ക്ലൈവ് ലോയ്ഡിനുണ്ടൊരു മലയാളി ചങ്ങാതി; അപൂർവ സൗഹൃദം പങ്കിട്ട് വിഷ്ണുകുമാർ

lyod-08
SHARE

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്ലൈവ് ലോയ്ഡുമായി അടുത്ത സൗഹൃദം സ്ഥാപിച്ച തിരുവനന്തപുരത്തുകാരനെ പരിചയപ്പെടാം. ക്രിക്കറ്റ് ഇന്തൊനീഷ്യയുടെ മുന്‍അധ്യക്ഷനും പേരൂര്‍ക്കട സ്വദേശിയുമായ ആര്‍. വിഷ്ണുകുമാറാണ് ക്ലൈവ് ലോയ്ഡിന്റെ ഉറ്റസുഹൃത്തായി മാറിയത്. ക്രിക്കറ്റ് ഗ്രന്ഥങ്ങളുടെ വന്‍ശേഖരത്തിന് ഉടമകൂടിയാണ് ഇദ്ദേഹം.

വെസ്റ്റിന്‍ഡീസിന് തുടര്‍ച്ചയായി രണ്ടുതവണ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍, ബിഗ് സി എന്നും സൂപ്പര്‍ ക്യാറ്റ് എന്നും വിളിപ്പേരുള്ള സര്‍ ഹ്യൂബെര്‍ട്ട് ലോയ്ഡുമായി  അടുത്ത സൗഹൃദം സ്ഥാപിക്കുകയെന്നത് ചെറിയകാര്യമല്ല. ആര്‍. വിഷ്ണുകുമാറിന് അതിന് അവസരം നല്‍കിയത് ഇന്തൊനീഷ്യയിലെ ക്രിക്കറ്റ് ജീവിതം.സ്കൂള്‍കാലമുതല്‍ ക്രിക്കറ്റ് മനസിലേറ്റിയ വിഷ്ണു 1996 ല്‍  ഇന്തൊനീഷ്യയില്‍ പെട്രോകെമിക്കല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായി. കമ്പനിയിലെ കായികപ്രേമികളെ ഒരുമിപ്പിച്ച് ക്രിക്കറ്റ് ടീം രൂപീകരിച്ചു. അത് വളര്‍ന്ന് വലുതായി. ക്രമേണ ജക്കാര്‍ത്തയില്‍ മാത്രമല്ല ലോകത്തെ നാലാമത്തെ വലിയ രാജ്യമായ ഇന്തൊനീഷ്യയിലെ എല്ലാ പ്രവിശ്യകളെയും ഉള്‍ക്കൊള്ളിച്ച് നമ്മുടെ ബി.സി.സി. ഐക്ക് സമാനമായ ഭരണ സംവിധാനം ക്രിക്കറ്റ് ഇന്തൊനീഷ്യ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. വര്‍ഷത്തിലൊരിക്കല്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെ ക്ഷണിച്ചുവരുത്തി അവരുമായി സംവാദം സംഘടിപ്പിക്കാറുണ്ട് . അങ്ങനെയാണ് ക്ലൈവ് ലോയ്ഡ് ഉള്‍പ്പടെ പല താരങ്ങളുമായി അടുത്തബന്ധം സ്ഥാപിച്ചത്,

കപില്‍ദേവ് ,ജഫ്തോംസണ്‍, ഡാനിമോറിസണ്‍, ആദം ഗില്‍ക്രിസ്റ്റ്, സാന്ദീപ് പാട്ടീല്‍, ഇയാന്‍ ചാപ്പല്‍, അമ്പയര്‍മാരായ ഡിക്കി ബേഡ്, സൈമണ്‍ ടോഫെല്‍ തുടങ്ങിയവരെയൊക്കെ അടുത്തറിയാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു.ഇയാന്‍ ബോതമിന്റെ സ്വറ്റര്‍ ലേലത്തില്‍ വാങ്ങിയതാണ്. വിവിധ രാജ്യങ്ങളുടെ തൊപ്പികള്‍, മറ്റ് ക്രിക്കറ്റ് അനുബന്ധ സ്മരണികകള്‍ തുടങ്ങിയവ ശേഖരിക്കുന്നതാണ് പ്രധാന വിനോദം.ക്രിക്കറ്റ് പുസ്തകങ്ങളുടെ വന്‍ശേഖരവും വിഷ്ണുവിനുണ്ട്. വിരമിച്ച് നാട്ടിലെത്തുമ്പോള്‍ ഒരുക്രിക്കറ്റ് മ്യൂസിയം സ്ഥാപിക്കുകയാണ് വിഷ്ണുവിന്റെ സ്വപ്നം.

MORE IN SPORTS
SHOW MORE