‘സഞ്ജു ഉത്തരവാദിത്വം ഏറ്റെടുക്കണം; ഇങ്ങനാണേൽ രാജസ്ഥാൻ പുറത്താകും’

sanju-samson.jpg.image.845.440
SHARE

ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയൽസ് ‘തന്ത്രത്തെയും’ ക്യാപ്റ്റൻ സഞ്ജു സാംസണെയും വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ബുധനാഴ്ച ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് രാജസ്ഥാനെ ഡൽഹി തോൽപ്പിച്ചത്.

ടോസ് നേടിയ ‍ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് രാജസ്ഥനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നാം നമ്പറായി ഇറങ്ങിയ രവിചന്ദ്രൻ അശ്വിന്റെയും (50), നാലാമനായി ഇറങ്ങിയ ദേവ്‌ദത്ത് പടിക്കലിന്റെയും (48) ബാറ്റിങ് മികവിലാണ് രാജസ്ഥാൻ 160 റൺസെടുത്തത്.

എന്നാൽ അശ്വിനെ ബാറ്റിങ് ഓർഡറിൽ പ്രമോട്ട് ചെയ്ത രാജസ്ഥാൻ തന്ത്രം പാളിയെന്നാണ് സുനിൽ ഗവാസ്‌കറിന്റെ നിരീക്ഷണം. ഇതോടെ സഞ്‍ജു സാംസണ് അഞ്ചാമനായി ഇറങ്ങേണ്ടി വന്നെന്നും അതു സഞ്ജുവിന്റെ ബാറ്റിങ്ങിനെ ബാധിച്ചെന്നും ഗവാസ്കർ പറഞ്ഞു. മത്സരത്തിൽ വെറും ആറു റൺസുമായി സഞ്ജു പുറത്തായിരുന്നു.

‘സഞ്ജു വളരെ അപകടകാരിയായ ബാറ്ററാണ്. പക്ഷേ ബാറ്റിങ് ഓർഡറിൽ താഴേയ്ക്ക് ഇറങ്ങുന്നത് ഗുണം ചെയ്യില്ല. ഒരു നാലാം നമ്പർ ബാറ്റർക്ക്, നാലാം സ്ഥാനത്തല്ലെങ്കിൽ മൂന്നാമതായി ഇറങ്ങാം. ഉത്തരവാദിത്വം ഏറ്റെടുക്കണം. ഒരു നിർണായക മത്സരത്തിൽ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് നോക്കൂ..’– ഗവാസ്കർ പറഞ്ഞു. രാജസ്ഥാൻ ആഗ്രഹിച്ച തുടക്കം ലഭിക്കാതിരുന്നതിനാൽ അനാവശ്യ ഷോട്ടിന് സഞ്ജുവിന് മുതിരേണ്ടി വന്നെന്നും ഗവാസ്കർ പറഞ്ഞു.

ട്വന്റി20 കരിയറിൽ, തന്റെ ആദ്യ അർധസെഞ്ചുറിയാണ് മത്സരത്തിൽ അശ്വിൻ കുറിച്ചത്. 38 പന്തിലാണ് അശ്വിൻ 50 റൺസെടുത്തത്. ദേവ്‌ദത്ത് പടിക്കൽ 30 പന്തിൽനിന്ന് 48 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷിന്റെയും (62 പന്തിൽ 89), ഡേവിഡ് വാർണറിന്റെയും (41 പന്തിൽ 52) ബാറ്റിങ് മികവിലാണ് ഡൽഹി അനായാസ ജയം നേടിയത്.

12 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള രാജസ്ഥാന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇപ്പോള്‍ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പല തവണ ഗവാസ്‌കര്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഭേദപ്പെട്ട പ്രകടനം തന്നെ നായകനായി കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 12 മത്സരത്തില്‍ നിന്ന് 327 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പല മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം നടത്താന്‍ സഞ്ജുവിനായിട്ടുണ്ട്. എന്തായാലും സഞ്ജുവിനും രാജസ്ഥാനും വരുന്ന മത്സരങ്ങള്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.

MORE IN SPORTS
SHOW MORE