'ക്യാച്ച്' എടുക്കാന്‍ അംപയർ; ഭാഗ്യം തുണച്ചെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ..!

srilanka-australia
SHARE

ശ്രീലങ്ക– ഓസീസ് ഏകദിന പരമ്പരയ്ക്കിടെയുണ്ടായ രസകരമായ ഒരു സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണിപ്പോള്‍. മത്സരത്തിനിടെ ഫീൽഡ് അംപയർ കുമാർ ധർമസേന നടത്തിയ 'ക്യാച്ച് ശ്രമം' ശ്രദ്ധേയമാകുകയാണ്. ലെഗ് അംപയറായി നിലയുറപ്പിച്ചിരുന്ന ധർമസേന, തനിക്കു നേരെ വന്ന ഒരു പന്താണു ക്യാച്ചെടുക്കാന്‍ തുടങ്ങിയത്. പന്ത് കയ്യിലേക്കെത്തും മുന്‍പ് തന്നെ അദ്ദേഹം പിന്നോട്ടു വലിഞ്ഞതും വിഡിയോയില്‍ കാണാം.

ഓസീസ് ഇന്നിങ്സിൽ അലെക്സ് കാരെ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഷോട്ട് ലെങ്ത് ബോൾ സ്ക്വയർ ലെഗിലേക്കാണ് കാരെ ഉയർത്തി അടിച്ചത്. കൃത്യം പാകത്തിനു തനിക്കു നേരെ വന്ന പന്തിൽ ഇരു കൈകളം വിടർത്തി ക്യാച്ചിനു ശ്രമിക്കുകയാണു ധർമസേന ആദ്യം ചെയ്തത്. പന്ത് കൈകളിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് അദ്ദേഹം പിന്നോട്ടു വലിഞ്ഞത്. പിന്നാലെ ‘ക്യാച്ച്, അംപയർ കുമാർ ധർമസേന കളിയുടെ ഭാഗമാകുകയാണെന്നു തോന്നിച്ചു കളഞ്ഞു. ഭാഗ്യത്തിന് അദ്ദേഹം അതു ചെയ്തില്ല’ എന്ന അടിക്കുറിപ്പോടെ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റും എത്തി.

ഞായറാഴ്ച നടന്ന ഏകദിന പരമ്പരയിലെ 3–ാം മത്സരത്തിൽ ഓസീസിനെതിരെ ഉജ്വല വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ‍‍ഓസീസ് ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം വെറും 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന ശ്രീലങ്ക, ഏകദിന ക്രിക്കറ്റിൽ ഓസീസിനെതിരെ അവരുടെ ഏറ്റവും ഉയർന്ന റൺചേസ് എന്ന നേട്ടവും മത്സരത്തിനിടെ സ്വന്തമാക്കിയിരുന്നു. 

ഓപ്പണർ പാതും നിസങ്കയുടെ കന്നി ഏകദിന സെഞ്ചുറിയാണ് ലങ്കൻ ജയം അനായാസമാക്കിയത്. 147 പന്തിൽ 137 റണ്‍സ്. ഇതോടെ 5 മത്സര പരമ്പരയിൽ മുന്നിലെത്താനും (2–1) ലങ്കയ്ക്കു കഴിഞ്ഞു. ഏകദിന പരമ്പരയിലെ 4–ാം മത്സരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.

MORE IN SPORTS
SHOW MORE