കോമൺവെൽത്തിൽ ഇന്ത്യയ്ക്കായി ഇറങ്ങാൻ ഡേവിഡ് ബെക്കാമും റൊണാൾഡോയും!

ronaldo-cyclist
SHARE

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ഡേവിഡ് ബെക്കാമും റൊണാള്‍‍ഡോയും ഇറങ്ങും. അതിശയിക്കേണ്ട, ലോകപ്രശസ്ത ഫുട്ബോള്‍ താരങ്ങളുടെ പേരുള്ള ഇവര്‍  സൈക്ലിങ്ങിലാണ് മല്‍സരിക്കുന്നത്. ഫുട്ബോള്‍ താരത്തിന്റെ പേരുകാരനെങ്കിലും റൊണാള്‍ഡോ സിങ്ങിന് ഫുട്ബോള്‍ ഇഷ്ടമല്ല. മണിപ്പൂരില്‍ നിന്നുള്ള റൊണാള്‍ഡോ സിങ് ഹൈ ഡൈവിങ്ങിലും ജിംനാസ്റ്റിക്സിലും  ഒന്നുപയറ്റിയശേഷമാണ് സൈക്ലിങ്ങിലേക്ക് തിരിഞ്ഞത്. പതിനാലാം വയസില്‍ സൈക്ലിങ്ങ് തുടങ്ങിയ താരം 2016ല്‍ സായ് കേന്ദ്രത്തിലൂടെ കൂടുതല്‍ മികവ് നേടി. 2018ല്‍ ഇന്ത്യന്‍ ടീം അംഗമായ റൊണാള്‍ഡോ ഏഷ്യന്‌ ട്രാക്ക് സൈക്ലിങ്ങില്‍ ടീം ഇനത്തില്‍ വെങ്കലവും പുരുഷവിഭാഗം 200മീറ്റര്‍ സ്പ്രിന്റില്‍ വെള്ളിയും നേടി. സ്പ്രിന്റ് പത്ത് സെക്കന്‍ഡില്‍ താഴെ ഫിനീഷ് ചെയ്യുന്ന ആദ്യ ഇന്ത്യാക്കാരനാണ് റൊണാള്‍ഡോ. 2002  ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍–ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ഫൈനല്‍ നടക്കുമ്പോഴായിരുന്നു റൊണാള്‍ഡോയുടെ ജനനം. 

അന്ന് ഗോളടിച്ച റൊണാള്‍ഡീഞ്ഞോയോയുള്ള ഇഷ്ടംകാരണമാണ് പിതാവ് മകന് റൊണാള്‍ഡോ എന്ന് പേരിട്ടത്. റൊണാള്‍ഡോയ്ക്ക് പേരില്‍ മാത്രം ഫുട്ബോള്‍ പ്രേമം ഒതുങ്ങിയപ്പോള്‍ ഡേവിഡ് ബെക്കാം ഫുട്ബോളില്‍ നിന്നാണ് സൈക്ലിങ്ങില്‍ എത്തിയത്. ആന്‍ഡമാന്‍ സ്വദേശിയായ ഡേവിഡ് ബെക്കാം സ്കൂള്‍തലത്തില്‍ സുബ്രതോ കപ്പില്‍ കളിച്ചിട്ടുണ്ട്. പിന്നീട് സൈക്ലിങ്ങിലേക്ക് തിരിഞ്ഞു. ആന്‍ഡമാനില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ ഡല്‍ഹിയിലാണ് ഡേവിഡ് ബെക്കാമിന്റെ പരിശീലനം. 2020ലെ യൂത്ത് ഗെയിംസില്‍ 200മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഡേവിഡ് ബെക്കാം രാജ്യാന്തരതലത്തിലെ ശ്രദ്ധാകേന്ദ്രമാകുന്നത്, ഇംഗ്ലണ്ട് ഫുട്ബോള്‍താരം ഡേവി‍ഡ് ബെക്കാമിനോടുള്ള ആരാധനമൂത്താണ് അതേ പേരുതന്നെ കുടുംബം ഇട്ടത്. ഡേവിഡ് ബെക്കാമിന്റെ നാട്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരത്തെ നേരില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ ഡേവിഡ് ബെക്കാം. 

MORE IN SPORTS
SHOW MORE