കൗമാരക്കാരന്റെ ചുറുചുറുക്കിൽ ധോണി; എന്നെ ഇങ്ങനെ ഓടിക്കല്ലേയെന്ന് ബ്രാവോ

dhoni-bravo
SHARE

ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണിയുമൊത്തുള്ള കൂട്ടുകെട്ടിനെക്കുറിച്ച് നർമത്തിൽ ചാലിച്ച പ്രതികരണവുമായി വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ നേടിയ 91 റൺസിന്റെ തകർപ്പൻ ജയത്തിനു പിന്നാലെ, ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറിലുണ്ടായ അനുഭവമാണ് ബ്രാവോ പങ്കുവച്ചിരിക്കുന്നത് 

ചെന്നൈ ഇന്നിങ്സ് അവസാനിക്കാൻ 3 പന്ത് മാത്രം ബാക്കിനിൽക്കെയാണ് ധോണിക്കു കൂട്ടാളിയായി ബ്രാവോ ക്രീസിലെത്തുന്നത്. അവസാന 2 പന്തിലും ധോണി ഡബിൾ ഓടിയെടുത്തപ്പോൾ തന്റെ കാലിനു പരുക്കേൽക്കുമോ എന്നാണ് ആശങ്കപ്പെട്ടിരുന്നതെന്നു ബ്രാവോ മത്സരത്തിനു ശേഷം പ്രതികരിച്ചു. മോയിൻ അലി, റോബിൻ ഉത്തപ്പ എന്നിവർ തുടർച്ചയായ പന്തുകളിൽ പുറത്തായതോടെ ആൻറിക് നോർട്യയുടെ ഹാട്രിക് ബോളാണ് ബ്രാവോയ്ക്ക് ആദ്യമായി നേരിടേണ്ടി വന്നത്. ആദ്യ പന്തിൽത്തന്നെ, ബ്രാവോ സിംഗിൾ എടുത്ത്, ധോണിക്കു സ്ട്രൈക്ക് കൈമാറുകയും ചെയ്തിരുന്നു. അവസാന 2 പന്തിൽ ബൗണ്ടറി നേടാനായില്ലെങ്കിലും, കൗമാരക്കാരന്റെ ചുറുചുറുക്കോടെ രണ്ടു ഡബിൾ ഓടിയെടുത്ത ധോണിയാണ് ചെന്നൈ സ്കോർ 208ൽ എത്തിച്ചത്. 

ആദ്യ ഡബിൾ ഓടിയെടുക്കുന്നതിനിടെ, ക്രീസിലേക്കു ഡൈവ് ചെയ്യേണ്ടിവന്ന ബ്രാവോയ്ക്ക് ശ്വാസം പോലും നഷ്ടമായിരുന്നു.മത്സരത്തിനു ശേഷം, ധോണിയുമായി അവസാന ഓവറിൽ നടന്ന സംഭാഷണത്തെക്കുറിച്ചുള്ള ബ്രാവോയുടെ വെളിപ്പെടുത്തൽ ഇങ്ങനെ, ‘ഹാട്രിക് ബോളാണ് ഞാൻ ആദ്യം നേരിട്ടത്. ധോണിക്കു സ്ട്രൈക് കൈമാറാനാണു ശ്രമിച്ചത്. ബൗണ്ടറികൾ അടിക്കൂ.. എന്നെക്കൊണ്ട് 2 ഓടിക്കരുത് എന്നാണു ഞാൻ ധോണിയോട് പറഞ്ഞത്. ഇന്നിങ്സിനു ശേഷം ഞാൻ ധോണിയോടു പറഞ്ഞു, ഇനി ഇത്തരത്തിലൊരു അവസരം വന്നാൽ ഓടാനായി മറ്റാരെയെങ്കിലും വിളിക്കണം, കാരണം എനിക്ക് എന്റെ കാലുകൾ സംരക്ഷിക്കണം എന്ന്.

പക്ഷേ, എന്തൊക്കെ പറഞ്ഞാലും ധോണിയുമൊത്ത് ബാറ്റു ചെയ്യാനാകുന്നതു വലിയ കാര്യം തന്നെയാണ്. ടീം എന്ന നിലയിൽ മികച്ച പ്രകടനമാണു ചെന്നൈ പുറത്തെടുത്തത്. ഋതുവും (ഗെയ്‌ക്വാദ്) കോൺവേയും ചേർന്ന് നല്ല സ്കോറിനുള്ള അടിത്തറ പാകി. പിന്നീട് ഞങ്ങൾ ബോളിങ്ങിൽ മികവു തുടർന്നു. എല്ലാ കളിയിലും ഇതുപോലെ സമ്പൂർണ മേധാവിത്തം പുലർത്തണം എന്നാണ് ആഗ്രഹം,’– ബ്രാവോയുടെ വാക്കുകൾ.

MORE IN SPORTS
SHOW MORE