ആർസിബി ആരാധകനോട് വിവാഹാഭ്യർഥനയുമായി യുവതി; വീഡിയോ വൈറൽ

Rcb-vs-Csk-match-Proposal
SHARE

ഐപിഎൽ ആവേശപൂരങ്ങൾക്കിടയിൽ പല രസകരമായ സംഭവങ്ങളും അരങ്ങേറാറുണ്ട്. അത്തരത്തിൽ വിവാഹാഭ്യർഥന നടത്തുന്ന സംഭവങ്ങൾ   ഇന്നത്തെകാലത്ത് അത്ര പുതുമയുള്ള കാര്യമല്ലതാനും. 2021ലെ കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈയുടെ മിന്നും താരം ദീപക് ചഹാർ മത്‌സരത്തിനുശേഷം  വിവാഹാഭ്യർത്ഥന നടത്തിയത് വലിയ വാർത്തയായതാണ്. പല മത്സരങ്ങൾക്കിടയിലും കാണികളും ചിലപ്പോഴൊക്കെ താരങ്ങൾ വരെയും വിവാഹാഭ്യർഥന നടത്താറുണ്ട്. ഇപ്പോഴിതാ മറ്റൊരു വിവാഹാഭ്യർഥനയാണ് ഐപിഎൽ ആവേശങ്ങൾക്കിടയിൽ വാർത്തയാകുന്നതും സോഷ്യൽ മീഡിയപേജുകളിൽ ചർച്ചയാകുന്നതും.

ബുധനാ‌ഴ്ച പുണെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ബാംഗ്ലൂർ–ചെന്നൈ ഐപിഎൽ മത്സരത്തിനിടയില്‍ ഒരു വിവാഹാഭ്യർഥന നടന്നിരിക്കുകയാണ്. ക്യാമറക്കണ്ണുകൾ അതു കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു. പലപ്പോഴും പുരുഷന്മാരാണ് പരസ്യമായി വിവാഹാഭ്യർഥന നടത്താറുള്ളതെങ്കിൽ ഇത്തവണ യുവതിയാണ് അഭ്യർഥന നടത്തിയെന്നതും പ്രത്യേകതയാണ്. മത്സരത്തിൽ, ചെന്നൈയുടെ ബാറ്റിങ് സമയത്താണ് സംഭവം അരങ്ങേറിയത്.

വനിഡു ഹസരംഗ എറിഞ്ഞ 11–ാം ഓവറിനിടെ യുവതി, ഒരു ബാംഗ്ലൂർ ആരാധകനോട് വിവാഹഭ്യർഥന നടത്തുകയായിരുന്നു. ഗാലറിയിൽ മുട്ടുകുത്തിനിന്ന യുവതി, യുവാവിന്റെ വിരലിൽ മോതിരം അണിയിക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ, ഓവറിലെ അവസാന പന്ത് എറിഞ്ഞ ഹസരംഗയെ ചെന്നൈ ബാറ്റർ ഡെവൺ കോൺവേ സിക്സർ പറത്തി പ്രപ്പോസൽ ആഘോഷമാക്കി.

സംഭവത്തിൽ സ്വത സിദ്ധമായ ശൈലിയിൽ ട്വീറ്റുമായി മുൻ ഇന്ത്യൻ താരം വസീം ജാഫറും എത്തി. ‘ആർസിബി ആരാധകനോട് വിവാഹാഭ്യർഥന നടത്തുന്ന മിടുക്കിയായ പെൺകുട്ടി. ആർസിബിയെ ആത്മാര്‍ഥമായി ആരാധിക്കാൻ അവനു കഴിയുമെങ്കിൽ, തീർച്ചയായും പങ്കാളിയോടും ആ വിശ്വസ്തത പുലർത്താനാകും. വിവാഹാഭ്യർഥന നടത്താൻ നല്ല ദിവസം.’ – നർമരൂപേണ ജാഫർ ട്വിറ്ററിൽ  കുറിച്ചത് ഇങ്ങനെ ആയിരുന്നു. സംഭവം എന്തായാലും ആർസിബിയുടെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇനി ഇത്തവണയെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കപ്പടിക്കുമോ എന്ന പ്രതീക്ഷിയിലാണ് ആരാധകരുള്ളത്. കാത്തിരുന്നു തന്നെ കാണാം. 

MORE IN SPORTS
SHOW MORE