
ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. കരണ്ജിത്തുമായി ക്ലബ് കരാറില്‍ ഒപ്പുവച്ചു. നമ്പര്‍ വണ്‍ ഗോളി ആല്‍ബിനോ ഗോമസിന് പരുക്കേറ്റ് വിശ്രമത്തിലായതോടെയാണ് കരണ്‍ജിത്ത് സിങ്ങിനെ ക്ലബിലെത്തിച്ചത്.
രണ്ട് ഐഎസ്എല്‍ കിരീടങ്ങളുടെ പരിചയസമ്പത്തുമായാണ് കരണ്‍ജിത്ത് മഞ്ഞപ്പടയ്ക്കൊപ്പം ചേരുന്നത്. മരീനമച്ചാന്സ് രണ്ടുവട്ടം ചാംപ്യന്മാരായപ്പോഴും ഗോള്‍മുഖത്ത് വെല്ലുവിളികളെ നിഷ്പ്രഭമാക്കി കരണ്‍ജിത്ത് ഉണ്ടായിരുന്നു. രാജ്യത്ത് സജീവമായ ഗോള്‍കീപ്പര്‍മാരില്‍ ഏറ്റവും കൂടുതല്‍ പരിയചസമ്പത്തുള്ള താരങ്ങളില്‍ ഒരാളാണ് ഇദ്ദേഹം. ഐഎസ്എല്ലിന് പുറമെ, ഐലീഗ് എഎഫ്സി കപ്പ് എന്നിവയിലും മല്‍സരിച്ചു. ഒട്ടേറെ തവണ രാജ്യത്തെ പ്രതിനിധാനം ചെയ്തു.
നിലവില്‍ ഗില്ലാണ് ബ്ലാസ്റ്റേഴ്സ് ഗോള്‍വല കാക്കുന്നത്. ഒഡീഷയ്ക്കെിതിരായ മല്‍സരത്തിലാണ് ആല്‍ബിനോയ്ക്ക് പരുക്കേറ്റത്. സച്ചിന് സുരേഷ്, മുഹീത് ഖാന് എന്നിവരും ഗോള്‍ കീപ്പര്‍മാരായി ഉണ്ടെങ്കിലും പരിചയസമ്പത്ത് കുറഞ്ഞത് മറ്റൊരു ഗോള്‍കീപ്പറെ തേടുന്നതില്‍ നിര്‍ണായകമായി. കരണ്‍ജിത്തിന്റെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍മുഖത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നപ്രതീക്ഷയിലാണ് ആരാധകര്‍.