'സഞ്ജുവിന്റെ ബാറ്റിങ് അഴകുള്ളൊരു കാഴ്ച: സ്ഥിരമായി അവസരം കൊടുക്കൂ; പിന്തുണച്ച് പാക്ക് താരം

sanju-samson-first-odi-fifty
SHARE

രാജ്യാന്തര ട്വന്റി20യിൽ നീണ്ട കാത്തിരിപ്പിനുശേഷം കന്നി അർധസെഞ്ചറി കുറിച്ച് ഒരു മാസം പിന്നിടും മുൻപേ, മറ്റൊരു രാജ്യത്തുവച്ച് ഏകദിനത്തിലെ കന്നി അർധസെഞ്ചറി... രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യവാൻമാരിലൊളായ താരമെന്ന ലേബലിൽനിന്ന് പതുക്കെ പുറത്തേക്കു വരികയാണ് മലയാളി താരം സഞ്ജു സാംസൺ. ജൂണിൽ അയർലൻഡിനെതിരെ അവരുടെ നാട്ടിൽ കന്നി ട്വന്റി20 അർധസെഞ്ചറി കുറിച്ച സഞ്ജു, ഒരു മാസത്തിനിപ്പുറം വെസ്റ്റിൻ‍ഡീസിനെതിരെ അവരുടെ മണ്ണിലാണ് കന്നി ഏകദിന അർധസെഞ്ചറി കുറിച്ചത്. രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയം നേടിയെന്ന പ്രത്യേകതയുമുണ്ട്.

ഇപ്പോഴിതാ സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാക്കിസ്ഥാന്റെ മുൻ താരം ഡാനിഷ് കനേരിയ. ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരമായി അവസരം നൽകിയാൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം കാണാമെന്നാണ് കനേരിയ പറയുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ അവസരങ്ങൾ നൽകിയിട്ടും സഞ്ജുവിന് അതു മുതലാക്കാനാകുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കനേരിയ യുവതാരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

‘‘സഞ്ജു വളരെ മികച്ച കളിക്കാരനാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ, അദ്ദേഹം ഇപ്പോഴും ടീമിന് അകത്തും പുറത്തുമായി മാറിമാറി നിൽക്കേണ്ട സാഹചര്യമാണ്. സഞ്ജുവിന് സ്ഥിരമായി അവസരം നൽകിയാൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല’’ – കനേരിയ പറഞ്ഞു.

‘‘സഞ്ജു ബാറ്റു ചെയ്യുന്നതുതന്നെ അഴകുള്ളൊരു കാഴ്ചയാണ്. സുദീർഘമായ ഇന്നിങ്സുകൾ കളിക്കാനുള്ള മികവ് സഞ്ജുവിനുണ്ട്. വിൻഡീസിനെതിരായ മത്സരത്തിൽ നല്ലൊരു ഇന്നിങ്സ് കളിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് സഞ്ജു എത്തിയതെന്നത് വ്യക്തമായിരുന്നു’ – കനേരിയ ചൂണ്ടിക്കാട്ടി.വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ സഞ്ജുവിന്റെ അർധസെഞ്ചറി പ്രകടനത്തിനു പിന്നാലെയാണ് കനേരിയയുടെ പരാമർശം. 

സഞ്ജുവിന്റെ റണ്ണൗട്ട് നിർഭാഗ്യകരമായിപ്പോയെന്നും കനേരിയ അഭിപ്രായപ്പെട്ടു. ‘‘രാജ്യാന്തര ഏകദിനത്തിൽ തന്റെ കന്നി അർധസെഞ്ചറി നേടാൻ സഞ്ജുവിനായി എന്നത് ചെറിയ കാര്യമല്ല. മികച്ച രീതിയിൽ കളിക്കുമ്പോഴാണ് അദ്ദേഹം നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായത്. സഞ്ജു തികച്ചും നിർഭാഗ്യവാനായിരുന്നുവെന്നു തന്നെ പറയണം. ദീപക് ഹൂഡയാണ് ആ  റണ്ണിനായി സഞ്ജുവിനെ വിളിച്ചത്. സഞ്ജു പ്രതികരിക്കുകയും ചെയ്തു. അതുവരെ ഏറ്റവും മികവോടെയാണ് സഞ്ജു ക്രീസിൽ നിന്നത്’ – കനേരിയ പറഞ്ഞു.

വിൻഡീസിനെതിരായ മത്സരത്തിൽ 51 പന്തുകൾ നേരിട്ട് സഞ്ജു നേടിയ 54 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. നാലാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം 99 റൺസ് കൂട്ടുകെട്ട് തീർക്കാനും സഞ്ജുവിനായി.

MORE IN SPORTS
SHOW MORE