വിദ്വേഷ പ്രസംഗക്കേസ്; പി.സി.ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ചോ? കോടതിയെ സമീപിക്കാൻ പൊലീസ്

pcgeorge-02
SHARE

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ചോയെന്ന് പൊലീസ് പരിശോധിക്കുന്നു. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് നടത്തിയ പ്രസ്താവന ഉപാധികളുടെ ലംഘനമെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ ആലോചന. അതേസമയം അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് നിയമമന്ത്രി പി.രാജീവ് അറിയിച്ചു.

പി.സി. ജോര്‍ജിന്റെ അറസ്റ്റിലും തുടര്‍നടപടികളിലും പ്രധാനമായും രണ്ട് വീഴ്ചകളുണ്ടായതായാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ തിരുവനന്തപുരം വരെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കരുതായിരുന്നു. ഇത് ജാമ്യത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജോര്‍ജിന് സാവകാശം നല്‍കലായി.

ജോര്‍ജിന് അഭിഭാഷകരുണ്ടെന്ന് അറിഞ്ഞിട്ടും സര്‍ക്കാര്‍ അഭിഭാഷകനെ ഉറപ്പാക്കാത്തത് കേസിന്റെ ഗൗരവം കോടതിയെ ബോധിപ്പിക്കുന്നതിലും തിരിച്ചടിയായി.

ഈ വീഴ്ചകള്‍ വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് ജോര്‍ജിനെതിരെ തുടര്‍നടപടി കടുപ്പിക്കാന്‍ സര്‍ക്കാരും പൊലീസും ഒരുങ്ങുന്നത്. അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതടക്കം നിയമവകുപ്പ് അന്വേഷിക്കും.

ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള വഴികള്‍ തിരയുകയാണ് അന്വേഷണസംഘം. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ ജോര്‍ജ് വിവാദപ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നതായും പ്രസംഗത്തിെല ആരോപണങ്ങള്‍ തന്റെ അനുഭവത്തില്‍ നിന്ന് പറഞ്ഞവയാണന്നും ആവര്‍ത്തിച്ചിരുന്നു. വിദ്വേഷപ്രസംഗം പാടില്ലന്ന ജാമ്യ ഉപാധിയുടെ ലംഘനമാണോ ഇതെന്നാണ് പരിശോധിക്കുന്നത്. ജാമ്യ ഉപാധി ലംഘിച്ചെന്ന ആരോപിച്ച് പുതിയ പരാതി ഫോര്‍ട് പൊലീസിന് ലഭിച്ചിട്ടുമുണ്ട്. ബുധനാഴ്ച ജാമ്യ ഉത്തരവ് ലഭിച്ച ശേഷമെ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ഉപാധി ലംഘിച്ചതായി ഉറപ്പിച്ചാല്‍ അതും ചേര്‍ത്ത് ജില്ലാക്കോടതിയില്‍ അപ്പീല്‍ നല്‍കും.

MORE IN SPORTS
SHOW MORE