ഫ്ലോറന്റീൻ പോഗ്ബയെ സ്വന്തമാക്കി എ.ടി.കെ

florentin-pogba
SHARE

ഫ്രാന്‍സിന്‍റെ സൂപ്പര്‍താരം പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റീൻ പോഗ്ബ എ.ടി.കെ.യിൽ. രണ്ടു വർഷത്തേക്കാണ് ഈ പ്രതിരോധ നിര താരത്തെ കൊൽക്കത്ത ക്ലബ്ബ് സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് 2 വിൽ നിന്നാണ് ഫ്ലോറന്റീൻ വരുന്നത്.

കൊൽക്കത്തയുടെ പ്രതിരോധ കോട്ടയുടെ മധ്യഭാഗം കാക്കുന്ന സ്പാനിഷ് താരം ടിരിക്കേറ്റ പരുക്കാണ് ഫ്ലോറന്റീന് കൊൽക്കത്തയിലേക്കുള്ള വഴി തുറന്നത്. സെൻറർ ബാക്കായാ ഫ്ലോറന്റീൻ എതിരാളിയിൽ നിന്ന് പന്ത് കവർന്നെടുക്കാനും പ്രത്യാക്രമണത്തിനുള്ള നീളൻ പാസ് നൽകുന്നതിലും കേമനാണ്. ഇടയ്ക്ക് െലഫ്റ്റ് ബാക്കായും താരം കളിക്കും. 

ആറടി നാലിഞ്ചുകാരനായ ഫ്ലോറൻ്റീൻ ഫ്രഞ്ച് ലീഗ് 2 ക്ലബായ സോചോക്സിൽ നിന്നാണ് കൊൽക്കത്തയ്ക്ക് വരുന്നത്. 2023 ജൂലൈ വരെ കരാർ ഉണ്ടെങ്കിലും താരത്തിൻ്റെ കൈമാറ്റ വാർത്ത സോചോക്സ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 31കാരനായ ഫ്ലോറന്റീൻ സെൻ്റ് എറ്റിയൻ, അറ്റ്ലാൻറയുണൈറ്റഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

200 ലേറെ ക്ലബ്ബ് മൽസരങ്ങൾ കളിച്ച ഫ്ലോറന്റീൻ പത്തു ഗോളുകളും നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയക്ക് വേണ്ടി കളിക്കുന്ന ഫ്ലോറന്റീൻ 30 മത്സരങ്ങളിൽ ബൂട്ടുകെട്ടി. ഇന്ത്യൻ ഫുട്ബോൾ ലീഗിൽ ഫ്ലോറൻ്റീൻ എത്തുന്നതോടെ കൊൽക്കത്ത ക്ലബ്ബിന് മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിന് തന്നെ പ്രതിരോധ ഭിത്തി ഒരുക്കുന്നതിന്റെ തന്ത്രങ്ങൾ സ്വായത്തമാക്കാനാകും.

MORE IN SPORTS
SHOW MORE