റൊണാള്‍ഡോ മാഞ്ചസ്റ്ററിൽ തുടരുന്നതിൽ അനിശ്ചിതത്വം; ടീം വിടില്ലെന്ന് പരിശീലകൻ

ronaldo
SHARE

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്ററിലെത്തി. ഏജന്‍റിനൊപ്പം എത്തിയ റൊണാള്‍ഡോ യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗുമായി ചര്‍ച്ച നടത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീസീസണ്‍  പര്യടനങ്ങളില്‍ നിന്നു വിട്ടുനിന്ന ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയത്. പോര്‍ച്ചുഗലിലെ വീട്ടില്‍ കുടുംബത്തിനൊപ്പം സമയം ചെലവിടുകയായിരുന്ന റൊണാള്‍ഡോ തായ്‌ലന്‍ഡിലും ഓസ്ട്രേലിയയിലും നടന്ന പ്രീസീസണ്‍ പര്യടനങ്ങളില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല.

വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുന്നു എന്നായിരുന്നും ക്ലബും റൊണാള്‍ഡോയും നല്‍കിയ വിശദീകരണം.

പ്രീമീയര്‍ ലീഗിലെ മല്‍സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ തിരിച്ചെത്തുന്നത്. ക്രിസ്റ്റ്യാനോയും ഏജന്‍റ് ജോര്‍ജി മെന്‍ഡിസും കാറില്‍ യുണൈറ്റഡിന്റെ പരിശീലന ഗ്രൗണ്ടില്‍ എത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റൊണാള്‍ഡോ ടീമില്‍ തുടരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ആയിട്ടില്ല. പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ നിരാശനാണ് റൊണാള്‍ഡോ. യുണൈറ്റഡില്‍ തുടര്‍ന്നാല്‍ യൂറോപ്പിലെ മുന്‍നിര ടീമുകള്‍ക്കൊപ്പം ചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ കഴിയില്ല എന്നതാണ് മറ്റൊരു ടീമിലേക്ക് മാറാന്‍ റൊണാള്‍ഡോയെ പ്രേരിപ്പിക്കുന്നത്. കരിയറിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖ ടീമുകളൊന്നും ഇതുവരെ പരസ്യമായി മുന്നോട്ടുവന്നിട്ടില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാനിരിക്കെ റൊണാള്‍ഡോയുടെ കാര്യത്തില്‍ തീരുമാനമാകാത്തതില്‍ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗും അസ്വസ്ഥനാണ്. റൊണാള്‍ഡോ ടീം വിട്ടാല്‍ മുന്നേറ്റനിരയില്‍ കരുത്തുറ്റ മറ്റൊരു താരത്തെ കണ്ടെത്തണം. അഭ്യൂഹങ്ങളും ചര്‍ച്ചകളും തുടരുമ്പോഴും റൊണാള്‍ഡോ യുണൈറ്റഡിനൊപ്പം ഉണ്ടാകുമെന്ന് ആവര്‍ത്തിക്കുകയാണ് പരിശീലകന്‍. 

MORE IN SPORTS
SHOW MORE