ആരാകും ബ്രസീലിന്റെ ഒന്നാം നമ്പർ ഗോളി; അലിസണോ എഡോർസണോ?

allison-ederson
SHARE

ലോകകപ്പ് ഫുട്ബോളിന് ഒരുങ്ങുന്ന ബ്രസീലിനെ ആശയക്കുഴപ്പത്തിലാക്കി അലിസണും എഡേര്‍സണും. പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡണ്‍ ഗ്ലൗ പുരസ്കാരം ഇരുവരും പങ്കിട്ടതോടെ ആരാകും ബ്രസീലിന്റെ ഒന്നാം നമ്പര്‍ ഗോളിയെന്ന ചര്‍ച്ച സജീവമായി. ഖത്തറില്‍ ടിറ്റെ ആരെയാകും തുടക്കത്തില്‍ ഇറക്കുക എന്ന ആകാംഷയിലാണ് ഫുട്ബോള്‍ ലോകം. 

പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ അലിസണിന്റെ ലിവര്‍പൂളും എഡേര്‍സണിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയും ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടത്തിയത്. ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ മാഞ്ചസ്റ്റര്‍സിറ്റി കിരീടം നേടുമ്പോള്‍ അലിസണിന്റെയും എഡേര്‍സണിന്റെയും മികവ് എടുത്തുപറയേണ്ടതാണ്. 

ഈസീസണില്‍ ഇരുവരും 20ക്ലീന്‍ ഷീറ്റുകള്‍ കുറിച്ചു. പ്രീമിയര്‍ ലീഗില്‍ 149 മല്‍സരങ്ങള്‍ കളിച്ച ഏഡേര്‍സണ് 74 ക്ലീന്‍ ഷീറ്റുകളുണ്ട്. 253 ഗോളവസരങ്ങള്‍ നിര്‍ജീവമാക്കി. മൂന്ന് പെനല്‍റ്റികള്‍ തടുത്തിട്ടു. 

പിഴവ് വരുത്തിയത് ആറുതവണമാത്രമാണ്. അലിസണ്‍ പ്രീമിയര്‍ ലീഗില്‍ 104മല്‍സരങ്ങള്‍ കളിച്ചു. 47ക്ലീന്‍ ഷീറ്റുകള്‍, 230ഗോളവസരങ്ങള്‍ ഇല്ലാതാക്കി. ഒരു പെനല്‍റ്റി തടുത്തിട്ടു. പിഴവ് വരുത്തിയത് ഏഴുതവണമാത്രം. 29കാരനായ അലിസണ്‍ 2015ല്‍ ബ്രസീലിനായി അരങ്ങേറി. 54മലല്‍സരങ്ങള്‍ കളിച്ചു. 28കാരനായ എഡേര്‍സണ്‍ 2017ലാണ് ദേശീയകുപ്പായമണിഞ്ഞത്. 18മല്‍സരങ്ങളില്‍ ഗോള്‍വലകാത്തു. 2019ല്‍ ബ്രസീല്‍ കോപ അമേരിക്ക കപ്പുയര്‍ത്തുമ്പോള്‍ അലിസണും എ‍ഡേര്‍സണും ടീമിലുണ്ടായിരുന്നു. മെയ്്വഴക്കം, പാദചലനങ്ങളിലേ വേഗം, കളിയുടെ ഗതിവായിച്ചെടുക്കുന്നതിലെ മികവ്, ഷോട്ടുകള്‍ തടയുന്നതിലെ കൃത്യത ഇതിലെല്ലാം ഇരുവരും ഒപ്പത്തിനൊപ്പം. എന്നാല്‍ ക്രോസുകളിലൂടെയുള്ള ആക്രമണം തടയുന്നതില്‍ അലിസണ്‍ കൂടുതല്‍ മികവ് കാട്ടുന്നു. പ്രതിരോധക്കോട്ടയിലെ കാവല്‍ഭടന്മാരെ കോര്‍ത്തിണക്കുന്നതിലും പന്ത് വിതരണത്തിലും എ‍‍ഡേര്‍സണ്‍ ആണ് മുന്നില്‍. പെപ് ഗാര്‍ഡിയോളയുടെ ഫുട്ബോള്‍ ശാലയില്‍ നിന്ന് തേച്ചുമിനുക്കിയാണ് എഡേര്‍സണിന്റെ വരവ്. എന്നാലും ബ്രസീല്‍ കോച്ച് ടിറ്റെ പ്രഥമ പരിഗണന നല്‍കുക അലിസണ് ആയിരിക്കും.

MORE IN SPORTS
SHOW MORE