ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ 'രാശി' നന്നാക്കാൻ ജ്യോതിഷ ഏജൻസി; ചെലവ് 16 ലക്ഷം രൂപ!

Indian-football-team
SHARE

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് വേണ്ടി ദേശീയ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്)  ജ്യോത്സനെ നിയമിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയുടെ അന്വേഷണത്തിലാണ്  ഇത്തരമൊരു ഇടപെടലിന്റെ വിവരങ്ങൾ പുറത്തുവന്നത്. ജ്യോതിഷ ഏജന്‍സി സ്ഥാപനവുമായി 16 ലക്ഷം രൂപയുടെ കരാറില്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്.

ദക്ഷിണ ഡൽഹിയിൽ പ്രവർത്തിക്കുന്ന അസ്ട്രോളജി സ്ഥാപനത്തിന് 16 ലക്ഷം രൂപയ്ക്കു 3 മാസത്തെ കരാറാണ് നൽകിയത്. ഇവർക്കു മുഴുവൻ പണവും കൈമാറി. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് കരാര്‍. 16 ലക്ഷം രൂപയാണ് ഏപ്രില്‍ 21ന് നല്‍കിയത്. കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കാനും വ്യവസ്ഥയുണ്ട്.

ഇന്ത്യൻ ടീമംഗങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ് ഇവരെ നിയമിച്ചതെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നീടാണ്  ഇവരുടേത് ജ്യോതിഷം കൈകാര്യം ചെയ്യുന്ന സ്ഥാപനമാണെന്നു കണ്ടെത്തിയത്. ഇന്ത്യൻ ഫുട്ബോൾ ടീം അംഗങ്ങളുമായി ഇവർ 3 തവണ കൂടിക്കാഴ്ച നടത്തിയെന്നാണു വിവരം. ഒരു തവണ ബെല്ലാരിയില്‍ വെച്ചും രണ്ട് തവണ കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വെച്ചുമായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഈ വിഷയത്തിൽ പ്രതികരണത്തിനായിഎഐഎഫ്എഫ് ജനറല്‍ സെക്രട്ടറി സുനന്ദോ ദറിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ രൂക്ഷമായ രീതിയിലാണ് . എഐഎഫ്എഫിന്‍റെ തീരുമാനത്തെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും യോഗ്യതാ റൗണ്ടിലെ 3 കളികളും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ചാംപ്യൻമാരായി ഏഷ്യൻ കപ്പിനു യോഗ്യത നേടുകയും ചെയ്തു. 

MORE IN SPORTS
SHOW MORE