ബാഴ്സയുടെ ശനിദശയും ഡാനിയുടെ വരവും

barca-dani
SHARE

പുതുവര്‍ഷത്തില്‍ സ്പാനിഷ് ലീഗിലെ ബാഴ്സലോണയുടെ ആദ്യമത്സരം കഴിഞ്ഞ ദിവസം ഗ്രാനഡയ്ക്കെതിരെയായിരുന്നു. ആ മത്സരത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. മുപ്പത്തിയെട്ടുകാരനായ ബ്രസീലിയന്‍ താരം ഡാനി ആല്‍വസിന്‍റെ സ്പാനിഷ് ലാ ലിഗയിലേക്കുള്ള തിരിച്ചുവരവായിരുന്നു മത്സരത്തെ ശ്രദ്ധേയമാക്കിയത്. അഞ്ചര വര്‍ഷത്തിനുശേഷമുള്ള വരവ് ചുമ്മാതാക്കിയില്ല ഡാനി.  മുന്നേറ്റനിരയ്ക്ക് പന്തെത്തിച്ചുനല്‍കിയും, പ്രതിരോധത്തില്‍ നിറഞ്ഞാടിയും ‍അയാള്‍ തന്‍റെ വരവറിയിച്ചു. മത്സരത്തില്‍ ബാഴ്സയ്ക്കായി ലൂക് ഡി ജോങ് നേടിയ ഗോളിന് വഴിയൊരുക്കിനല്‍കിയതും ഡാനി തന്നെ. (ലിനെഴ്സ് ഡിപ്പോര്‍ട്ടിവയ്ക്കെതിരെ ജനുവരി ആറിനുനടന്ന കോപ്പ ‍ഡെല്‍ റെ മത്സരത്തിലാണ് രണ്ടാം വരവില്‍ ഡാനി ആല്‍വസ് ആദ്യമായിറങ്ങിയത്)

ഇനി ചെറിയൊരു ഫ്ലാഷ് ബാക്ക്.

2016 മെയ് 14ന് ഗ്രാനഡയ്ക്കെതിരായ മത്സരം ബാഴ്സലോണ വിജയിച്ചത് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ്.  നിര്‍ണ്ണായകമായ ആ ജയത്തോടെയാണ് ബാഴ്സയ്ക്ക് സീസണിലെ ലാ ലിഗ കിരീടം സ്വന്തമാക്കാന്‍ സാധിച്ചത്. (രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ വെറും ഒരു പോയിന്‍റ് വ്യത്യാസത്തിനാണ് ആ സീസണില്‍ ബാഴ്സലോണ ലീഗ് കിരീടം സ്വന്തമാക്കിയത്)  എട്ടുവര്‍ഷമായി  ബാഴ്സലോണയുടെ വിശ്വസ്തനായിരുന്ന റൈറ്റ് ബാക്ക് ‍ഡാനി ആല്‍വസിന്‍റെ സ്പാനിഷ് ലീഗിലെ  അവസാനമത്സരമായിരുന്നു അത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ ലൂയിസ് സുവാരസ് നേടിയ ഗോളിന് വഴിയൊരുക്കി, ലാ ലിഗ കിരീടവും സ്വന്തമാക്കി രാജകീയമായി ആല്‍വസ് സ്പാനിഷ് ലീഗില്‍ നിന്നും പടിയിറങ്ങി. ലാ ലിഗയില്‍ ആല്‍വസിന്‍റെ നൂറാം അസിസ്റ്റായിരുന്നു അത്. 

(മെയ് 30ന് സെവിയക്കെതിരെ നടന്ന കോപ്പ ഡെല്‍ റേ ഫൈനല്‍ മത്സരമായിരുന്നു ആല്‍വസിന്‍റെ ബാഴ്സക്കൊപ്പമുള്ള അവസാന മത്സരം)

2016ല്‍ ബാഴ്സലോണ വിടുമ്പോള്‍ 33 വയസായിരുന്നു ഡാനിയുടെ പ്രായം. സെവിയയില്‍ നിന്നെത്തി എട്ടുവര്‍ഷത്തിനിടെ ബാഴ്സലോണ ജഴ്സിയില്‍ 391 മത്സരങ്ങള്‍ക്കാണ് ഡാനി ആല്‍വസ് ബൂട്ടുകെട്ടിയത്. മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളടക്കം 23 ട്രോഫികളും ബാഴ്സയ്ക്കൊപ്പം ഡാനി സ്വന്തമാക്കി. സാധാരണഗതിയില്‍ പ്രതിരോധനിരക്കാരായ താരങ്ങള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങാറുള്ള സമയത്താണ് ഡാനി ആല്‍വസ് ബാഴ്സ വിടുന്നത്. അതുകൊണ്ട് തന്നെ ഒരുതിരിച്ചുവരവ് ബാഴ്സ ആരാധകരുടെ വിദൂരസ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. 

അഞ്ചര വര്‍ഷത്തിനപ്പുറം 2022 ജനുവരിയിലെത്തുമ്പോള്‍ ഫുട്ബോള്‍ ലോകവും, ബാഴ്സലോണയും ഒരുപാട് മാറി. ‍ബാഴ്സലോണയുടെ സ്വന്തം മെസ്സി പി.എസ്.ജിയുടെ താരമായി. ഏത് വമ്പന്‍ ടീമും ഭയത്തോടെ കണ്ടിരുന്ന ബാഴ്സലോണ ഓര്‍മ്മയില്‍ മാത്രമായി.  കുഞ്ഞന്‍ ടീമുകള്‍ ക്യാംപ് ന്യൂവിലെത്തി ബാഴ്സയെ പിടിച്ചുകെട്ടി. വമ്പന്മാര്‍ പഞ്ഞിക്കിട്ടു.  ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ബാഴ്സലോണ യൂറോപ്പ ലീഗില്‍ വരെയെത്തി. അതിനിടെ  മാനേജര്‍മാരെ പലതവണ മാറ്റി. ഒടുവില്‍ ക്ലബിന്‍റെ ഇതിഹാസതാരം ചാവി ഹെര്‍ണാണ്ടസ് മാനേജരായെത്തി. 

മറുവശത്ത് ഡാനി ആല്‍വസിന്‍റെ അവസ്ഥ അങ്ങനെയായിരുന്നില്ല. ബാഴ്സയില്‍ നിന്നും നേരെ പോയത് യുവന്‍റസിലേക്ക്. അവിടെ നിന്നും പി.എസ്.ജിയിലേക്ക്. രണ്ടുവര്‍ഷത്തിന് ശേഷം തിരികെ ബ്രസീലിലെ സ‌ാവോ പോളോയിലേക്ക്.  എല്ലായിടത്തും മികച്ച പ്രകടനങ്ങള്‍. അതിനിടെ ദേശീയ കുപ്പായത്തില്‍ കോപ്പ അമേരിക്ക കിരീടവും, ഒളിമ്പിക് സ്വര്‍ണ്ണവും. ഫുട്ബോള്‍ ലോകത്ത് ഏറ്റവുമധികം കിരീടങ്ങള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡും ഡാനി തന്‍റെ പേരിനുനേര്‍ക്ക് എഴുതിച്ചേര്‍ത്തു. 

മാനേജരായി ക്യാംപ് ന്യുവിലെത്തിയ ചാവി ആദ്യം ചെയ്ത കാര്യം ഫുട്ബോള്‍ ലോകത്തെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. അങ്ങനെ സാവോ പോളോയില്‍ നിന്നും മുപ്പത്തിയൊമ്പതാം വയസ്സില്‍ ഡാനി ആല്‍വസ് ‍ബാഴ്സലോണയിലെത്തി. സാധാരണഗതിയില്‍ വിരമിക്കേണ്ട പ്രായത്തില്‍ ബാഴ്സലോണ പോലൊരു മുന്‍നിര ക്ലബിലേക്ക് സ്വപ്നസമാനമായ തിരിച്ചുവരവ്. ഈ പ്രായത്തിലും തന്‍റെ കളിമികവിന് മങ്ങലേറ്റിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനം ആദ്യമത്സരങ്ങളില്‍ കാഴ്ച്ചവെച്ചിരിക്കുകയാണ് ഡാനി.

ഡാനി ആല്‍വസിന്‍റെ മടങ്ങിവരവോടെ ബാഴ്സലോണയിലെ പ്രതിസന്ധികള്‍ അവസാനിക്കുമോ? ഇല്ല എന്ന് നിസ്സംശയം പറയാം. കാരണം, മൈതാനത്തിനകത്തും പുറത്തും ബാഴ്സ നേരിടുന്ന പ്രശ്നങ്ങള്‍ ചെറുതൊന്നുമല്ല. മധ്യനിരയിലെയും, ഫിനിഷിങ്ങിലെയും വിടവുകള്‍ പഴയതുപോലെ തന്നെ തുടരുകയാണ്. എന്നാല്‍ മൈതാനത്ത് ഡാനി നല്‍കുന്ന ഊര്‍ജം ബാഴ്സലോണയ്ക്ക് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. ആരാധകരുടെയും പ്രതീക്ഷ അതില്‍തന്നെയാണ്.

MORE IN SPORTS
SHOW MORE