തീക്കാറ്റായി സൂര്യകുമാർ: റാങ്കിങ്ങിൽ 2–ാം സ്ഥാനം; ബാബറിനെ കടത്തിവെട്ടുമോ?

babar-suriya
SHARE

വെസ്റ്റിൻഡീസ് പരമ്പരയിലെ മൂന്നാം ട്വന്റി20യിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ഇന്ത്യൻ ബാറ്റർ സുര്യകുമാർ യാദവ് ഐസിസി ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ 2–ാം സ്ഥാനത്ത് എത്തി. സൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനമാണിത്. ഒന്നാം സ്ഥാനത്തുള്ള ബാബർ അസമിന്  818 റേറ്റിംഗ് പോയന്‍റും രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവിന്‌ 816 റേറ്റിംഗ് പോയിന്റുമാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമുമായി 2 പോയിന്റ് വ്യത്യാസം മാത്രം. 

ഇംഗ്ലണ്ട് പരമ്പരയിൽ 8 വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ടബരേസ് ഷംസി ബോളർമാരുടെ റാങ്കിങ്ങിൽ 2–ാം സ്ഥാനത്തെത്തുകയും ചെയ്തു. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്കും കെ എല്‍ രാഹുലിനും ശേഷം ടി20 റാങ്കിംഗില്‍ 800 റേറ്റിംഗ് പോയന്‍റ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റർ കൂടിയാണ് സൂര്യകുമാര്‍. 

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഗംഭീര പ്രകടനമാണ് സൂര്യകുമാർ കാഴ്ചവെച്ചത്. 44 പന്തിൽ 76 റൺസ്, 8 ഫോർ, 4 സിക്സ്! ബൗണ്ടറികളെല്ലാം തനി സ്കൈ സ്റ്റൈലിൽ ക്രീസിൽ വട്ടം ചുറ്റിയുള്ള 360 ഡിഗ്രി സ്ട്രോക്കുകളിൽ തന്നെ!  7 വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലെത്തുകയും ചെയ്തു. ഇതേ പ്രകടനം തുടരുകയാണെങ്കിൽ സൂര്യകുമാര്‍ ട്വന്റി20  റാങ്കിങ്ങില്‍ ബാബറിന്റെ സിംഹാസനം തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്ക് എത്തുന്ന കാലം വിദൂരമല്ല. 

MORE IN SPORTS
SHOW MORE