സെഞ്ചുറിക്ക് പിന്നാലെ കണ്ണീരണിഞ്ഞ് സർഫ്രാസ് ഖാൻ; സിദ്ദു മൂസേവാലയ്ക്ക് സമർപ്പണം

sarfaraz-moosewala
SHARE

മുംബൈയും മധ്യപ്രദേശും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലിൽ പഞ്ചാബ് റാപ്പർ സിദ്ദു മൂസേവാലയ്ക്ക് ഹൃദയം നിറഞ്ഞ കൃതഞ്ജത അർപ്പിച്ച് മുംബൈ ബാറ്റർ സർഫ്രാസ് ഖാൻ. സെഞ്ചുറി നേട്ടത്തിന് ശേഷമാണ് അടുത്തിടെ കൊല്ലപ്പെട്ട സിദ്ദു മൂസേവാലയ്ക്ക് സർഫ്രാസ് ഖാൻ ആരാധക ഹൃദയങ്ങള്‍ കീഴടക്കി തന്റെ ആദരവ് നൽകിയത്. 

114–ാം ഓവറിൽ കുമാർ കാർത്തികേയയെ ബൗണ്ടറിയിടിച്ചാണു സർഫ്രാസ് സെഞ്ചറിയിലെത്തിയത്. സെഞ്ചറി കുറിച്ചതിനു പിന്നാലെ കണ്ണീരണിഞ്ഞ സർഫ്രാസ്, ബാറ്റും കൈകളും വായുവിൽ ആഞ്ഞുവീശിയാണ് ആഹ്ലാദപ്രകടനം നടത്തിയത്. പിന്നാലെ മൂസേവാലയുടെ സിഗ്‌നേച്ചർ ഡാൻസ് സ്റ്റെപ്പായ ‘തൈ ഫൈവും’ (വലതു കൈപ്പത്തി തുടയിൽ അടിച്ചതിനു ശേഷം 5 എന്ന വിരലുകളും ആകാശത്തേക്കുയർത്തുന്ന നൃത്തച്ചുവട്) അനുകരിച്ചു. മൂസേവാലയുടെ മരണാനന്തര ചടങ്ങുകൾക്കിടെ അദ്ദേഹത്തിന്റെ അച്ഛനും വികാരാധീനനായി തൈ ഫൈവ് നൽകിയാണു മകന് അന്ത്യാഞ്ജലി അർപിച്ചത്.

50.1 ഓവറിൽ മുംബൈ 147–3 എന്ന സ്കോറിലെത്തിയപ്പോഴാണു മത്സരത്തിന്റെ ആദ്യ ദിനം സർഫ്രാസ് ഖാൻ ബാറ്റിങ്ങിന് ഇറങ്ങിയത്.പൃഥ്വി ഷാ (47), യശസ്വി ജെയ്‌സ്വാൾ (78) എന്നിവർ ഒഴികെയുള്ള മുൻനിര ബാറ്റർമാർ എല്ലാം നിരാശപ്പെടുത്തിയെങ്കിലും മറുവശത്ത് ഉറച്ച മനസ്സോടെ ബാറ്റു വീശിയ സർഫ്രാസിന്റെ ഇന്നിങ്സാണു മത്സരത്തിൽ മുംബൈയ്ക്കു താങ്ങായത്.

പഞ്ചാബിലെ ഏറ്റവും പ്രശ്സ്ത ഗായകരിൽ ഒരാളായിരുന്ന മൂസേവാല 28–ാം വയസ്സിൽ മേയ് 29നാണ് സ്വന്തം ജില്ലിയായ മാൻസയിൽവച്ചു ദാരുണമായി വെടിയേറ്റു കൊല്ലപ്പെട്ടത്. മധ്യപ്രദേശിനെതിരെ സെഞ്ചറിക്കു ശേഷവും കരുതലോടെ കളിച്ച സർഫ്രാസ് 128–ാം ഓവറിൽ 10–ാം നമ്പർ ബാറ്ററായി പുറത്താകുമ്പോൾ മുംബൈ സ്കോർബോർഡിൽ 374 റൺസ് എത്തിയിരുന്നു. 243 പന്തിൽ 13 ഫോറും 2 സിക്സും അടക്കം 134 റൺസാണു സർഫ്രാസിന്റെ നേട്ടം. കിടിലൻ ഫോമിൽ ബാറ്റുവീശുന്ന സർഫ്രാസ് രഞ്ജി സീസണിലെ 4–ാം സെഞ്ചറിയാണു ഫൈനലിൽ കുറിച്ചത്. 

MORE IN SPORTS
SHOW MORE