ദിനേശ് കാർത്തിക്കിനെ വെട്ടാന്‍ ഋഷഭ് പന്ത്; ഉറപ്പിക്കുമോ ലോകകപ്പ് ടിക്കറ്റ്? ടീമിൽ ആരൊക്കെ?

Dinesh-karthik (1)
SHARE

അങ്ങനെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര സമനിലയിൽ അവസാനിച്ചു. എടുത്ത് പറയേണ്ട ഒരു പ്രകടനം അല്ലെങ്കിൽ കയ്യടിക്കേണ്ട പ്രകടനം നടത്തിയ താരങ്ങളിൽ ഒരാൾ  ദിനേശ് കാർത്തികാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞപ്പോൾ ആറ് വിക്കറ്റിന് 169 എന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത് ‍ഡികെ എന്ന ദിനേശ് കാർത്തികാണ്. ഇന്ത്യൻ ടീമിൽ ഇടംകിട്ടാതെ വന്നപ്പോൾ ക്രിക്കറ്റ് മത്സരങ്ങൾക്കു ടിവി കമന്ററി പറയാൻ ഇറങ്ങിത്തിരിച്ച ദിനേശ് കാർത്തിക്കിൽ നിന്നും ഇന്ത്യയുടെ വെടിക്കെട്ട് താരം എന്ന ലേബലിലേക്കുള്ള കാർത്തിക്കിന്റെ യാത്ര ഏതൊരാൾക്കും ആത്‌മവിശ്വാസം നൽകുന്ന ഒരു യാത്ര തന്നെയാണ്. അവിശ്വസനീയം എന്ന് മാത്രമേ ഈ യാത്രയെ വിശേഷിപ്പിക്കുവാൻ സാധിക്കുകയുള്ളു. പ്രായം ഒന്നിനും പ്രശ്‌നമല്ലെന്നും ആഗ്രഹവും കഠിനാധ്വാനവുമാണ് വേണ്ടതെന്നും ഡികെയുടെ ജീവിതം തെളിയിക്കുന്നു. 

ഇക്കഴിഞ്ഞ ഐപിഎൽ സീസണിലെ തിളക്കമാർന്ന പ്രകടനത്തിലൂടെ, 3 വർഷത്തിനു ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ  ദിനേശ് കാർത്തിക് ടി20 പരമ്പരയിൽ ഗംഭീര ബാറ്റിങ് പ്രകടനമാണ്  കാഴ്ചവെച്ചത്. 2019 ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരായ തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായ കാർത്തിക്, 37–ാം വയസ്സിൽ കഠിനാധ്വാനത്തിലൂടെയാണ് വീണ്ടും ടീമിലെ സ്ഥാനം നേടിയെടുത്തതും ഇപ്പോൾ  മികച്ച പ്രകടനം നടത്തി ലോകകപ്പ് ടീമിലേക്കുള്ള അവകാശ വാദം ഉന്നയിച്ചിരിക്കുന്നതും. ഇനി നടക്കുവാൻ പോകുന്ന അയർലൻഡ് പര്യടനത്തിലും ഡികെ ടീമിലുണ്ട്. വിഡിയോ കാണാം.

ഇനി ലക്ഷ്യം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ആണ്. ആരായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് ഈ സ്ഥാനത്തേക്കു മത്സര രംഗത്തുള്ളത്. പന്തിന്റെ നിലവിലെ ഫോം അത്ര മികച്ചതല്ല. പക്ഷെ റിഷബിന് അവസരം കൊടുത്തപോലെ ഇന്ത്യ മറ്റൊരു താരത്തിനും അവസരം കൊടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. റിഷഭ് പന്ത് തുടര്‍ച്ചയായി ടി20യില്‍ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ ലോകകപ്പിന് വിക്കറ്റ് കീപ്പറായി കാര്‍ത്തികിനെ കൊണ്ടുപോകണമെന്നാണ് ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. അത് ആരാകുമെന്നു കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു. 

MORE IN SPORTS
SHOW MORE