വാക്സീൻ എടുക്കാതെ ഓസ്ട്രേലിയയിൽ; തടങ്കലിൽ ജോക്കോ; കാത്തിപ്പോടെ ആരാധാകർ

djokovic-08
ചിത്രം; ബിബിസി
SHARE

കോവിഡുമായി   ബന്ധപ്പെട്ട വിവാദം  പുതുമയല്ല ലോക ഒന്നാംനമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്. ഇക്കുറി, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ഓസ്ട്രേലിയയിലെത്തിയതോടെ  ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുകയാണ് ജോക്കോ. കടുപ്പമേറിയ സമയത്തിലൂടെ കടന്നുപോകവെ പിന്തുണയുമായെത്തിയ ആരാധകര്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ താരം നന്ദി പറഞ്ഞു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ എത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്  കഴിയുന്നത് കോവി‍ഡ് നിബന്ധനകള്‍ തെറ്റിച്ചത്തുവരെ തടവിൽ പാര്‍പ്പിക്കുന്ന ഹോട്ടലില്‍. മോശം സാഹചര്യത്തെത്തുടര്‍ന്ന് ഏറെ വിമര്‍ശനം കേട്ടിട്ടുള്ള ഇടമാണ് ജോക്കോവിച്ച് കഴിയുന്ന ഹോട്ടല്‍.  ജോക്കോയെ തടഞ്ഞുവച്ചിട്ടില്ലെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സഹായം ലഭിക്കുമെന്നും ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി കാരന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ജോക്കോവിച്ചിനെ പിന്തുണച്ചും എതിര്‍ത്തും ടെന്നിസ് ആരാധകര്‍ രംഗത്തെത്തി.  മെച്ചപ്പെട്ട ഹോട്ടലിലേക്ക് ജോക്കോയെ മാറ്റണണെന്ന് ആവശ്യം ഉയരുമ്പോഴും നിയമം എല്ലാവര്‍ക്കും ഒരുപോലെന്ന് മറ്റൊരുവിഭാഗം വാദിക്കുന്നു.  നൊവാക്സ് ബോര്‍ഡുകളുമായി ജോക്കോയുടെ വരവിന് ഹോട്ടലിന് പുറത്ത് കാത്തിരിക്കുന്നവരുമുണ്ട്. 

ജോക്കോവിച്ചിനോട്  രാജ്യം നല്ല രീതിയില്‍ പെരുമാറണമെന്ന് ഓസീസ് താരം നിക് കിര്‍ഗിയോസ് പറഞ്ഞു. ഇത്തരമൊരു സാഹചര്യം സംജാതമായത് ഒട്ടും ശരിയായില്ലെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ച്. മഹാമാരിയുടെ തുടക്കം മുതല്‍ വിവാദങ്ങളുടെ നിഴലിലാണ് ജോക്കോവിച്ച്.  കോവിഡിനിടെ ടൂര്‍ണമെന്റ് നടത്തി ജോക്കോയുള്‍പ്പടെ പോസിറ്റീവായത് വലിയ കോലാഹലമുണ്ടാക്കി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡയറക്ടറോട് കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടതും കോവിഡ് വാക്സിനേഷന്‍ സ്റ്റാറ്റസ് പുറത്ത് വിടില്ലെന്ന് നിലപാടെടുത്തതും നിശിതമായി വിമര്‍ശിക്കപ്പെട്ടു.  

പ്രതിസന്ധികളെല്ലാം മറികടന്ന് ജോക്കോവിച്ച് കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്ന് വര്‍ഷം മുന്‍പ് പരുക്കേറ്റതോടെ നീണ്ടവിശ്രമമെടുത്തു ജോക്കോ. തുടര്‍തോല്‍വികള്‍. ഒരുവര്‍ഷം കോര്‍ട്ടിന് പുറത്ത്. അന്ന് അയാള്‍ ഒരു യാത്രപോയി. ആല്‍പ്സ് പര്‍വത നിരകളിലേക്ക്. തിരിച്ചിറക്കം പുതിയ ഉയരങ്ങളിലേക്കായിരുന്നു. ഇതിനേക്കാള്‍ കടുപ്പേമേറിയ ബാല്യം കടന്നാണ് അയാളെത്തിയത്. ബെല്‍ഗ്രേ‍ഡിലെ നാറ്റോ ബോംബിങ്ങിനെ അതിജീവിച്ച ബാല്യം. അതിലൊന്നും തളര്‍ന്നിട്ടില്ല നൊവാക് ജോക്കോവിച്ച്. ഈ പ്രതിസന്ധിയും ജോക്കോ മറികടന്നെത്തുമെന്ന വിശ്വാസത്തിലാണ് ആരാധകർ. 

MORE IN SPORTS
SHOW MORE