ഫെഡറര്‍ക്ക് നിറമിഴികളോടെ ഉപചാരം ചൊല്ലുന്നവരുടെ ശ്രദ്ധയ്ക്ക്

federer-johny
SHARE

എന്തുകൊണ്ടാണ് ഈ വിടവാങ്ങല്‍ രംഗം അത്രമേല്‍ വേദനിപ്പിക്കുന്നത്?  ടെന്നീസില്‍ നമുക്കു ലെജന്‍ഡ്സ് വേറെയും ഉണ്ടായിരുന്നല്ലോ.  ഇപ്പോഴും ഉണ്ടല്ലോ. കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയവര്‍ തന്നെ രണ്ടുണ്ട്.  എന്നിട്ടും...

കായികരംഗം കണ്ട എക്കാലത്തെയും വലിയൊരു പ്രചോദക പുരുഷനായി ഫെഡറര്‍ വളര്‍ന്നതുകൊണ്ട്.  വ്യക്തിത്വത്തിന്‍റെ ആദര്‍ശമാതൃകയായി, ജന്മാന്തര ജ്യേഷ്ഠനായി ഫെഡററെ കായികപ്രേമികള്‍ നെഞ്ചേറ്റിയതുകൊണ്ട്. നമ്മള്‍  ഗുരുത്വാകര്‍ഷണത്തില്‍ എന്നപോലെ പെട്ടുപോയില്ലേ?  പ്രണയത്തില്‍ എന്നപോലെ വീണുപോയില്ലേ?  കളിക്കളത്തിലെ ആ നര്‍ത്തനം താളം തെറ്റാതെ തുടരാന്‍ പ്രാര്‍ത്ഥിച്ചില്ലേ?  ഉറക്കത്തിന്‍റെ സമനില തെറ്റിച്ച് രാത്രികളില്‍ ടെലിവിഷനു മുന്നിലിരുന്നില്ലേ, ആ കണ്ണില്‍ സന്തോഷംകൊണ്ടോ സന്താപംകൊണ്ടോ നനവു പടര്‍ന്നപ്പോള്‍ നമ്മെപ്പൊലൊരു മനുഷ്യന്‍ എന്നോര്‍ത്തുപോയില്ലേ? ഒച്ചവയ്ക്കാതെ ഫെഡറര്‍ കോര്‍ട്ടില്‍ ജയിച്ച എത്രയെത്ര യുദ്ധങ്ങള്‍ക്കാണ് നമ്മള്‍ സാക്ഷിയായത്.

ന്യൂയോര്‍ക്കറില്‍ ഒരു സ്പോര്‍ട്സ് ലേഖകന്‍ എഴുതിയതുപോലെ, െഫഡറര്‍ക്കായി ആര്‍പ്പുവിളിക്കുന്നത് പ്ലേറ്റോനിക് ആദര്‍ശത്തെ പിന്തുണയ്ക്കുന്നതുപോലെയാണ്.  സത്യത്തിനുവേണ്ടി നിലകൊള്ളുന്നതുപോലെയാണ്.

അപ്പോള്‍ അതാണു കാര്യം.  ടെന്നീസിന് അപ്പുറത്തും കളിക്കളത്തിനു പുറത്തും അതിര്‍ത്തികളെ മായ്ക്കുന്ന സത്യസൗന്ദര്യസങ്കല്‍പ്പമായി റോജര്‍ ഫെഡറര്‍.  ചിലര്‍ക്ക് മഹനീയ കലാരൂപമായി.  മറ്റു ചിലര്‍ക്ക് ആത്മീയ അനുഭവമായി.  ഇനിയും ചിലര്‍ക്ക് അത് സിംഫണിപോലെ സംഗീതസ്പര്‍ശമായി.

ലോകപ്രശസ്ത കായികതാരങ്ങള്‍ക്ക് ഇടയില്‍പോലും കൂടുതല്‍ ആരാധകരുള്ളത് ഫെഡറര്‍ക്കാണ്.  അതില്‍ നമ്മുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും, ലിയാന്‍ഡര്‍ പെയ്സും, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സും ഒക്കെ ഉള്‍പ്പെടുന്നു.  എന്തിന് റഫേല്‍ നദാലും ജോക്കോവിച്ചുമുണ്ട് ആ നിരയില്‍.  

2001ലെ വിംബിള്‍ഡണില്‍ ഫോര്‍ത്ത് റൗണ്ടില്‍ പുല്‍ക്കോര്‍ട്ടിലെ ചോദ്യം ചെയ്യപ്പെടാത്ത രാജാവ് പീറ്റ് സംപ്രാസിനെ അട്ടിമറിച്ച പത്തൊമ്പതുകാരന്‍ റോജറിന് പോണിടെയ്‍ല്‍ ഉണ്ടായിരുന്നു.  പിന്നീട് കളിയുടെ സ്റ്റൈല്‍പോലെ തലയിലെ കെട്ടും ഹെയര്‍സ്റ്റൈല്‍ തന്നെയും മാറി.  എന്നാല്‍ അതിലും വലിയ മാറ്റം ഫെഡററുടെ സ്വഭാവത്തിലായിരുന്നു.  തന്‍റെ കഴിവില്‍ അമിതവിശ്വാസമുണ്ടായിരുന്ന, കുറച്ചൊക്കെ മടിയനായ, പെട്ടെന്നു ദേഷ്യപ്പെടുന്ന, ബാറ്റ് തറയില്‍ അടിച്ചുതകര്‍ക്കുന്ന റോജറില്‍നിന്ന് ശാന്തതയുടെയും മാന്യതയുടെയും എതിരാളികളോടുള്ള ബഹുമാനത്തിന്‍റെയും പ്രതീകമായി മാറിയ ഇന്നത്തെ റോജര്‍ ഫെഡററിലേക്കുള്ള യാത്ര. 

2004ലെ മയാമി ഓപ്പണ്‍ മാസ്റ്റേഴ്സ് മൂന്നാം റൗണ്ടില്‍ ഇരുപത്തിമൂന്നുകാരന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററെ വീഴ്ത്തിയ പതിനേഴുകാരന്‍, ലോകടെന്നീസിലെ 34–ാം റാങ്കുകാരന്‍ റഫേല്‍ നദാല്‍. ഉയരത്തില്‍ നൃത്തം ചെയ്യുന്ന ഫെഡറര്‍ക്ക് ആകാശം നിഷേധിക്കുന്നവന്‍ എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ടു ഈ സ്പെയിന്‍കാരന്‍.  സെര്‍ബിയക്കാരന്‍ നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം നേടുമ്പോള്‍ ഫെഡറര്‍ 12 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിക്കഴിഞ്ഞിരുന്നു.  നദാലും ജോക്കോവിച്ചും പിന്നീട് ഫെഡററുടെ 20 ഗ്രാന്‍ഡ്സ്ലാം എന്ന റെക്കോര്‍ഡ് മറികടന്നു.  കളിക്കളത്തിലെ ഫെഡററുടെ അജയ്യത നദാലിനും ജോക്കോവിച്ചിനും മതിയായ പ്രകോപനമായിരുന്നു.  വേഗം കൂടിയ പുല്‍കോര്‍ട്ടുകളില്‍ ഞൊടിയിടയില്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്ന സ്വിറ്റ്സര്‍ലന്‍ഡുകാരന് വേഗം കുറഞ്ഞ ഹാര്‍ഡ് കോര്‍ട്ടുകളില്‍ കാളപ്പോരിലെപ്പോലെ വീര്യം കാട്ടുന്ന സ്പെയിന്‍കാരനും പുല്‍കോര്‍ട്ടിലും കളിമണ്ണുകോര്‍ട്ടിലും ഒന്നുപോലെ അങ്കഗണിത കൃത്യത കാട്ടിയ സെര്‍ബിയക്കാരനും വെല്ലുവിളിയായി.  കൊള്ളിയാന്‍ പോലത്തെ സെര്‍വുകള്‍ മിന്നായംപോലെ മടങ്ങിവന്നു. വിയര്‍പ്പുഗ്രന്ഥികള്‍ ഇല്ലെന്ന് സംശയിച്ച ഫെഡററെ കളിക്കളത്തില്‍ വിയര്‍പ്പിച്ച എതിരാളികള്‍. കളിജീവിതത്തിലെ ഈ പ്രതിസന്ധി മറികടക്കാന്‍ ഫെഡറര്‍ ചെയ്തത് ഓര്‍ത്താല്‍ അവര്‍ ഫെഡററുടെ നേട്ടത്തെ മറികടന്നതിനേക്കാള്‍ വലിയ അത്ഭുതമാണ്.

തനിക്ക് എതിരാളികള്‍ ഇല്ല എന്നു തോന്നിയിടത്തുനിന്ന് എതിരാളികളെ നേരിടാന്‍ കളിയില്‍ മാറ്റങ്ങള്‍ വേണം എന്ന തിരിച്ചറിവിലായിരുന്നു മാറ്റത്തിന്‍റെ തുടക്കം.  സ്റ്റെഫാന്‍ എഡ്ബര്‍ഗിനെ കോച്ചാക്കി ഫെഡറര്‍ തന്‍റെ ശൈലി കുറച്ചുകൂടി അഗ്രസീവാക്കി.  ബാക്ക്ഹാന്‍ഡ് കളി മെച്ചപ്പെടുത്തി.  റാക്കറ്റിലും വന്നു മാറ്റം.  നദാലിനോട് തുടര്‍ച്ചയായി പരാജയപ്പെടുന്നതുവഴി ഉണ്ടായ ആത്മവിശ്വാസക്കുറവ് അതിജീവിച്ച ഫെഡറര്‍,  പിന്നീട് പലതവണ നദാലിനെ തോല്‍പിച്ചു.  ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് കോര്‍ട്ടില്‍ തിരിച്ചെത്തിയ ഫെഡറര്‍ മൂന്നു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ കൂടി നേടി കിരീടനേട്ടം 20 ആക്കി.  പ്രഫഷണല്‍ കളിക്കാരനായി 20 വര്‍ഷം തികഞ്ഞതിനുശേഷമാണ് ഇരുപതാമത്തെ കിരീടം –  2018ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ – മുപ്പത്തിയാറാം വയസ്സില്‍ ഫെഡറര്‍ നേടുന്നത്.  2004ല്‍ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുമ്പോള്‍ ടെന്നീസ് കളിച്ചിരുന്നവരില്‍ ആരും ആറാമത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുമ്പോള്‍ കളിക്കളത്തില്‍ ഉണ്ടായിരുന്നില്ല.  എ.ടി.പി റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച ഫെഡറര്‍ ഒന്നാംസ്ഥാനത്തെത്തിയ ഏറ്റവും പ്രായംകൂടിയ കളിക്കാരനായി.  2017 ജനുവരിയില്‍ 17–ാം സ്ഥാനത്തുനിന്ന ഫെഡററാണ് 2018 ഫെബ്രുവരിയില്‍ ഒന്നാംസ്ഥാനക്കാരനായത്.

2019ലെ മാരത്തണ്‍ വിംബിള്‍ഡണ്‍ ഫൈനല്‍ നാലുമണിക്കൂര്‍ 57 മിനിറ്റ് നീണ്ടു.  മാച്ച് പോയന്റ്, എയ്സ്, ഫസ്റ്റ് സര്‍വില്‍ നേടിയ പോയന്റ്, മൊത്തം ഗെയിം എന്നിങ്ങനെ ഏതു കണക്കെടുത്താലും കളിയിലെ താരം ഫെഡറര്‍ ആയിരുന്നു.  എന്നാല്‍ ജേതാവായത് ജോക്കോവിച്ച്.  മാച്ച് പോയന്‍റില്‍ പിന്നില്‍നിന്ന താരം കിരീടം നേടുന്നത് 71 വര്‍ഷത്തെ വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ആദ്യം.  ‘ആര്‍ക്കും  മറക്കാനാവാത്ത മത്സരമാണ് താനിന്നു കളിച്ചത്’ എന്നു ജോക്കോവിച്ച് പറഞ്ഞപ്പോള്‍ ഫെഡറര്‍ പ്രതികരിച്ചു, ‘ഞാനിതു മറക്കാന്‍ ശ്രമിക്കും’.  പിന്നീട് റണ്ണേഴ്സ് അപ്പിനുളള പ്ലേറ്റ് ഏറ്റുവാങ്ങുമ്പോഴും ഫെഡറര്‍ വേദന നിഴലിച്ചൊരു തമാശ പറഞ്ഞു, ‘എന്‍റെ മക്കള്‍ക്കു തിളങ്ങുന്ന മറ്റേ ട്രോഫിയായിരുന്നു ഇഷ്ടം’. ഭാര്യ മിര്‍ക്കയും നാലു മക്കളും അപ്പോള്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. 

റോജര്‍ ഫെഡററും റഫേല്‍ നദാലും നവാക് ജോക്കോവിച്ചും ഇരുപത് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ വീതം നേടി ഏറെ മാസങ്ങള്‍ക്കുശേഷമാണ് അവരില്‍ നിന്നൊരാള്‍ 21–ാം കിരീടം എന്ന അതുല്യനേട്ടത്തിലേക്ക് കയറിയത്. 2022 ജനുവരി 30–ാം തീയതി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ രണ്ടു സെറ്റ് പിന്നില്‍നിന്നശേഷം റഷ്യയുടെ ദാനിയേല്‍ മെദ്‍വദേവിനെ തോല്‍പ്പിച്ച് റഫാല്‍ നദാല്‍ നേടിയ അതുല്യവിജയം.  ആ മത്സരത്തെക്കുറിച്ച് റോജര്‍ ഫെഡറര്‍ പറഞ്ഞു – ‘എന്തൊരു മത്സരമായിരുന്നു.  എന്റെ മനസുതൊട്ട അഭിനന്ദനങ്ങള്‍.  കുറച്ചുമാസങ്ങള്‍ക്കു മുമ്പ് രണ്ടു പേരും പരിക്കേറ്റ് ക്രച്ചസിലായിരുന്നതിനെക്കുറിച്ച് ഞങ്ങള്‍ തമാശ പറഞ്ഞതേയുള്ളൂ.  പക്ഷേ ആ ചാംപ്യനെ ഒരിക്കലും കുറച്ചുകാണരുത്. നിങ്ങളുടെ വര്‍ക്ക് എത്തിക്സും സമര്‍പ്പണവും പോരാട്ടവീര്യവും എനിക്കും ലോകമെങ്ങുമുള്ള മറ്റനേകര്‍ക്കും പ്രചോദനമാണ്.  ഈ കാലഘട്ടത്തില്‍ ഒന്നിച്ച് കളിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.  കഴിഞ്ഞ 18 വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്കിടയിലുള്ള മത്സരബുദ്ധി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ രണ്ടുപേരെയും പ്രചോദിപ്പിച്ചിട്ടുണ്ട്.’

എയ്സുകള്‍ കൊണ്ട് ലോകത്ത വിസ്മയിപ്പിച്ച, തലമുറകളെ പ്രചോദിപ്പിച്ച ഒരു ഇതിഹാസതാരം കളിക്കളത്തിന് പുറത്ത് പഠിപ്പിച്ച വലിയ പാഠങ്ങളില്‍ ഒന്നാണ് ഈ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. പ്രതിയോഗിയെയും ആവേശം കൊള്ളിക്കുന്ന കൂടുതല്‍ ഉയരങ്ങളിലെത്താന്‍ പ്രോല്‍സാഹിപ്പിക്കുന്ന താരം. കായികലോകം അധികം കണ്ടിരിക്കില്ല ഇത്തരക്കാരെ. അങ്ങനെ കളിക്കളത്തിലും പുറത്തുമുള്ള ഫെഡറര്‍,  ആരാധകര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായി. കളിക്കളം വിടുന്നുവെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം തീരെ അപ്രതീക്ഷിതമല്ലെങ്കിലും ഒരുപാടുപേരുടെ ഉള്ളില്‍ അത് ഒരു നേര്‍ത്തനോവുതീര്‍ക്കുന്നതും അതുകൊണ്ടുതന്നെ. 

ആരാണ് ഗോട്ട്?  Greatest of All Time എന്ന ചോദ്യം കഴിഞ്ഞദിവസവും നേരിട്ടു ഫെഡറര്‍. സമൂഹമാധ്യമങ്ങളുടെ സഹജവാസനയായ താരതമ്യഭ്രമത്തെ തള്ളിപ്പറഞ്ഞുകൊണ്ടു ഫെഡറര്‍ ചോദിച്ചു,  എന്റെ നാലു മക്കളെ താരതമ്യം ചെയ്യാന്‍ കഴിയുമോ?  കൂടെ ഒരു തമാശയും – ഗോട്ട്, അതായത് ആട്, ഞങ്ങളുടെ നാട്ടില്‍ കുറെയുണ്ട്.  ഫീല്‍ഡിലാണെന്നു മാത്രം.

ഫെഡറര്‍ ഇത് ജീവിതത്തിലെ ഒരു ഘട്ടത്തിലെടുത്ത, സ്വാഭാവിക തീരുമാനം മാത്രമെന്ന് കരുതുന്നവരുണ്ടാവാം. എന്നാല്‍ അങ്ങനെയല്ല. വലിയ വിജയങ്ങള്‍ താങ്ങാനുള്ള ശേഷി വലത് കാല്‍മുട്ടിനില്ലെന്ന് ഒടുവിലത്തെ സ്കാനിങ്ങിലും വ്യക്തമായതോടെ ഫെഡറര്‍ ആലോചിച്ച് എടുത്തതാണ് വിരമിക്കാനുള്ള തീരുമാനം. ഗ്ലാന്‍സ്ലാമുകള്‍ കൊണ്ട് മാല്യം ചാര്‍ത്തിയ സിംഗിള്‍സ് മത്സരങ്ങള്‍ ഇനി സാധ്യമല്ലെന്ന തിരിച്ചറിവില്‍ കളിക്കളത്തില്‍ നിന്ന് തന്നെ നടത്തിയ പിന്‍നടത്തം. 

ലാവര്‍ കപ്പില്‍, കരിയറിലെ അവസാന മല്‍സരത്തില്‍ ഫെഡറര്‍ക്കൊപ്പം ഒരേ ചേരിയില്‍ ഷോട്ടുതിര്‍ത്തയാള്‍.. സാക്ഷാല്‍ റാഫേല്‍ നദാല്‍. കളിക്കളത്തില്‍ അവര്‍ കൊമ്പുകോര്‍ത്തപ്പോഴെല്ലാം ലോകം ആരാധനയോടെ ചേരിതിരിഞ്ഞ് ത്രസിച്ചിരുന്നു.  നദാലിനൊപ്പമൊരു ഡബിള്‍സ്.... അതോടെ പൂര്‍ണവിരാമം.  അതുമൊരു സന്ദേശമാണ്.  എല്ലാ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കലഹങ്ങളും ചേരിതിരിവുകളും വ്യര്‍ഥമാണെന്നും ഉള്ളില്‍ സൂക്ഷിക്കുന്ന ഊഷ്മളമായ സൗഹൃദം ഒളിമങ്ങാതെ നിലനില്‍ക്കുമെന്നും.  

ടെന്നീസില്‍നിന്നും മാറിനില്‍ക്കുന്നുവെന്നേയുള്ളൂ, ഫെഡറര്‍ ടെന്നീസ് കോര്‍ട്ട് വിടുന്നൊന്നുമില്ല.  ഒരു ദേശാടനം കഴിഞ്ഞെന്നേയുള്ളൂ.  ഇനി എങ്ങോട്ടും ഇല്ലെന്നില്ല. കാലവും ഫെഡററും തമ്മിലുള്ള പോരാട്ടത്തില്‍ ഇങ്ങനെ ഒരു ഒത്തുതീര്‍പ്പു അനിവാര്യമായിരുന്നു എന്നു കരുതുക.  ടെന്നീസ് കോര്‍ട്ടുകള്‍ പുതുകുതിപ്പുകളെ ഗര്‍ഭം ധരിക്കട്ടെ.  അതുകൊണ്ടു ഫെഡററുടെ അപേക്ഷ നമുക്ക് അനുവദിക്കാം. അതായത് എല്ലാവരുംകൂടി ചേര്‍ന്ന് ഈ വിടവാങ്ങല്‍ അന്തിമോപചാരം ആക്കരുതെന്ന്. പകരം ഒരു ആഘോഷപാര്‍ട്ടിക്കുള്ള അവസരമായി കാണണമെന്ന്. ഫെഡറര്‍ കോര്‍ട്ടില്‍ ഇറങ്ങുമ്പോഴുളള വേവലാതി മറന്ന് ഇനി നമുക്ക് കളി കാണാം.  അല്ലെങ്കില്‍ത്തന്നെ കൂടെയിരുന്ന് കളികാണാന്‍ ഇതിഹാസം തന്നെയുള്ളപ്പോള്‍ ആഘോഷിക്കുകയല്ലേ വേണ്ടത്? 

MORE IN SPORTS
SHOW MORE