സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയ്ക്കു കാരണമെന്ത്? ടീമിൽ സ്ഥാനം ഉറപ്പിക്കുമോ?

sanju-samson
SHARE

ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണിനു വീണ്ടും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരിക്കുകയാണ്. അയർലൻഡിനെതിരെ ഈ മാസം അവസാനം നടക്കുന്ന 2 ട്വന്റി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ആണ്  സഞ്ജു ഇടം പിടിച്ചിരിക്കുന്നത്. 26, 28 തീയതികളിൽ ഡബ്ലിനിൽവച്ചാണ് ഇന്ത്യയും അയർലൻഡും തമ്മിലുള്ള മത്സരങ്ങൾ നടക്കുക. 

സ്ഥിരതയില്ലായ്മയാണ് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് പ്രതികൂലമായ ഘടകം.ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും രാജ്യാന്തരതലത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കുന്നതില്‍ സ​ഞ്ജു പരാജയമാണ്.ബാറ്റിങ് സ്ഥിരതയുടെ പേരിൽ ഏറെ വിമർശനം നേരിടുന്ന സഞ്ജുവിനു ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക് എന്നീ വിക്കറ്റ് കീപ്പർമാരെ മറികടന്ന് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഫോമിലല്ലെങ്കിലും ഋഷഭ് പന്തിനു കോച്ച് രാഹുൽ ദ്രാവിഡിന്റെ ഗ്രീൻ സിഗ്നൽ ലഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ സഞ്ജുവിനു താണ്ടാൻ കടമ്പകൾ ഏറെയാണിനി. ഇതിനിടെ, ഷോട്ട് സിലക്‌ഷൻ മെച്ചപ്പെടുത്താത്തതാണു സഞ്ജുവിനു തിരിച്ചടിയാകുന്നതെന്ന അഭിപ്രായ പ്രകടനവുമായി സുനിൽ ഗാവസ്കർ രംഗത്തെത്തി. 

‘എല്ലാവരും കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു. പക്ഷേ അതോടൊപ്പം ലഭിക്കുന്ന അവസരങ്ങൾ ഏറ്റവും നന്നായി മുതലാക്കാനും ശ്രദ്ധിക്കണം. സഞ്ജു എത്രമാത്രം പ്രതിഭാസമ്പന്നനാണ് എന്നു നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, ഇന്ത്യൻ ടീമിനായി കളിക്കുമ്പോഴുള്ള ഷോട്ട് തിരഞ്ഞെടുപ്പാണ് (സിലക്‌ഷൻ) സഞ്ജുവിനു തിരിച്ചടിയാകുന്നത്. ആദ്യ പന്തു മുതൽതന്നെ ആക്രമിച്ചു കളിക്കാനാണു സഞ്ജു ശ്രമിക്കുന്നത്. രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽപ്പോലും നിലയുറപ്പിക്കാനും വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കാനും ബോളർമാരെ പഠിക്കാനും സമയം ലഭിക്കും. 

അതുകൊണ്ട്, സഞ്ജു ഷോട്ട് സില‌ക്ഷൻ മെച്ചപ്പെടുത്തിയാൽ സ്ഥിരതയിലും വലിയ മുന്നേറ്റം കൈവരിക്കാനാകും. അത് ഇന്ത്യയ്ക്കായി കളിക്കുമ്പോഴാണെങ്കിലും ശരി, ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കുമ്പോഴാണെങ്കിലും ശരി. ഇതു സംഭവിച്ചാൽപ്പിന്നെ സഞ്ജുവിന്റെ ടീം സ്ഥാനം ആരും ചോദ്യം ചെയ്യുകയില്ല’–  ഗാവസ്കർ അഭിപ്രായപ്പെട്ടു. 

അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യതയില്ലെന്നു ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരിന്നു. 17 അംഗ ടീമിലുണ്ടെങ്കിലും സഞ്ജു സാംസണും രാഹുൽ ത്രിപാഠിക്കും കളിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ആകാശ് ചോപ്ര സ്വന്തം യുട്യൂബ് ചാനലിലാണ് പ്രതികരിച്ചത്. 

MORE IN SPORTS
SHOW MORE