മഴ നിശ്ചയിക്കുമോ ഐപിഎൽ ജേതാക്കളെ? കളി മുടങ്ങിയാൽ എന്തുചെയ്യും? ചട്ടങ്ങൾ ഇങ്ങനെ

IPL-Rain-2022
SHARE

പ്ലേ ഓഫ് ആവേശത്തിനു മേൽ രസം കൊല്ലിയായി മഴ പെയ്തിറങ്ങിയതോടെ സീസണിലെ ഐപിഎൽ ജേതാക്കളെ നിശ്ചയിക്കുന്നത് ഒരുപക്ഷേ സൂപ്പർ ഓവർ ആയിരിക്കാം! മത്സരം നടത്താനാകാതെ വന്നാൽ ലീഗ് പോയിന്റ് പട്ടികയിലെ സ്ഥാന ക്രമത്തിൽത്തന്നെ വിജയികളെ നിശ്ചയിക്കും. പ്ലേ ഓഫ് ഘട്ടത്തിലെ 3 മത്സരങ്ങൾക്കും, ഫൈനലിനും ഈ ചട്ടങ്ങൾ ബാധകമായിരിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം ശക്തി പ്രാപിച്ചതാണ് ഐപിഎൽ മത്സരങ്ങൾക്കു തിരിച്ചടിയാകുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി കൊൽക്കത്തയിൽ നടക്കുന്ന ക്വാളിഫയർ–1, എലിമിനേറ്റർ മത്സരങ്ങൾ, വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി അഹമ്മദാബാദിൽ നിശ്ചയിച്ചിരിക്കുന്ന ക്വാളിഫയർ–2, ഫൈനൽ മത്സരങ്ങൾ എന്നിവ കടുത്ത മഴ ഭീഷണിയിലാണ്. 

ചൊവ്വ, ബുധൻ ദിവസങ്ങളിൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്ന ഈഡൻ ഗാർഡൻസ് സ്റ്റേഡിയം മഴയിൽ നനഞ്ഞു കുതിർന്നാണു കിടക്കുന്നത്. വരും ദിവസങ്ങളിലും ഇവിടെ മഴ കനക്കും എന്നാണു പ്രവചനം.അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങൾക്ക്, സാധാരണ നിശ്ചയിച്ചിരിക്കുന്ന 200 മിനിറ്റിനു പുറമേ, 2 മണിക്കൂറുകൾ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ, പ്ലേ ഓഫ് മത്സരങ്ങൾ രാത്രി 9.40നു പോലും തുടങ്ങിയേക്കാൻ സാധ്യതയുണ്ട്. ഫൈനൽ മത്സരം തുടങ്ങാൻ രാത്രി 10.10 വരെ വൈകിയാലും 40 ഓവറും കളി നടക്കും. മത്സരം തുടങ്ങാൻ വൈകിയാൽ, ഇന്നിങ്സ് ബ്രേക്ക് 7 മിനിറ്റാക്കി ചുരുക്കും. എന്നാൽ സ്ട്രാറ്റജിക് ടൈം ഔട്ടുകൾക്കു മാറ്റം ഉണ്ടാകില്ല.   

ഒരു ഇന്നിങ്സിന് 5 ഓവർ എന്ന കണക്കിൽവരെ ചുരുക്കി മത്സരങ്ങൾ നടത്താനും സാധ്യതയുണ്ട്. അതിനുള്ള ചട്ടങ്ങൾ ഇങ്ങനെ; 

‘ഒരു ടീമിന് 5 ഓവർ എന്ന നിലയിൽവരെ ചുരുക്കി മത്സരങ്ങൾ നടത്താനും സാധ്യതയുണ്ട്. എലിമിനേറ്റർ, ക്വാളിഫയർ മത്സരങ്ങൾ, ഒരു ടീമിന് കുറഞ്ഞത് 5 ഓവർ എന്ന ക്രമത്തിലെങ്കിലും നടത്താൻ കഴിയാതെ വന്നാൽ,‌ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും.  

മേയ് 29നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഐപിഎൽ ഫൈനലിന് കാലാവസ്ഥ തിരിച്ചടിയായാൽ, റിസർവ് ദിവസമായ മേയ് 30നു കളി നടത്തും. മേയ് 29ന് ഏതു സ്കോറിലാണോ കളി അവസാനിപ്പിക്കേണ്ടി വന്നത്, അവിടെനിന്നാകും റിസർവ് ദിനത്തിൽ കളി പുനരാരംഭിക്കുക. 

അതേ, സമയം ടോസ് പോലും ഇടാനാകാതെയാണു മേയ് 29ലെ കളി ഉപേക്ഷിക്കുന്നത് എങ്കിൽ റിസർവ് ദിനം ടോസോടെയാകും മത്സരം തുടങ്ങുക. മഴമൂലം ഫൈനൽ വീണ്ടും തടസ്സപ്പെട്ടാൽ ഐപിഎൽ ചരിത്രത്തിൽത്തന്നെ ആദ്യമായി സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും. 

കുറഞ്ഞത് ഒരു ടീമിന് 5 ഓവർ എങ്കിലും ബാറ്റു ചെയ്യാൻ അവസരം നൽകി മത്സരം നടത്താൻ ശ്രമിക്കുന്നതായിരുന്നു മുൻ വർഷങ്ങളിലെ കീഴ്‌വഴക്കം. ഗ്രൗണ്ട് സജ്ജമാക്കാനായാൽ, പുലർച്ചെ 1.20 വരെ വൈകിയാലും സൂപ്പർ ഓവറിലൂടെ ഫൈനലിലെ വിജയികളെ നിശ്ചയിക്കാനാണു സംഘാടകരുടെ നീക്കം. 

MORE IN SPORTS
SHOW MORE