകാട്ടി ആഫ്രിക്കൻ രാജ്യങ്ങൾ

Afric
SHARE

ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഏറ്റവും ഗംഭീര ലോകകപ്പായിരുന്നു ഖത്തറിലേത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇത്രയേറെ വിജയങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സ്വന്തമാക്കുന്നതും ഇതാദ്യമായാണ്. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിനെ തോല്‍പ്പിച്ച കാമറൂണ്‍ ചരിത്രത്തിലേക്കാണ് ഓടിക്കയറിയത്. മുന്‍ ലോകചാംപ്യന്‍മാരായ സ്പെയിനിനെ തോല്‍പിച്ച് ചരിത്രത്തിലാദ്യമായി മൊറോക്കോ ക്വാര്‍ട്ടറിലെത്തി. 

ആഫ്രിക്കന്‍‌ രാജ്യങ്ങള്‍ക്ക് ഫുട്ബോള്‍ എന്നും ആഘോഷമാണ്. വിജയങ്ങളും പരാജയങ്ങളും ഒരേ പോലെ ആഘോഷിച്ച് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കുന്നവരാണ് ആഫ്രിക്കയിലെ താരങ്ങള്‍. ലോകകപ്പിലാണ് നമ്മള്‍ ഇവരുടെ മല്‍സരങ്ങള്‍ കൂടുതലും കാണുന്നത്. അതിലെ റീസന്റ് ആഡ് ഓണാണ് കാമറൂണ്‍ താരം വിന്‍സന്റ് അബൂബക്കര്‍. അബൂബക്കറിന്റെ കരുത്തില്‍ കാമറൂണ്‍ ജയിച്ചതോടെ ഈക്കൊലത്തെ ലോകകപ്പില്‍ ആഫ്രിക്കന്‍ രാജ്യം സ്വന്തമാക്കുന്ന ഏഴാമത്തെ ജയമായി അത് മാറി. 1978 ല്‍ പങ്കെടുക്കാന്‌‍ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഒരു ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ആഫിക്കന്‍ രാജ്യങ്ങള്‍ ഇത്രയെറെ ജയം സ്വന്തമാക്കുന്നത്. രണ്ട് ജയം വീതം സ്വന്തമാക്കി സെനഗലും മൊറോക്കയും പ്രീ ക്വാര്‍ട്ടറിലെത്തി. അതില്‍ തന്നെ മൊറോക്കോ സ്പെയിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക്..

ഇനി കുറച്ച് ചരിത്രം പറയാം. 1978 മുതലാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ലോകകപ്പില്‍ ജയിച്ചുതുടങ്ങുന്നത്. തുനീസിയയാണ് ലോകവേദിയില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ ആദ്യ ജയം സ്വന്തമാക്കിയത്. തൊട്ടടുത്ത ലോകകപ്പില്‍ അള്‍ജീരിയ രണ്ട് ജയം നേടി.  പിന്നീട് എല്ലാ ലോകകപ്പുകളിലും ആഫ്രിക്കന്‍ കരുത്ത് ജയം തുടര്‍ന്നു. 1990ല്‍ കാമറൂണ്‍ മൂന്ന് ജയം സ്വന്തമാക്കി. 1986ന് ശേഷം പ്രീ ക്വാര്‍ട്ടറില്‍ ഒരു ആഫ്രിക്കന്‍ രാജ്യം പോലുമില്ലാതിരുന്ന ലോകകപ്പായിരുന്നു 2018ലെ റഷ്യന്‍ ലോകകപ്പ്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കഥ മാറി. ഇക്കൊല്ലം ഗ്രൂപ്പില്‍ ഏഴ് ജയങ്ങളാണ് ടീമുകള്‍ നേടിയത്. ജയവും സമനിലയുമുള്‍പ്പെടെ ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയ 24 പോയിന്റും റെക്കോര്‍ഡാണ്. 1998ല്‍ നേടിയ 15 പോയിന്റെന്ന റെക്കോര്‍ഡാണ് മറികടന്നത്. പ്രീ ക്വാര്‍ട്ടറിലേകക്് രണ്ട് ആഫ്രിക്കന്‍ ടീമുകള്‍ യോഗ്യത നേടുന്നത് ചരിത്രത്തില്‍ രണ്ടാം തവണയാണ്. ഇതിന് മുമ്പ് 2014ല്‍ അള്‍ജീരിയയും നൈജീരിയയും നോക്കൗട്ടിലെത്തിയിരുന്നു. 2002ലും 2006ലും 2010ലും ഒരു രാജ്യം മാത്രമാണ് നോക്കൗട്ടിലേക്കെത്തിയത്. കഴിഞ്ഞ തവണ ഗ്രൂപ്പില്‍ കളിച്ച 5 രാജ്യങ്ങളും ആദ്യ റൗണ്ടില്‍  പുറത്തായി

ബ്രസീലിനെ തോല്‍പിച്ച കാമറൂണാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഹീറോ ടീം. ഒരൊറ്റഗോളോടെ ആഫ്രിക്കയുടെ ഇതിഹാസമായി മാറി കാമറൂണിന്റെ വിന്‍സന്റ് അബൂബക്കര്‍. ആഫ്രിക്കന്‍ ഫുട്ബോളിന്റെ വിജയപതാക ഇനിയും ഉയരങ്ങളിലെത്തുമെന്നാണ് മൊറോക്കോ പരിശീലകന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ലോകകപ്പിന്റെ അടുത്ത എഡിഷനില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തുമ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ എത്തുമെന്നാണ് പരിശീലകന്റെ പ്രതീക്ഷ. ആഫ്രിക്കയുടെ കരുത്ത് ലോകം കണാനിരിക്കുന്നതേയുള്ളൂവെന്ന പ്രതീക്ഷയും പരിശീലകന്‍ പങ്കുവച്ചു 

55 രാജ്യങ്ങളാണ് ആഫ്രിക്കന്‍ ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ കളിക്കുന്നത്. എന്നാല്‍ ഫൈനല്‍സിന് 5 രാജ്യങ്ങള്‍ക്ക് മാത്രമാണ് അവസരമുള്ളത് . എന്നാല്‍ ഇത്രയും തന്നെ രാജ്യങ്ങള്‍ മല്‍സരിക്കുന്ന യൂറോപ്പില്‍ 13 രാജ്യങ്ങള്‍ക്ക് ഫൈനല്‍സിന് അവസരമുണ്ട്. കൂടുതല്‍ രാജ്യങ്ങളെ ഫൈനല്‍സിനെത്തിക്കണമെന്ന ആവശ്യമാണ് ഘാന പരിശീലകന്‍ ഒട്ടോ ആഡോ പങ്കുവയ്ക്കുന്നത്. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ യുറഗ്വായെ തോല്‍പിച്ചാണ് ഘാന ലോകകപ്പ് പൂര്‍ത്തിയാക്കിയത്. എന്തായാലും ഈ ലോകകപ്പ് ആഫ്രിക്കന്‍ ഫുട്ബോളിന് പുതിയ ഉണര്‍വാകുമെന്ന് പ്രതീക്ഷിക്കാം... 

MORE IN SPORTS
SHOW MORE