റൊണാൾഡോയും പോഗ്ബയും ബുട്ടുകെട്ടുക ആർക്ക് വേണ്ടി?; ഫുട്ബോളിൽ ട്രാൻസ്ഫർ കാലം

pogbe-ronaldo
SHARE

ഫുട്ബോള്‍ ലോകത്ത് ഇപ്പോള്‍ ട്രാന്‍സ്ഫര്‍ കാലമാണ്.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോള്‍ പോഗ്ബയും അടക്കമുള്ള പ്രമുഖ താരങ്ങള്‍ ആര്‍ക്കുവേണ്ടി ബൂട്ടുകെട്ടുമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍.

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ടെങ്കിലും റൊണാള്‍ഡോ ഓള്‍‍ഡ് ട്രഫോഡില്‍ തുടരുമോ എന്നകാര്യം ഉറപ്പില്ല. ഇറ്റലിയിലേക്കോ ജര്‍മനിയിലേക്കോ റൊണാള്‍ഡോ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയന്‍ ക്ലബായ യുവന്‍റസിലേക്ക് മടങ്ങാന്‍ റൊണാള്‍ഡോ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റൊണാള്‍ഡോയുടെ ഏജന്‍റ് യുവന്‍റസുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ജര്‍മന്‍ ചാംപ്യന്‍മാരായ ബയണ്‍ മ്യൂണിക്കും റൊണാള്‍ഡോയ്ക്കായി രംഗത്തുണ്ട്.  പോളിഷ് സ്ട്രൈക്കര്‍ റോബര്‍‍ട്ട് ലെവന്‍ഡോവ്സ്കിയുടെ സ്ഥാനത്തേക്കാണ് ബയണ്‍ റൊണാള്‍ഡോയെ ലക്ഷ്യമിടുന്നത്. ബ്രസീല്‍ താരം നെയ്മാറും ഇക്കുറി അലയന്‍സ് അരീനയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലബ് വിടാന്‍ താരത്തിന് പി.എസ്.ജി അനുമതി നല്‍കിയതായാണ് വിവരം. മെസിയുടെ വരവും എംബാപ്പെയുടെ കരാര്‍ നീട്ടിയതും നെയ്മാറെ ഒഴിവാക്കാന്‍ പി.എസ്.ജിയെ പ്രേരിപ്പിക്കുന്നു. 

മറ്റൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പോള്‍ പോഗ്ബയും തന്‍റെ മുന്‍ തട്ടകമായ യുവന്‍റസിലേക്ക് തിരിച്ചെത്തും. ടൂറിനിലെത്തിയ താരം ക്ലബുമായി മൂന്നുവര്‍ഷത്തെ കരാറിലെത്തിയതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  അതേ സമയം യുറഗ്വായ് താരം ലൂയിസ് സുവാരസിനെ വീണ്ടും ടീമിലെത്തിക്കാന്‍ ബാര്‍സിലോന ശ്രമം തുടങ്ങി. രണ്ടു വര്‍ഷം മുമ്പാണ് സുവാരസ് ബാര്‍സ വിട്ട് അത്‌ലറ്റികോ മഡ്രി‍ഡിലെത്തിയത്. ബയണില്‍ നിന്ന് റോബര്‍ട്ട് ലെവന്‍ഡോവ്സികിയെ എത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ബാര്‍സ സുവാരസിനായും ശ്രമം തുടങ്ങിയത്. ഓഗസ്റ്റ് വരെ കാത്തിരിക്കാന്‍ ബാര്‍സ സുവാരസിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ അത് പ്രായോഗികമല്ലെന്ന നിലപാടിലാണ് സുവാരസ്.

MORE IN SPORTS
SHOW MORE