ട്വന്റി 20 ലോകകപ്പ്; രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനം ഉറപ്പിച്ച് ദിനേശ് കാർത്തിക്ക്

karthik
SHARE

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനം ദിനേശ് കാര്‍ത്തിക്ക് ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി 20യില്‍ കരിയറിലെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ചാണ് കാര്‍ത്തിക് സ്ഥാനം ഉറപ്പാക്കിയത്. ഋഷഭ് പന്തിനുപോലും വെല്ലുവിളിയാകുന്നതാണ് കാര്‍ത്തിക്കിന്റെ പ്രകടനം.  ധോണിയുടെ റെക്കോര്‍ഡ് മറികടന്ന കാര്‍ത്തിക് മികച്ച ഫിനീഷറാണ് എന്നത് ഒരിക്കല്‍ കൂടി വ്യക്തമാക്കി.

‘നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസം ഉണ്ടെങ്കില്‍ എല്ലാം ശരിയായ വഴിക്ക് വരും’. കാര്‍ത്തിക്കിന്റെ ഈ വാക്കുകളില്‍ ഉണ്ട് പോരാട്ടവീര്യവും പൊരുതാനുള്ള കരുത്തും. ഈ വിശ്വാസം കൊണ്ടുതന്നെയാണ് 2019നുശേഷം ഇന്ത്യന്‍ ടീമിലെത്തിയ കാര്‍ത്തിക്കിന് ഒരു അര്‍ധസെഞ്ചുറിയുള്‍പ്പെടെ നാലുമല്‍സരങ്ങളില്‍ നിന്ന് 92റണ്‍സ് നേടാനായത്. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ പരീക്ഷണത്തിലും തളരാതെ നിന്നതിലും ഈ പോരാട്ടവീര്യംകാണാാം. 

പതിവായി ആറമനായി ക്രീസിലെത്തുന്ന കാര്‍ത്തിക്കിനെ രണ്ടാംട്വന്റി 20യില്‍ ഏഴാംസ്ഥാനത്താണ് ഇറക്കിയത്. അതും ടീം  തകര്‍ന്നുനിന്നപ്പോള്‍ പരിചയസമ്പന്നനായ കാര്‍ത്തിക്കിന് പകരം അക്സര്‍ പട്ടേലിനെ ആറാമനാക്കി ഇറക്കിയത് സുനില്‍ ഗാവസ്കര്‍ ഉള്‍പ്പെടെയുള്ള മുന്‍കാലതാരങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആ കളിയില്‍ കാര്‍ത്തിക് പുറത്താകാതെ 30റണ്‍സ് നേടി. എന്തായാലും പിഴവ് മനസിലാക്കിയ പന്ത് പിന്നീട് അത് ആവര്‍ത്തിച്ചില്ല. മൂന്നാം ട്വന്റി 20യില്‍ ആറുറണ്‍സ് മാത്രമാണ് നേടിയത്. 

നാലാം ട്വന്റി 20യില്‍ 27പന്തില്‍ നിന്ന് 55റണ്‍സാണെടുത്തത്. 37ാം വയസില്‍ നേടിയ ഈ അര്‍ധസെഞ്ചുറി റെക്കോര്‍ഡുമായി. ധോണി 36ാം വയസില്‍ നേടിയ റെക്കോര്‍ഡാണ് കാര്‍ത്തിക് മറികടന്നത്. ഓസ്ട്രേലിയയിലേക്ക് ട്വന്റി 20 ലോകകപ്പിന് പോകുന്ന ഇന്ത്യന്‍ ടീമിലേക്കുള്ള രണ്ടാം വിക്കറ്റ് കീപ്പര്‍ ആരെന്നതില്‍ സിലക്ടര്‍മാര്‍ക്ക് സംശയമുണ്ടാവില്ല. സഞ്ജു സാംസണും ഇഷന്‍ കിഷനും ലോകകപ്പ് ടീമിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ നാളെ നടക്കുന്ന അഞ്ചാം ട്വന്റി 20യില്‍ ഋഷഭ് പന്തിന് മികച്ച സ്കോര്‍ കണ്ടെത്തേണ്ടിവരും. 

MORE IN SPORTS
SHOW MORE