
ന്യൂസീലൻഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ അർധസെഞ്ചറി തികച്ച് ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ. 68 പന്തുകൾ നേരിട്ട സഞ്ജു 54 റൺസെടുത്തു പുറത്തായി. രണ്ടു സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ജേക്കബ് ഡഫിയുടെ പന്തിൽ സഞ്ജു എൽബിഡബ്ല്യു ആയി പുറത്താകുകയായിരുന്നു.
ഇന്ത്യ എ ടീമിനു വേണ്ടി മധ്യനിര താരം തിലക് വർമയും ഷാർദൂൽ താക്കൂറും അർധസെഞ്ചറി തികച്ചു. 62 പന്തുകൾ നേരിട്ട തിലക് വർമ 50 റൺസെടുത്തു പുറത്തായി. 33 പന്തുകളിൽനിന്ന് 51 റണ്‍സാണ് ഷാർദൂലിന്റെ സമ്പാദ്യം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ അഭിമന്യു ഈശ്വരനും ഇന്ത്യ എ ടീമിനായി തിളങ്ങി. 35 പന്തുകളിൽനിന്ന് 39 റൺസാണു താരം നേടിയത്.
49.3 ഓവറില്‍ ഇന്ത്യ 284 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിനുമായിരുന്നു ഇന്ത്യൻ ജയം. മൂന്നാമത്തെ മത്സരത്തിൽ ആശ്വാസ ജയം കണ്ടെത്താനാണ് ന്യൂസീലൻഡ് എ ടീം പരിശ്രമിക്കുന്നത്.
ആദ്യ രണ്ടു മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുവാൻ സഞ്ജുവിന് സാധിച്ചിരുന്നു. ആദ്യ കളിയില്‍ സഞ്ജു 29 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം മത്സരത്തില്‍ താരം 37 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും സഞ്ജുവിന് ഇടം നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ താരത്തെ ഇന്ത്യ എ ക്യാപ്റ്റനാക്കുകയായിരുന്നു.