പ്രീമിയര്‍ ലീഗ്; സീസണില്‍ ഏറ്റവും കൂടുതല്‍ ഗോൾ പറത്തി മാഞ്ചസ്റ്റര്‍ സിറ്റി

premier-league
SHARE

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ ആദ്യ അഞ്ച് സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരങ്ങളില്ല. എന്നാല്‍ സീസണില്‍ കൂടുതല്‍ ഗോളടിച്ച് കപ്പുയര്‍ത്തിയത് സിറ്റിയാണ്. മികച്ച യുവതാരം, ഗോള്‍ഡണ്‍ ഗ്ലൗ, സീസണിലെ മികച്ചതാരം ഈ അവാര്‍ഡുകള്‍ നേടിയ സിറ്റിയുടെ കീരീട ധാരണം കൂട്ടായ്മയുടെ വിജയമാണ്. 

കളിക്കാരെ മാറിമാറി ഇറക്കല്‍, കളിയുടെ ഒഴുക്ക്, എല്ലാ പൊസിഷനിലും ഇറക്കാന്‍ പറ്റുന്ന ഒന്നിലധികം താരങ്ങള്‍, ഇതെല്ലാം ചേര്‍ന്നപ്പോള്‍ ലീഗിലെ 38കളികളില്‍ 29 ജയം, 99 ഗോളുകള്‍, തോറ്റത് മൂന്നു മല്‍സരം മാത്രം, വഴങ്ങിയ ഗോളുകള്‍ 26. ഇതാണ് സിറ്റിയുടെ വിജയരഹസ്യം. മികച്ച ഒരു സ്ട്രൈക്കര്‍ ഇല്ലാതെയാണ് സിറ്റി കിരീടം നിലനിര്‍ത്തിയത് എന്നത് ആ ടീമിന്റെ മികവ് വ്യക്തമാക്കുന്നു. 

അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫില്‍ ഫോഡന്‍ സിറ്റിയുടെ വിജയങ്ങളിലെ ചാലക ശക്തിയായി. 27മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയ ഫോഡന്‍ 9 ഗോളടിച്ചു. 5ഗോളുകള്‍ക്ക് വഴിയൊരുക്കി. മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാംതവണയും നേടി. 29മല്‍സരങ്ങളില്‍ നിന്ന് 15ഗോളടിച്ച കെവിന്‍ ഡിബ്രുയനെ ആണ് സിറ്റിയുടെ പ്രധാനവിജയശില്‍പി. സീസണിലെ മികച്ച താരവുമായി ബെല്‍ജിയന്‍ താരം. 

13 ഗോളടിച്ച സ്റ്റെര്‍ലിങ്ങും 11 ഗോളടിച്ച റിയാദ് മെഹറാസും സിറ്റിയുടെ ഗോളടിയന്ത്രത്തിന്റെ ഭാഗമായി. ഈ സീസണില്‍ 23ഗോളോടെ ടോട്ടനത്തിന്റെ ഹ്യൂമിന്‍ സോനും ലിവര്‍ പൂളിന്റെ മുഹമ്മദ് സാലയും ഒപ്പം പിടിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 18ഗോളോടെ തൊട്ടുപിന്നിലെത്തി. ഗോള്‍വലയ്ക്ക് മുന്നില്‍ മാസ്മരിക പ്രകടനം നടത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേര്‍സണ്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ലിവര്‍പൂളിന്റെ അലിസണനൊപ്പം പങ്കിട്ടു. ഇരുവരും ബ്രസീല്‍ താരങ്ങളാണ്. 

MORE IN SPORTS
SHOW MORE