‘മിച്ചെലിനെ വിശ്വാസത്തിലെടുക്കണം, ബാറ്റിങ്ങ് ലൈസൻസും’

daryil-mitchell
SHARE

കിവീസ് ഓൾറൗണ്ടർ ഡാർയിൽ മിച്ചെലിനെ രാജസ്ഥാൻ റോയൽസ് വിശ്വാസത്തിലെടുക്കണമെന്ന് മുൻ ഐപിഎൽ താരങ്ങളായ ഡാനിയൽ വെട്ടോറിയും ബെൻ കട്ടിങും. ഐപിഎൽ സീസണിൽ അവസരം ലഭിച്ച 2 മത്സരങ്ങളിലും മിച്ചെല്‍ സമ്മാനിച്ച നിരാശയിക്കു പിന്നാലെയാണിത്. മെഗാ താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് മിച്ചെലിനെ സ്വന്തമാക്കിയത്.

ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കെതിരെ രാജസ്ഥാൻ റോയൽസ് ഏറ്റവും ഒടുവിലായി കളിച്ച 2 മത്സരങ്ങളിലാണ് മിച്ചെലിന് അവസരം ലഭിച്ചത്. 20 പന്തിൽ 17, 24 പന്തിൽ 16 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. 2 കളിയിലും ഓരോ ഓവർ വീതം ബോൾ ചെയ്തെങ്കിലും വിക്കറ്റ് കിട്ടിയില്ല. മുംബൈയ്ക്കെതിരായ മത്സരത്തിലാകട്ടെ, നിർണായക ഘട്ടത്തിൽ ബോളിങ്ങിന് എത്തിയ മിച്ചെൽ ഓവറിൽ 20 റൺസാണു വഴങ്ങിയത്. വിശ്വാസത്തിലെടുത്താൻ, ദീർഘകാലാടിസ്ഥാനത്തിൽ രാജസ്ഥാൻ റോയൽസിനു പ്രയോജനപ്പെടുത്താവുന്ന താരമാണു മിച്ചെലെന്ന് വെട്ടോറി ഇഎസ്പിഎൻക്രിക്ക് ഇൻഫോയോട് പ്രതികരിച്ചു.

‘മിച്ചെലിനെ വിശ്വാസത്തിലെടുക്കാൻ രാജസ്ഥാനു 2 കാരണങ്ങളാണുള്ളത്. റിസർവ് ബെഞ്ചിൽ രാജസ്ഥാനു ചുരുക്കം താരങ്ങൾ മാത്രമേയുള്ളു. അതിനേക്കാൾ ഉപരി, ക്രിക്കറ്റ് താരം എന്ന നിലയിൽ തന്റെ മികവു തെളിയിക്കാൻ മിച്ചെലിന് ഇതുവരെ സാധിച്ചിട്ടില്ല. ന്യൂസീലൻഡിനായി കളിക്കുന്ന അതേ ലാഘവത്തോടെ, ആക്രമണോത്സുക ബാറ്റിങ്ങിനുള്ള ലൈസൻസും, കൃത്യമായ സമയത്തു ബോൾ ചെയ്യാനുള്ള അവസരവും നൽകുകയാണെങ്കിൽ രാജസ്ഥാൻ തിരയുന്ന ഓൾറൗണ്ടറുടെ വിടവു നികത്താൻ മിച്ചെലിനു കഴിയും’– വെട്ടോറിയുടെ വാക്കുകൾ.

മിച്ചെലിന് ഒരു അവസരം കൂടി നൽകണമെന്നും ജിമ്മി നീഷത്തെയും രാജസ്ഥാനു പരീക്ഷിക്കാവുന്നതാണെന്നും രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളിൽ മുൻപു കളിച്ചിട്ടുള്ള ബെൻ കട്ടിങ് അഭിപ്രായപ്പെട്ടു. ‘മിച്ചെലിന് ഒരവസരം കൂടി നൽകണമെന്നാണ് എന്റെ അഭിപ്രായം. 2 മത്സരങ്ങൾ മാത്രമേ അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളു. അടുത്ത മത്സരത്തിലും മിച്ചെൽ പരാജയപ്പെട്ടാൽ നീഷത്തിനെ ടീമിലെടുക്കണം. പന്ത് അടിച്ചുപറത്താൻ സാധിക്കുന്ന ബോളിങ് ഓൾറൗണ്ടറാണു നീഷം’– കട്ടിങ് പറഞ്ഞു.ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്നാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

MORE IN SPORTS
SHOW MORE