‘തിരുമ്പിവന്തിട്ടേന്ന് സൊല്ല്’; അർജന്റീനയുടെ വിജയം ആഘോഷമാക്കി ആരാധകർ

messi-win
SHARE

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഇതോടെ അര്‍ജന്റീനയുടെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. തോറ്റ് കൊടുക്കുവാൻ വന്നവനല്ലാ ഈ മെസി, തിരുമ്പിവന്തിട്ടേന്ന് സൊല്ല് തുടങ്ങിയ ഹാഷ് ടാഗുകളിലാണ് സമൂഹമാധ്യമങ്ങളിലെ ആഘോഷം. 

ഗോളടിച്ചും അടിപ്പിച്ചും സൂപ്പർ താരം ലയണൽ മെസ്സി മുന്നില്‍നിന്നു നയിച്ചപ്പോള്‍ 2–0നാണ് അർജന്റീനയുടെ വിജയം. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. ലയണൽ‌ മെസ്സി (64), എൻസോ ഫെർണാണ്ടസ് (87) എന്നിവരാണ് അർജന്റീനയ്ക്കായി വല കുലുക്കിയത്.

ആദ്യ പകുതിയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമായിരുന്നു രണ്ടാം പകുതിയിൽ അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. നവംബർ 30ന് സ്റ്റേഡിയം 974ൽ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം. നാലു പോയിന്റുള്ള പോളണ്ടിനെ തോൽപിച്ചാൽ അർജന്റീനയ്ക്കു പ്രീക്വാർട്ടർ ഉറപ്പിക്കാം.ജയത്തോടെ മെക്സിക്കോയോട് ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയിച്ചവരെന്ന റെക്കോർഡ് ഖത്തറിലും അർജന്റീന തുടർന്നു. മുൻപ് 1930, 2006, 2010 ലോകകപ്പുകളിൽ നേർക്കുനേർ വന്നപ്പോഴും അർജന്റീനയ്ക്കായിരുന്നു വിജയം.

MORE IN SPORTS
SHOW MORE