ടീമിലെടുക്കാത്തപ്പോൾ കമന്റേറ്റര്‍; 37-ാം വയസ്സിൽ ആദ്യ ഫിഫ്റ്റി; ഡികെ ഒരു സംഭവമാണ്

Dinesh-Karthik
SHARE

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിൽ ഗംഭീര ബാറ്റിങ് പ്രകടനമാണ് ദിനേശ് കാർത്തിക് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. രാജ്കോട്ടിൽ നാലാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കു വിജയമൊരുക്കിയത് ഡികെ 27 പന്തിൽ നേടിയ 55 റൺസായിരുന്നു. രാജ്യാന്തര ട്വന്റി20യിൽ മുപ്പത്തിയേഴുകാരൻ ഡികെ നേടുന്ന ആദ്യ അർധസെഞ്ചറി കൂടിയാണിത്. ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന ഗംഭീര ബാറ്റിങ് പ്രകടനമാണ് കാര്‍ത്തിക് നടത്തിക്കൊണ്ടിരിക്കുന്നത്. 

ടീമിൽ ഇടംകിട്ടാതെ വന്നതോടെ മത്സരങ്ങൾക്കു ടിവി കമന്ററി പറയാൻ ഇറങ്ങിത്തിരിച്ച ശേഷമുള്ള കാർത്തിക്കിന്റെ മടങ്ങിവരവാണിത്. ഇക്കഴിഞ്ഞ ഐപിഎലിൽ, ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് നിരയിലെ തകർപ്പൻ പ്രകടനമാണ് ഡികെയ്ക്ക് ഇന്ത്യൻ ടീമിൽ ഇടം നൽകിയത്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് കാര്‍ത്തികിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സ്പിന്നര്‍ കേശവ് മഹാരാജ്. ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളിലൂടെ റൺസിനു ശ്രമിക്കുന്ന ‘ഡികെ’യ്ക്കെതിരെ പന്തെറിയുക അതീവ ദുഷ്കരമാണെന്നു കേശവ് മഹാരാജ് പറയുന്നു.

‘അസാധാരണ ഷോട്ടുകൾ, അപൂർവ ആംഗിളുകൾ... എങ്ങനെ ഫീൽഡ് ഒരുക്കണമെന്നറിയാതെ ക്യാപ്റ്റനും എങ്ങനെ പന്തെറിയണമെന്ന് അറിയാതെ ബോളർമാരും....’ ഇന്ത്യയുടെ സൂപ്പർ ഫിനിഷറായി പേരെടുത്തു കഴിഞ്ഞ ദിനേഷ് കാർത്തിക്കിനെക്കുറിച്ച് കേശവ് മഹാരാജ് പറഞ്ഞത് ഇങ്ങനെ. 

ഗ്രൗണ്ടിൽ വിവിധ സ്ഥലങ്ങളിൽ ഫീൽഡർമാരെ മാറ്റിമാറ്റി നിർത്തി അപൂർവ ഷോട്ടുകൾ പരിശീലിക്കുന്നതാണു ഡികെയുടെ രീതി. കളിയിലും അതേ ഷോട്ടുകളാണ് ഡികെ ആവർത്തിക്കുന്നത്. ഡികെയുടെ തിരിച്ചുവരവു പ്രചോദനാത്മകമാണെന്നു സഹതാരം ഹാർദിക് പാണ്ഡ്യ പറയുന്നു. ദിനേഷ് കാർത്തിക്കിന്റെ കളിയിൽനിന്ന് എല്ലാ ഇന്ത്യൻ താരങ്ങൾക്കും പഠിക്കാൻ ഏറെയുണ്ടെന്നും ഹാർദിക് പറഞ്ഞു.

MORE IN SPORTS
SHOW MORE