‘13–ാം വയസ്സിൽ തുടങ്ങിയതാണു മദ്യപാനം; പരിശീലന സെഷനുകളില്‍പ്പോലും മദ്യപിച്ചെത്തി’

savopolo
SHARE

സാവോ പോളോ∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് താരമായിരിക്കെ, പരിശീലന സെഷനുകളിൽ പലതവണ മദ്യപിച്ച് എത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ബ്രസീൽ പ്രതിരോധനിര താരം സിസിഞ്ഞോ. മദ്യത്തിന്റെ ഗന്ധം ഒഴിവാക്കാനായി കാപ്പി കുടിച്ചിരുന്നതായും പെർഫ്യൂം അമിതമായി ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

ബ്രസീലിയൻ‌ ക്ലബ് സാവോ പോളോയിൽനിന്നെത്തിയ സിസിഞ്ഞോ റയൽ മഡ്രിഡിനായി ഒരേയൊരു സീസൺ മാത്രമാണു കളിച്ചിട്ടുള്ളത്. പിറ്റേ വർഷം ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയിലേക്കു കൂടുമാറിയ സിസിഞ്ഞോ 5 വർഷക്കാലം അവിടെ തുടർന്നു. ഇപിടിവിക്കു നൽകിയ അഭിമുഖത്തിലാണ് റയൽ മഡ്രിഡിലെ നാളുകളെക്കുറിച്ച് അദ്ദേഹം മനസ്സു തുറന്നത്. 

‘റയൽ മഡ്രിഡിലായിരിക്കെ, പരിശീലന സെഷനുകളിൽ മദ്യപിച്ചതിനു ശേഷം പങ്കെടുത്തിരുന്നോ എന്ന് എന്നോടു ചോദിച്ചാൽ ഉണ്ട് എന്ന് ഉത്തരം നൽകേണ്ടതായിവരും. ശ്വാസത്തിൽ നിന്നു മദ്യത്തിന്റെ ഗന്ധം ഒഴിവാക്കുന്നതിനായി ഞാൻ കാപ്പി കുടിച്ചിരുന്നു. വസ്ത്രത്തിൽ പെർഫ്യൂമും അമിതമായി ഉപയോഗിച്ചു. അന്നു ഞാൻ ഒരു ഫുട്ബോൾ താരമായിരുന്നു എന്ന കാര്യം കൂടി കണക്കിലെടുക്കണം. എനിക്കു കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. മദ്യപിക്കുന്നതിന് എനിക്ക് പണം ആവശ്യമായിരുന്നില്ല. റയൽ മഡ്രിഡ് താരം ആയിരുന്നതിനാൽ റസ്റ്ററന്റുകളിൽനിന്ന് ആവശ്യമുള്ളതൊക്കെത്തന്നെ സൗജന്യമായി നൽകാൻ ആളുകൾ തയാറായിരുന്നു.

13 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി മദ്യം രുചിച്ചുനോക്കുന്നത്. പിന്നീടു മദ്യപാനം നിർത്തിയിട്ടേയില്ല. ഒഴിവുദിവസങ്ങളിൽ സുഹ‍ൃത്തുക്കൾക്കൊപ്പം പതിവായി ക്ലബുകളിലും മറ്റ് ഉല്ലാസ കേന്ദ്രങ്ങളിലും പോയിരുന്നു. ക്ലബിനു സമീപം ഒരു ബാർ ഉണ്ടായിരുന്നു. പ്രായപൂർത്തി ആകാത്തതിനാൽ എനിക്ക് അവിടെനിന്നു മദ്യം വാങ്ങാൻ കഴിഞ്ഞിരുന്നില്ല.

മറ്റുള്ളവരെക്കൊണ്ടു മദ്യം വാങ്ങിപ്പിച്ചതിനു ശേഷം കുടുംബാംഗങ്ങളുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെടാതെയാണു ഞാൻ മദ്യപിച്ചിരുന്നത്’– സിസിഞ്ഞോയുടെ വാക്കുകൾ. റോമയിൽവച്ചും അമിത മദ്യപാനം തുടർന്നതായും ഒടുവിൽ ഇത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടതായും അദ്ദേഹം പറയുന്നു.

MORE IN SPORTS
SHOW MORE