ഐ.പി.എല്‍: പ്ലേ ഓഫ് മല്‍സരങ്ങൾ നാളെ തുടങ്ങും: ഗുജറാത്ത് രാജസ്ഥാനെ നേരിടും

ipl-play-offs
SHARE

ഐ.പി.എല്‍ പ്ലേ ഓഫ് മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം. കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി 7.30നാണ് മല്‍സരം. 14 കളികളില്‍ 10 എണ്ണത്തില്‍ വിജയിച്ച് പോയിന്‍റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ടൈറ്റന്‍സ്  ഒന്നാം  ക്വാളിഫയറിനെത്തുന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികച്ച ഫോം തന്നെയാണ് ഗുജറാത്തിന് ആത്മവിശ്വാസം നല്‍കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയും, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറും മികച്ച ഫോമിലാണ്.  

റാഷിദ് ഖാന്‍റെ ഓള്‍റൗണ്ടര്‍ മികവും ഗുജറാത്തിന് മുന്‍തൂക്കം നല്‍കുന്നു. 14 മ‍ല്സരങ്ങളില്‍ നിന്ന് 18 വിക്കറ്റെടുത്ത  റാഷിദും മുഹമ്മദ് ഷമിയും ഗുജറാത്ത് ബോളിങ്ങിന് കരുത്താണ്. അതേസമയം ഈ സീസണിലെ ഓറഞ്ച് ക്യാപ് കൈവശമുള്ള ഓപ്പണര്‍ ജോസ് ബട്‌ലറിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. ദേവ് ദത്ത് പടിക്കലും യശസ്വി ജയ്സ്വാളും റയാന‍് പരാഗും അടങ്ങുന്ന ബാറ്റര്‍മാരും രാജസ്ഥാന്‍റെ കരുത്താണ്. കൂടാതെ നായകന്‍ സ‍ഞ്ജു സാംസന്‍റെ മികച്ച ഫോമും രാജസ്ഥാന് മുതല്‍ക്കൂട്ടാണ്. 

സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തി പര്‍പ്പിള്‍ ക്യാപ് കൈവശം വച്ചിരിക്കുന്ന യുസ്‌വേന്ദ്ര ചഹലും ന്യൂസിലന്‍ഡ് താരം ട്രെന്‍റ് ബോള്‍ട്ടും നേതൃത്വം നല്‍കുന്ന ബോളിങ് നിര ഗുജറാത്തിന്‍റെ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകും. ആദ്യ ക്വാളിഫയറില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടി വരും.

MORE IN SPORTS
SHOW MORE