
സൗഹൃദഫുട്ബോള്‍ മല്‍സരത്തില്‍ ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടനായി പെനല്‍റ്റി എടുക്കാനെത്തിയത് ഗ്യാലറിയില്‍ മല്‍സരം കണ്ടിരുന്ന ആരാധകന്. യുക്രെയ്ന് ക്ലബ് ഡൈനാമോ കീവിനെതിരായ മല്‍സരത്തിനിടെയാണ് പെനല്‍റ്റിയെടുക്കാന്‍ പരിശീലകന് ഫ്രാങ്ക് ലംപാര്‍ഡ് ആരാധകന് അവസരം നല്‍കിയത് എവര്ട്ടന് ആരാധകനായ പോള്‍ സ്ട്രാറ്റന് ഗൂഡിസന്‍ പാര്‍ക്കില്‍ സ്വപ്നസാക്ഷാല്‍ക്കാരം. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടീം ബാഡ്ജ് ചുംബിച്ച് ഗോള്‍നേട്ടം ആഘോഷിച്ചു പോള്‍.
ഗ്യാലറിയിലിരുന്ന പോളിനെ പെനല്റ്റിയടിക്കാന് തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്. യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ പോള്‍ യുക്രെയ്ന് അതിര്‍ത്തിയിലേയ്ക്ക് യാത്രതിരിച്ചു. പലായനം ചെയ്യുന്ന യുക്രെയ്ന്‍കാരെ സഹായിക്കാനായിരുന്നു പോക്ക്. മുന്‍ പൊലീസുദ്യോഗസ്ഥനായ പോള്‍, പോളണ്ട് അതിര്‍ത്തിയില്‍ നാലുദിവസം തങ്ങി അഭയാര്‍ഥികള്‍ക്ക് വേണ്ട സഹായങ്ങള്‍ െചയ്തു. യുക്രെയ്ന് താരം വിറ്റാലി മൈക്കോലെങ്കോയാണ് സമാധാനത്തിനായുള്ള മല്‍സരത്തില്‍ എവര്‍ട്ടനെ നയിച്ചത്. മല്‍സരത്തില്‍ എവര്ട്ടന് 3–0ന് ഡൈനാമോ കീവിനെ തോല്പിച്ചു.