എതിര്‍‍പ്പുകളെ മറികടന്നു തുടങ്ങിയ ലോകകപ്പ്; ആദ്യ ടൂര്‍‍ണമെന്റ് വിശേഷങ്ങള്‍

worldcup
SHARE

ലോകമൊരു പന്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. അത്രത്തോളം ഫുട്ബോള്‍‍ മാനവരാശിയെ സ്വാധിനിച്ചിട്ടുണ്ട്. ഭൂഗോളം പോലെയൊരു പന്ത് ലോകശ്രദ്ധ പിടിച്ചുപറ്റാന്‍‍ തുടങ്ങിയിട്ട് തൊണ്ണൂറ് വര്‍‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1930 ലാണ് ആദ്യത്തെ ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നത്. അതുവരെ ഒളിംപിക്സിലെ ഫുട്ബോള്‍ മല്‍സരമായിരുന്നു ആഗോള തലത്തില്‍‍ നടത്തപ്പെട്ടിരുന്ന പ്രധാനപ്പെട്ട ഫുട്ബോള്‍‍ ടൂര്‍‍ണമെന്റ്. ‍  അന്താരാഷ്ട്ര ഫുട്ബോള്‍‍ ഫെഡറേഷന്‍‍ പ്രസിഡന്റായ  ഫ്രഞ്ചുകാരന്‍‍ യൂള്‍ റിമെയാണ് ഫുട്ബോളിനു മാത്രമായി ഒരു ടൂര്‍‍ണമെന്റ് വേണമെന്ന ആശയം മുന്നോട്ടുവെച്ചത്. 1928 ലെ ഫിഫയുടെ യോഗത്തില്‍‍ ആശയം അവതരിപ്പിച്ചുവെങ്കിലും പങ്കെടുത്ത ഭൂരിപക്ഷം രാജ്യങ്ങളും എതിര്‍‍ത്തു. എന്നാല്‍‍ എതിര്‍‍പ്പുകളെയെല്ലാം മറികടന്നുകൊണ്ട്   തൊട്ടടുത്തവര്‍ഷം ബാഴ്സലോണയില്‍‍ കൂടിയ യോഗത്തില്‍‍ ലോകകപ്പ് നടത്തുമെന്ന് ഫിഫ പ്രഖ്യാപിച്ചു. വേദിയാകാന്‍ യുറഗ്വയും ഇറ്റലിയും നെതര്‍ലന്‍ഡ്സുമുള്‍പ്പടെ ആറ് രാജ്യങ്ങള്‍‍ മല്‍‍സരിച്ചു. നറുക്ക് വീണത് ഒളിംപിക്സ് ഫുട്ബോള്‍ സ്വര്‍ണമെഡല്‍ ജേതാക്കളയായ യുറഗ്വായ്ക്ക് . യുറഗ്വായുടെ ഭരണഘടന നിലവില്‍‍ വന്നതിന്റെ നൂറാം വാര്‍‍ഷികമായ 1930 ല്‍‍ ലോകകപ്പ് നടത്താനും തീരുമാനമായി. എന്നാല്‍‍ പ്രശ്നം അവിടെ അവസാനിച്ചില്ലാ. അദ്യ ലോകകപ്പിന് പന്തുരുളാന്‍‍ ദിവസങ്ങള്‍‍ മാത്രം അവശേഷിക്കെ യൂറോപ്യന്‍‍ ടീമുകള്‍‍ പലതും ടൂര്‍‍ണമെന്റില്‍‍ നിന്നും പിന്‍‍മാറി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരുന്ന യൂറോപ്പിന് ലാറ്റിനമേരിക്കന്‍‍ രാഷ്ട്രമായ യുറുഗ്വായിലേക്കുള്ള യാത്ര ചിലവ് താങ്ങനാവുമായിരുന്നില്ല. രണ്ടു മാസത്തിലധികം നീണ്ടു നില്‍‍ക്കുന്ന ടൂര്‍‍ണമെന്റിലേക്ക് ടീമുകളെ വിട്ടു നല്‍‍കാന്‍‍ ക്ലബുകളും തയ്യാറല്ലായിരുന്നു. ഒടുവില്‍‍ യുറോപ്പില്‍‍ നിന്ന് ബെല്‍‍ജിയം, ഫ്രാന്‍‍സ്,യൂഗോസ്ലോവിയ, റുമാനിയ എന്നി രാജ്യങ്ങള്‍‍ പങ്കെടുക്കാന്‍‍ സന്നദ്ധരായി. ഇവരോടൊപ്പം ലാറ്റിനമേരിക്കന്‍‍ ടീമുകള്‍‍ക്കൂടി ചേര്‍‍ന്നതോടെ പങ്കെടുക്കുന്ന രാജ്യങ്ങളുടെയെണ്ണം പതിമൂന്നിലേക്കുയര്‍‍ന്നു. ഉദ്ഘാടനമല്‍‍സരത്തില്‍‍ മെക്സിക്കോയും ഫ്രാന്‍‍സും ഏറ്റുമുട്ടി. ഫ്രാന്‍‍സിന്റെ ലൂസിയന്‍‍ ലോറാന്റ് നേടിയ ആദ്യഗോള്‍‍ ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമായി. ഏറ്റവുമധികം ഗോള്‍ നേടിയത് അര്‍ജന്റീന . 18 ഗോളുകള്‍. എന്നാല്‍  ഫൈനലില്‍‍ അര്‍‍ജന്റീനയെ രണ്ടിനെതിരെ നാല് ഗോളുകള്‍‍ക്ക് പരാജയപ്പെടുത്തി ‍ യുറഗ്വായ് ലോകചാംപ്യന്‍മാരായി. "മുമ്പൊരിക്കലും ഇത്ര വൈകാരികമായ പിരിമുറുക്കവും, തീവ്രതയും, ആവേശവും, വീണ്ടും കാണണമെന്ന മോഹവും തോന്നിപ്പിച്ച മറ്റൊരു മല്‍‍സരവുമില്ലാ. പില്‍‍ക്കാലത്ത് തന്റെ ആത്മകഥയില്‍‍ ഫിഫ പ്രസിഡന്റ് യൂള്‍ റിമെ എഴുതിയ വാക്കുകളാണിത്.  22ാം ലോകകപ്പ് നടക്കുമ്പോഴും ലോകം യൂള്‍റിമേയുടെ  വാക്കുകള്‍ ആവര്‍ത്തിക്കുന്നു 

MORE IN SPORTS
SHOW MORE