'കടുത്ത നിരാശയുണ്ട്; എങ്കിലും ഞങ്ങൾ തിരിച്ചു വരും, കരുത്തോടെ'

sanju-samson
SHARE

ഡൽഹിക്കെതിരായ മത്സരത്തിലെ രാജസ്ഥാൻ റോയൽസിന്റെ പ്രകടനത്തിൽ നിരാശനെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ 8 വിക്കറ്റ് തോൽവിക്കു ശേഷം പ്രതികരിക്കുകയായിരുന്നു സഞ്ജു. പ്രതീക്ഷിച്ചതിലും 15–20 റൺസ് കുറവാണു ടീമിനു നേടാനായതെന്നും 2 ടീമുകളുടെ ഇന്നിങ്സുകളിലും വിക്കറ്റിന്റെ സ്വഭാവം 2 തരത്തിലായിരുന്നെന്നും സഞ്ജു പറഞ്ഞു.

‘വളരെയധികം നിരാശപ്പെടുത്തിയ രാത്രിയായിരുന്നു. ഞങ്ങൾക്കു പ്രതീക്ഷിച്ചയത്ര റൺസ് നേടാനായില്ല. പ്രതീക്ഷിച്ചയത്ര വിക്കറ്റുകൾ വീഴ്ത്താനും കഴിഞ്ഞില്ല. ഞങ്ങൾ ബാറ്റു ചെയ്തപ്പോൾത്തന്നെ വിക്കറ്റിന്റെ വേഗം 2 തരത്തിലായിരുന്നു. 15–20 റൺസ് കുറച്ചാണു നേടാൻ സാധിച്ചത്.ബോളിങ്ങ് സമയത്തു ഞങ്ങള്‍ ചില ക്യാച്ചുകൾ വിട്ടുകളയുകയും ചെയ്തു. കടുത്ത നിരാശയുണ്ട്. അടുത്ത കളിയിൽ തിരിച്ചു വരാൻ കഴിയുമെന്നാണു പ്രതീക്ഷ.

ഐപിഎല്ലിൽ ഒരു കളി തോറ്റാൽ ശക്തമായി തിരിച്ചുവന്നേ തീരൂ. ഞങ്ങൾക്കു ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നു തന്നെയാണു വിശ്വസിക്കുന്നത്. മുൻപ് ഞങ്ങൾ ഇതു ചെയ്തിട്ടുമുണ്ട്. ഹെറ്റ്മയറും ഉടൻ മടങ്ങിയെത്തും’– സഞ്ജുവിന്റെ വാക്കുകൾ. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഐപിഎല്ലിൽനിന്ന് ഇടവേള എടുത്ത് ഷിമ്രോൺ ഹെറ്റ്മയർ നാട്ടിലേക്കു മടങ്ങിയത്. 

ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. 161 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റു നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടക്കുകയായിരുന്നു. 

MORE IN SPORTS
SHOW MORE