‘ഒന്നോ രണ്ടോ താരങ്ങൾ മാത്രം വിചാരിച്ചാൽ ലോകകപ്പ് കിട്ടില്ല’; തുറന്നടിച്ച് ഗാംഗുലി

ganguly
SHARE

ഒന്നോ രണ്ടോ കളിക്കാരെ വച്ച് ട്വന്റി20 ലോകകപ്പ് നേടാനാകില്ലെന്നു തുറന്നടിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ഓക്ടോബർ 16 മുതൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കെയാണ് ഗാംഗുലിയുടെ ഓർമപ്പെടുത്തലുണ്ടായിരിക്കുന്നത്. ടീമിലെ ഓരോ താരവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി പൊരുതിയാൽ മാത്രമേ കിരീടം നേടാനാകൂ എന്നും അദ്ദേഹം ഗാംഗുലി ചൂണ്ടിക്കാട്ടി.

സമീപകാലത്ത് ഇന്ത്യ കളിച്ച ടൂർണമെന്റുകളിലെ താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡുമായും ക്യാപ്റ്റൻ രോഹിത് ശർമയുമായും ബിസിസിഐ ചർച്ച നടത്തിയതായും ഗാംഗുലി വെളിപ്പെടുത്തി. ‘കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിലും ഈ വർഷത്തെ ഏഷ്യാകപ്പിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം നടത്തിയില്ല എന്നത് ശരിയാണ്. ഈ രണ്ടു ടൂർണമെന്റുകളിലും ടീമിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതിനെക്കുറിച്ച് പരിശീലകനുമായും ക്യാപ്റ്റനുമായും സംസാരിച്ചിരുന്നു. ഇത്തവണ ടീം കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ’ എന്ന് ഗാംഗുലി പറഞ്ഞു.

‘ടീമിന്റെ പ്രകടനത്തിന്റെ കാര്യത്തിൽ രാഹുൽ ദ്രാവിഡും രോഹിത് ശർമയും പ്രത്യേകം ശ്രദ്ധ വയ്ക്കുമെന്ന് എനിക്കുറപ്പുണ്ട്. വെള്ളിയാഴ്ച നാഗ്പുരിൽ നടക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരം കാണാൻ ഞാനുമുണ്ടാകും. അവിടെ ഇന്ത്യ ജയിക്കുമെന്ന് കരുതുന്നു. ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി കളിച്ചാൽ മാത്രമേ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കു വകയുള്ളൂ. ലോകകപ്പിനു മുന്നോടിയായി രണ്ട് രണ്ടരയാഴ്ചകൾക്കു മുൻപേ ഇന്ത്യൻ ടീം ഓസ്ട്രേലിയയിലെത്തും. അവിടെവച്ച് അവസാന വട്ട പരിശീലനം നടത്തി പരസ്പരം ടീമുകളായി തിരിഞ്ഞ് കളിക്കും. ഒന്നുരണ്ട് സന്നാഹ മത്സരങ്ങളും കളിക്കുന്നുണ്ട്’ എന്നും അദ്ദേഹം വിശദീകരിച്ചു.

‘ലോകകപ്പിൽ ടീമിന്റെ പ്രകടനം മെച്ചപ്പെടണമെങ്കിൽ ഓരോരുത്തരും മികച്ച പ്രകടനം ഉറപ്പാക്കണം. കോലി, രോഹിത്, രാഹുൽ, പാണ്ഡ്യ, സൂര്യകുമാർ തുടങ്ങിയവർക്കൊപ്പം ബോളിങ് വിഭാഗവും അവരുടേതായ സംഭാവന ഉറപ്പാക്കണം. ഒന്നോ രണ്ടോ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചതു കൊണ്ടു മാത്രം നമുക്ക് ലോകകപ്പ് നേടാനാകില്ല. ഓരോ കളിക്കാരനും മികച്ച പ്രകടനം കാഴ്ചവയ്ക്കണം. വിജയവും തോൽവിയും കളിയുടെ ഭാഗമാണ്. അടുത്തിടെ ഇന്ത്യ ഏതാനും മത്സരങ്ങൾ തോറ്റു എന്നത് വാസ്തവമാണ്. പക്ഷേ, രാജ്യാന്തര ട്വന്റി20യിൽ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെ വിജയശതമാനം ഏതാണ്ട് 82 ശതമാനമാണ്. ക്യാപ്റ്റനെന്ന നിലയിൽ രോഹിത് വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ തോറ്റിട്ടുള്ളൂ’ എന്ന കാര്യവും ഗാംഗുലി ചൂണ്ടിക്കാട്ടി.

കൃത്യം ഒരു മാസത്തിന് അപ്പുറം ഒക്ടോബർ 23ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം. ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായി ഇന്ത്യ കഴിഞ്ഞ ലോകകപ്പിൽ പാക്കിസ്ഥാനോടു തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പാക്കിസ്ഥാനുമായുള്ള മുഖാമുഖത്തിൽ ഇന്ത്യയ്ക്ക് പതിവിലേറെ സമ്മർദ്ദമുണ്ട്. ഇക്കഴിഞ്ഞ ഏഷ്യാകപ്പിലും ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചെങ്കിലും, സൂപ്പർ ഫോർ ഘട്ടത്തിൽ പാക്കിസ്ഥാനോടു തോറ്റത് ഇന്ത്യ പുറത്താകാൻ കാരണമായിരുന്നു.

MORE IN SPORTS
SHOW MORE