‘ദൈവകൃപയ്ക്കു നന്ദി; കപ്പുമായി ഞാൻ പള്ളിയിൽ വരും’; വാക്ക് പാലിച്ച് ബിനോ

bino-church
SHARE

മഞ്ചേരി: കേരളം കപ്പിൽ മുത്തമിട്ടപ്പോൾ ദൈവാനുഗ്രഹത്തിനു നന്ദി പറയാൻ കോച്ച് ബിനോ ജോർജ് സന്തോഷ്ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹത്താൽ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ എത്തിയത്.

ടൂർണമെന്റിനു മഞ്ചേരിയിൽ എത്തിയതു മുതൽ പള്ളിയിൽ പ്രാർഥിക്കാൻ എത്തുമായിരുന്നെന്ന് ഫാദർ ടോമി കളത്തൂർ പറഞ്ഞു. 

അതിനു മുൻപ് കളിക്കാരുടെ ജഴ്സിയും മറ്റും പള്ളിയിൽ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്ന് ഫാദർ പറഞ്ഞു. കളിയില്ലാത്ത മിക്ക ദിവസവും കുർബാനയിൽ പങ്കെടുക്കാൻ ബിനോ വന്നതോടെ വിശ്വാസികൾക്ക് പരിചയക്കാരനായി. പള്ളിയിൽ വരാൻ തുടങ്ങിയതു മുതലാണ് ബിനോയെ അടുത്തറിയുന്നത്. ആ പരിചയവും ഫുട്ബോളിനോടുള്ള താൽപര്യവും കാരണം ദിവസവും താനും കേരളത്തിന്റെ കളി കാണാൻ പോയിരുന്നു.

സെമി ഫൈനൽ ദിവസം പള്ളിയിൽ കേരള ടീമിനു വേണ്ടി പ്രാർഥന നടത്തി. ബിനോയും പള്ളിയിൽ എത്തിയിരുന്നു. കാണികളുടെ പിന്തുണയും പ്രാർഥനയും കളിക്കാർക്ക് ഊർജമായി. കളിക്കാരുടെ പ്രയത്നത്തിനപ്പുറം ദൈവാനുഗ്രഹം കൂടിയായപ്പോൾ വിജയത്തിലേക്ക് വഴിയൊരുക്കി. കപ്പടിച്ചാൽ ട്രോഫിയുമായി പള്ളിയിൽ വരുമെന്ന് ബിനോ പറയുകയും ചെയ്തിരുന്നു. ദൈവത്തിനു നന്ദി പറയുന്നതിനൊപ്പം ആ വാക്ക് പാലിക്കാൻ കൂടിയായിരുന്നു അദ്ദേഹം പള്ളിയിലെത്തിയത്.

MORE IN SPORTS
SHOW MORE