സ്റ്റെവാർട്ടിന്റെ ഗോളിന് സഹലിന്റെ മറുപടി; ബ്ലാസ്റ്റേഴ്സിന് സമനില

isl-blasters-03
SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്– ജാംഷഡ്പൂർ എഫ്സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. 14–ാം മിനിറ്റിൽ ജാംഷഡ്പൂരിനായി ഗ്രെഗ് സ്റ്റെവാർട്ട് ഫ്രീകിക്ക് ഗോൾ നേടിയപ്പോൾ 27–ാം മിനിറ്റിൽ സഹൽ അബ്ദുൽ സമദിലൂടെ ബ്ലാസ്റ്റേഴ്സ് മറുപടി നൽകി.

രണ്ടാം പകുതിയില്‍ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സ് സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും ജംഷഡ്പൂരിന്റെ പ്രതിരോധകോട്ടയ്ക്കു മുന്നിൽ വീണുപോകുകയായിരുന്നു. സമനിലയാണെങ്കിലും ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസമുള്ള കളിയാണു ഗ്രൗണ്ടിൽ പുറത്തെടുത്തത്. ഗ്രെഗ് സ്റ്റെവാർട്ടിന്റെ വ്യക്തിഗത മികവിൽ ജാംഷഡ്പൂർ മുന്നിലെത്തിയെങ്കിലും വാശിയോടെ കളിച്ച് ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി.

27–ാം മിനിറ്റിൽ അൽവാരോ വാസ്കസിന്റെ നീക്കത്തിൽനിന്നാണു ഈ ഗോൾ പിറന്നത്. പന്തുമായി ജാംഷഡ്പൂർ ബോക്സിലേക്കു കുതിച്ച വാസ്കസിന്റെ ഷോട്ട് മലയാളി ഗോളി ടി.പി. രെഹനേഷ് തട്ടിയകറ്റി. എന്നാൽ പന്തു പിടിച്ചെടുത്ത സഹൽ വീണ്ടും ജാംഷഡ്പൂർ വലയിലേക്കു ഷോട്ടുതിർത്തു. ഇതും ഗോൾ കീപ്പർ തട്ടിയെങ്കിലും പന്തു നിയന്ത്രിക്കാനാകാതെ വലയിലെത്തുകയായിരുന്നു. സീസണിൽ സഹലിന്റെ നാലാം ഗോളാണിത്.

ആദ്യ പകുതി 1–1 എന്ന സ്കോറിൽ അവസാനിച്ചതോടെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തുടർച്ചയായ ആക്രമണമാണ് അഴിച്ചുവിട്ടത്. പ്രത്യാക്രമണങ്ങളുമായി ജാംഷഡ്പൂരും തിരിച്ചടിച്ചു. വീറും വാശിയുമേറിയതോടെ ബ്ലാസ്റ്റേഴ്സ് 18 ഉം ജാംഷഡ്പൂർ 11 ഉം ഫൗളുകളാണു വഴങ്ങിയത്. രണ്ടാം പകുതിയിൽ പ്രതിരോധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് എനസ് സിപോവിച്ചിനെ കളത്തിലിറക്കി. സിപോ– ലെസ്കോവിച്ച് സഖ്യം പ്രതിരോധത്തില്‍ ഉറച്ചുനിന്നതോടെ ജാംഷഡ്പൂരിന്റെ ഗോൾ മോഹങ്ങളും പൊലിഞ്ഞു. മത്സരം 1–1ന് സമനിലയിലായി. എട്ട് മത്സരങ്ങളിൽനിന്ന് 13 പോയിന്റുവീതമാണു ഇരു ടീമുകൾക്കുമുള്ളത്. ജാംഷഡ്പൂർ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് മൂന്നാമതും നിൽക്കുന്നു. ജനുവരി രണ്ടിന് എഫ്സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

MORE IN SPORTS
SHOW MORE