'സഞ്ജു ഉടൻ വിരമിക്കണം, ഇത് നീതികേട്‌': തരംഗമായി ജസ്റ്റിസ് ഫോർ സഞ്ജു സാംസൺ

Sanju-samson-twitter
SHARE

അയര്‍ലന്‍ഡിനെതിരെ നടന്ന ട്വന്റി 20 മത്സരത്തിലെ ഉജ്ജ്വല പ്രകടനം സഞ്ജു സാംസണെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ ഇടം നേടിക്കൊടുത്തിരിക്കുകയാണ്. എന്നാൽ വിരാട് കോലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ തിരിച്ചെത്തുന്നതിനാൽ രണ്ടും മൂന്നും മത്സരങ്ങളിൽ സഞ്ജുവിന് ഇടമില്ല. കോലിയെ കൂടാതെ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജ‍ഡേജ എന്നിവരാണ് ആദ്യ ട്വന്റി20 ടീമിൽ ഇല്ലാത്തത്.

ആദ്യത്തെ ഒരു മത്സരത്തിന് മാത്രമാണ് സഞ്ജുവിനെ ടീമിലെടുത്തത്. ഇതിന് അതിരൂക്ഷ വിമർശനമാണ് സെലക്‌ടർമാരും ബിസിസിഐയും സാമൂഹിക മാധ്യമങ്ങളിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. ബിസിസിഐ സഞ്ജുവിനോട് കാണിക്കുന്നത് ക്രൂരതയാണെന്നും നീതികേടാണെന്നുമാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന് നീതിവേണം എന്ന ഹാഷ്‌ടാഗ്‌ ട്വിറ്ററിൽ ട്രെൻഡിങായി മാറുകയും ചെയ്തു.

ട്വിറ്ററിൽ വന്ന ചില പ്രതികരണങ്ങൾ ഇങ്ങനെ;

സഞ്ജു സാംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണം. അല്ലെങ്കിൽ ഓസ്‌ട്രേലിയക്കോ ഇംഗ്ലണ്ടിനോ വേണ്ടി കളിക്കണം. ഇതിനേക്കാൾ നല്ലത് അതാണ്. ജേക്കബ് മാർട്ടിൻ, ടിനു യോഹന്നാൻ, ഷെൽഡൻ ജാക്‌സൺ, റോബിൻ ഉത്തപ്പ, ഇപ്പോൾ സഞ്ജു സാംസൺ. യാദൃശ്ചികമാണോ? ദക്ഷിണേന്ത്യക്കാരനാകുക എന്നതല്ല ആശങ്ക, അതിലും വലിയ കാര്യമുണ്ട്. ഇന്ത്യൻ ടീമുകൾ എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നുവെങ്കിൽ, ബിസിസിഐ അത് പരിശോധിക്കേണ്ടതുണ്ട്.

പന്തിനു ധാരാളം അവസരങ്ങൾ നൽകുന്നു. ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നു. സഞ്ജു സാംസണെപ്പോലുള്ള അർഹതയുള്ള കളിക്കാർക്കുള്ള അവസരങ്ങൾ നൽകുന്നുമില്ല. എന്ത് നീതിയാണിത്? പന്തിനു നൽകിയ അവസരങ്ങളിൽ പകുതിയെങ്കിലും സഞ്ജുവിന് നൽകിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. എന്നിങ്ങനെ അതി രൂക്ഷമായ പ്രതികരണങ്ങളാണ് ട്വിറ്ററിൽ വന്നുകൊണ്ടിരിക്കുന്നത്. 

സഞ്ജു സാംസൺ കുറച്ചുകാലമായി ഇന്ത്യൻ ടീമിന് അകത്തും പുറത്തുമാണ്. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിൽ അദ്ദേഹം ഉണ്ടായിരുന്നില്ല, എന്നാൽ ശ്രീലങ്കയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരായ ഹോം പരമ്പരകളിൽ സഞ്ജു തിരികെ ടീമിലെത്തി. എന്നാൽ  ഐപിഎല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ നിന്ന് ഒഴിവാക്കി.

പിന്നീട് അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 ഐ പരമ്പരയിലേക്ക് സഞ്ജുവിനെ തിരികെ വിളിച്ചു. കളിക്കാൻ അവസരം കിട്ടിയത് ഒരു മത്സരത്തിൽ മാത്രം. 77 റൺസ് നേടിയ സഞ്ജു ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.

സഞ്ജുവിനെ കൂടാതെ ഋതുരാജ് ഗെയ്ക്‌വാദ്, രാഹുൽ ത്രിപാഠി, വെങ്കടേഷ് അയ്യർ, അർഷ്ദീപ് സിങ് എന്നിവരാണ് ആദ്യ ട്വന്റി20 മത്സരത്തിനുള്ള ടീമിൽ മാത്രമുള്ളത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ സഞ്ജുവിന് അവസരമില്ലാത്തതിനാൽ ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പ് സ്‌ക്വാഡിൽ സഞ്ജു എത്താനുള്ള സാഹചര്യവും കുറഞ്ഞിരിക്കുകയാണ്. 

MORE IN SPORTS
SHOW MORE