
ലോകകപ്പിലെ ആദ്യമല്‍സരത്തിന് പറങ്കിപടയിറങ്ങുമ്പോള്‍ ചരിത്രത്തിന്‍റെ കൂട്ടുപിടിച്ച് രസകരമായ ഒരു കണക്കുകൂട്ടലിലാണ് പോര്‍ച്ചുഗീസ് ആരാധകര്‍. ആ കണക്കുകൂട്ടല്‍ എന്താണെന്നു നോക്കാം..
ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്‍റുകള്‍ നടക്കുമ്പോള്‍ ചരിത്രത്തിലെ ആവര്‍ത്തനങ്ങളെ പറ്റി ആരാധകര്‍ സംസാരിക്കുക പതിവാണ്. കണക്കുകളുടേയും ചരിത്രത്തിന്‍റേയും പശ്ചാത്തലത്തില്‍ ആരാധകര്‍ പ്രവചനം നടത്തുന്നതും സ്ഥിരംകാഴ്ച. ഇക്കുറി ക്രിസ്റ്റ്യാനോയ്ക്കും പോര്‍ച്ചുഗലിനും അനുകൂലമായൊരു കണക്കുകൂട്ടലാണ് ആരാധകര്‍ നടത്തിയിരിക്കുന്നത്. അതിങ്ങനെയാണ്. ഓരോ ഫുട്ബോള്‍ ലോകകപ്പിനും കൃത്യം രണ്ട് വര്‍ഷം മുന്‍പാണ് യൂറോ കപ്പ് നടക്കാറ്. ആ യൂറോ കപ്പിലെ ടോപ് ഗോള്‍ സ്കോററുടെ ടീം ആയിരിക്കും അടുത്ത തവണ ലോകകപ്പുയര്‍ത്തുന്നത്. 2008 മുതലുള്ള ഫുട്ബോള്‍ ലോകത്തെ പരസ്യമായ ഒരു രഹസ്യമാണിത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും അങ്ങനെയാണ് സംഭവിച്ചത്. യൂറോ കപ്പിലെ ടോപ് ഗോള്‍ സ്കോറേഴ്സിന്‍റെ ടീം ലോകകപ്പുയര്‍ത്തുന്ന ചരിത്രം ആവര്‍ത്തിച്ചാല്‍ ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ലോകകപ്പുയര്‍ത്തും. കാരണം കഴിഞ്ഞ യൂറോ കപ്പില്‍ ഏറ്റവുമധികം ഗോള്‍ സ്കോര്‍ ചെയ്തത് ക്രിസ്റ്റ്യാനോയാണ്. 2008 യൂറോ കപ്പില്‍ നാലുഗോളുകളുമായി ഡേവിഡ് വിയ്യ ടോപ് സ്കോററായപ്പോള്‍ 2010ലെ ലോകകപ്പില്‍ കിരീടം നേടിയത് ഡേവിഡ് വിയ്യയുടെ സ്പെയിന്‍ ടീമായിരുന്നു. 2014ലും ഇതേ ഫോര്‍മുല റിപ്പീറ്റായി. മൂന്ന് ഗോളുകളുമായി ജര്‍മനിയുടെ മരിയോ ഗോമെസ് 2012 യൂറോ കപ്പിലെ ടോപ് സ്കോററായപ്പോള്‍ 2014 ലെ കിരീടം ജര്‍മനിയ്ക്ക് പോയി. 2018ല്‍ കിരീടം നേടിയത് ഫ്രാന്‍സ്, കുറച്ച് പിന്നിലേക്ക് പോയാല്‍ രണ്ടുവര്‍ഷം മുമ്പ് 2016ല്‍ യൂറോ കപ്പിലെ ടോപ് ഗോള്‍ സ്കോററായത് ഗ്രീസ്മന്‍ ആയിരുന്നു. ആറു ഗോളുകളാണ് അന്ന് ഗ്രീസ്മന്‍ നേടിയത്. ഇനി 2022 ലോകകപ്പിലേക്ക് വരുമ്പോള്‍ ഇതിനുമുമ്പ് നടന്ന യൂറോ കപ്പ് പരിശോധിക്കേണ്ടി വരും, യൂറോ കപ്പിലെ ഗോള്‍ സ്കോറേഴ്സിന്‍റെ പട്ടികയെടുക്കുമ്പോള്‍ പോര്‍ച്ചുഗല്‍ നായകന്‍ റൊണാള്‍ഡോയാണ് മുന്നില്‍. അഞ്ച് ഗോളുകള്‍. അങ്ങനെയെങ്കില്‍ ചരിത്രത്തിലെ ഈ സമാനത ആവര്‍ത്തിച്ചാല്‍ ഇത്തവണത്തെ ലോകകപ്പ് ഉയര്‍ത്തുക പോര്‍ച്ചുഗല്‍ ആയിരിക്കും.ഫേവറൈറ്റ്സുകളുടെ കണക്കുകള്‍ വെച്ചാണ് ആരാധകര്‍ ഇങ്ങനെയൊരു വാദം ഉന്നയിക്കുന്നത്. റൊണാള്‍ഡോയോടൊപ്പം ചെക് റിപബ്ലിക്കിന്‍റെ പാട്രിക് ഷിക്കും കഴിഞ്ഞ യൂറോയിലെ ടോപ് സ്കോററായിരുന്നു. എന്നാല്‍ ചെക് റിപ്പബ്ലിക് ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.