എഴുതിത്തള്ളിയവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച് ദിനേശ് കാർത്തിക്; ഇതാണ് തിരിച്ചുവരവ്

Dinesh-Karthik-ipl-2022
SHARE

ഐപിഎൽ സീസണിലെ തിളക്കമാർന്ന പ്രകടനത്തിലൂടെ, 3 വർഷത്തിനു ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തികിനു ക്രിക്കറ്റ് നിരൂപകരുടെയും ആരാധകരുടെയും പ്രശംസ. 2019 ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരായ തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായ കാർത്തിക്, 35–ാം വയസ്സിൽ കഠിനാധ്വാനത്തിലൂടെയാണ് ഇപ്പോൾ വീണ്ടും ടീമിലെ സ്ഥാനം നേടിയെടുത്തിരിക്കുന്നത്. 

സീസണിൽ ബാംഗ്ലൂർ ടീമിലെ ഫിനിഷറുടെ റോൾ അതിഗംഭീരമായി കൈകാര്യം ചെയ്താണു കാർത്തിക് ഇന്ത്യൻ ടീമിലേക്കുള്ള അവകാശവാദം ഉന്നയിച്ചത്. 191.33 സ്ട്രൈക്ക് റേറ്റിൽ 287 റൺസാണു കാർത്തിക് സീസണിൽ അടിച്ചെടുത്തത്.പ്രകടനത്തിനുള്ള അർഹിച്ച അംഗീകാരം എന്ന വിധം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ കാർത്തിക് ഇടംനേടുകയും ചെയ്തു. 

3 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്താനായതിന്റെ സന്തോഷം റോയൽ ചാലഞ്ചേഴ്സ് ബാഗ്ലൂർ ബോൾഡ് ഡയറീസിലൂടെ കാർത്തിക് പങ്കുവച്ചു.

‘ ഏറെ സന്തോഷമുണ്ട്. വളരെയേറെ സംതൃപ്തനാണ് ഇപ്പോൾ. എന്റെ ഏറ്റവും സവിശേഷമായ തിരിച്ചുവരവാണ് ഇത് എന്നാണു കരുതുന്നത്. കാരണം ഒരുപാടു പേർ എന്നെ എഴുതിത്തള്ളി. ഇത്തരം ഒരു അവസ്ഥയിൽനിന്നു തിരിച്ചു വന്ന് ഞാൻ ചെയ്തതുപോലെ ചെയ്യാനായല്ലോ. മെഗാ താരലേലം, അഭിഷേക് നായരുമൊത്തുള്ള കഠിനമായ പരിശീലനം, അങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങളാണ് ഇതിലേക്കു കൊണ്ടെത്തിച്ചത്’– കാർത്തിക് പറഞ്ഞു.

ഇന്ത്യൻ ടീമിലെ സ്ഥാനനഷ്ടം, പിന്നാലെയുള്ള ഫോം കൈമോശം എന്നിവയ്ക്കു ശേഷം മുൻ ക്രിക്കറ്റർ അഭിഷേക് നായരുമൊത്ത് ഏറെക്കാലം ദിനേഷ് കാർത്തിക് പരിശീലനം നടത്തിയിരുന്നു. രണ്ടര വർഷത്തോളം കൊൽക്കത്ത നൈറ്റ് റൈഡൈഴ്സ് ടീമിന്റെ ക്യാപ്റ്റനായും കാർത്തിക് സേവനം അനുഷ്ടിച്ചിരുന്നു. 

‘മൈക്ക് ഹെസൻ, സഞ്ജയ് ബംഗാർ എന്നിവരെയും വിസ്മരിക്കാനില്ല. കൈകാര്യം ചെയ്യേണ്ട ദൗത്യം എങ്ങനെ നടപ്പാക്കണം എന്നതിൽ അവരാണ് എനിക്കു വ്യക്തത നൽകിയത്. എന്നെ ടീമിൽ എടുത്തതിനും ടീമിലെ നിർണായക ദൗത്യം ഏൽപിച്ചതിനും ഞാൻ ബാംഗ്ലൂരിനോടു കടപ്പെട്ടിരിക്കുന്നു. അവർ എന്നെ വിശ്വാസത്തിലെടുത്തു. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഫ്രാഞ്ചൈസിയായ ബാംഗ്ലൂരിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണു ഞാൻ ശ്രമിക്കുന്നത്’– കാർത്തികിന്റെ വാക്കുകൾ. 

MORE IN SPORTS
SHOW MORE