മാനേജ്‌മെന്റുമായി ഉടക്കി; ജഡേജ ടീമിന് പുറത്ത്; ചെന്നൈ ഒഴിവാക്കിയതോ?

ravindra-jadeja
SHARE

ഇത്തവണത്തെ മെഗാതാരലേലത്തിനു ശേഷം പല വമ്പൻ ടീമുകളും തകർന്നു തരിപ്പണമാകുന്ന കാഴ്‌ചയാണ്‌ ഇന്ത്യൻ പ്രീമിയർ ലീഗിൽ  കണ്ടത്. നിലവിലെ ചാമ്പ്യന്മാരെന്ന വമ്പോടെയെത്തിയ സിഎസ്‌കെയ്ക്കും അഞ്ച് വട്ടം കപ്പടിച്ച മുംബൈക്കുമെല്ലാം ഇത്തവണ പിഴച്ചു.  ജഡേജയെ ക്യാപ്റ്റൻസി ഏല്പിച്ചത് ചെന്നൈക്ക് തിരിച്ചടിയായി മാറി.ജഡേജ അനുഭവസമ്പന്നനായ സൂപ്പര്‍ താരമാണെങ്കിലും ക്യാപ്റ്റന്റെ പുതിയ റോളിൽ അമ്പേ പരാജയമായി മാറി. മാത്രമല്ല ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ജഡേജയുടെ പ്രകടനത്തേയും ബാധിച്ചു. ഇതോടെ സിഎസ്‌കെയ്ക്ക് തുടര്‍ തോല്‍വികള്‍ നേരിടേണ്ടി വന്നു. പിന്നീട് പാതിവഴിയില്‍ ജഡേജ നായകസ്ഥാനം ഒഴിയുകയും എംഎസ് ധോണി വീണ്ടും സിഎസ്‌കെയുടെ നായകസ്ഥാനത്തേക്കെത്തുകയും ചെയ്തു.

ഇപ്പോഴിതാ ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങളിൽ നിന്നും ജഡേജ പുറത്തായിരിക്കുകയാണ്. വാരിയെല്ലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ നിന്ന് ജഡേജ പിന്മാറിയെന്ന ഔദ്യോഗിക റിപ്പോർട്ടാണ് സിഎസ്കെ മാനേജ്‌മെന്റ് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ സ്ഥാനം എം.എസ്. ധോണിയെ തിരികെയേൽപിച്ച ജഡേജ സിഎസ്കെയുടെ ശേഷിക്കുന്ന 2 മത്സരങ്ങളിലും പരുക്കുമൂലം കളിക്കില്ലെന്നു സിഇഒ: കാശി വിശ്വനാഥൻ അറിയിച്ചു. ജഡേജ വീട്ടിലേക്കു മടങ്ങി.

എന്നാൽ, പരുക്കാണു കാരണമെന്നു പറയുന്നുണ്ടെങ്കിലും ചെന്നൈ ടീം ജ‍ഡേജയെ പുറത്താക്കിയതാണെന്നു സൂചനയുണ്ട്. ചെന്നൈ ടീമിന്റെ ഇൻസ്റ്റഗ്രാം പേജ് ‍ജഡേജ അൺഫോളോ ചെയ്തിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക അക്കൗണ്ടും ജഡേജയെ അൺഫോളോ ചെയ്തു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, തനിക്ക് അറിയില്ലെന്നായിരുന്നു കാശി വിശ്വനാഥന്റെ മറുപടി. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ തെളിയുന്ന ചിത്രം സിഎസ്‌കെ മാനേജ്‌മെന്റുമായി ജഡേജക്കുള്ള അഭിപ്രായ ഭിന്നതയാണ്.

8 ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ ടീമിനെ നയിച്ച ‍മുപ്പത്തിമൂന്നുകാരൻ ജഡേജയ്ക്ക് അതിൽ 2 കളികളിൽ മാത്രമേ ടീമിനെ വിജയത്തിലേക്കു നയിക്കാൻ സാധിച്ചിരുന്നുള്ളൂ. ക്യാപ്റ്റൻസിയുടെ സമ്മർദത്തിൽ 10 കളിയിൽനിന്ന് 116 റൺസ് മാത്രമായിരുന്നു സമ്പാദ്യം. അതേസമയം, ക്യാപ്റ്റൻസി തിരികെയേറ്റെടുത്ത ധോണിയുടെ കീഴിൽ നാലിൽ മൂന്നു മത്സരങ്ങളും ചെന്നൈ ജയിക്കുകയും ചെയ്തു.

MORE IN SPORTS
SHOW MORE