മാലൻ പന്ത് അടിച്ചു പറത്തിയത് കാട്ടിലേക്ക്; തിരഞ്ഞു മടുത്ത് നെതർലൻഡ്സ് താരങ്ങൾ

ball-netherlands
SHARE

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസെന്ന നേട്ടവുമായി ലോകറെക്കോർഡ് പ്രകടനം ഇംഗ്ലണ്ട് കാഴ്ചവെച്ചത് കഴിഞ്ഞ ദിവസമാണ്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 498 റൺസാണ്. ലോകറെക്കോർഡ് സൃഷ്ടിച്ച വെടിക്കെട്ട് ബാറ്റിങ്ങിനിടെ ബൗണ്ടറികളായും സിക്സറുകളായും പറന്ന പന്തുകണ്ടെത്താൻ ‘കാട്ടിൽ തപ്പിനടന്ന്’ നെതർലൻഡ്സ് താരങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. നിരവധി ട്രോളുകളാണ് ഇതിനു പിന്നാലെ പുറത്ത് വന്നതും. 

മത്സരത്തിന്‍റെ ഒമ്പതാം ഓവറിൽ പീറ്റര്‍ സീലര്‍ എറിഞ്ഞ ബോളിലാണ് സംഭവം. ഡേവിഡ് മാലൻ അടിച്ച സിക്സിൽ പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് പോവുകയായിരുന്നു. സ്റ്റേഡ‍ിയത്തിന് പുറത്തെ മരങ്ങളില്‍ തട്ടിയാണ് പന്ത് നിലത്തുവീണത്. പന്ത് തപ്പിയ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് അത് കണ്ടെത്തുവാനും സാധിച്ചില്ല. പിന്നാലെ നെതർലന്‍ഡ്സ് താരങ്ങളും പന്ത് തിരഞ്ഞെത്തി. കാട്ടിലും മരങ്ങൾക്കിടയിലും തിരച്ചിലോട് തിരച്ചിൽ. അവസാനം പന്ത് ലഭിക്കുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് വൈറലായത്. നെതര്‍ലന്‍ഡ് താരം തന്നെ പൊന്തക്കാട്ടില്‍ നിന്ന് പന്ത് കണ്ടെത്തുകയും മത്സരം പുനരാംഭിക്കുകയും ചെയ്യുകയായിരുന്നു.

ഏകദിന മത്സരം ട്വന്റി20 ശൈലിയിൽ കളിച്ച ഇംഗ്ലണ്ട് 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 498 റൺസാണ്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്, മൂന്നു പേ‍ർക്ക് സെഞ്ചറി, ഒരാൾക്ക് അതിവേഗ അർധസെഞ്ചറി, 36 ഫോറുകൾ, 24 സിക്സുകൾ. ഇങ്ങനെ ‘കണക്കില്ലാത്ത’ നേട്ടങ്ങളും ഇംഗ്ലണ്ട് ടീം ഒപ്പം കുറിച്ചു. ഏകദിനം കളിച്ച് അത്ര ശീലമില്ലാത്ത നെതർലൻഡ്സിന്റെ മറുപടി ബാറ്റിങ് 49.4 ഓവറിൽ 266 റൺസിൽ ഓൾഔട്ടായി.  

MORE IN SPORTS
SHOW MORE