ചാംപ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് മെസിയുടെ പിഎസ്ജി

psg-25
SHARE

ചാംപ്യന്‍സ് ലീഗ് ഫുട്ബോളിലെ നിര്‍ണായക പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മെസിയുടെ പി.എസ്.ജിക്ക് തോല്‍‌വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്. മറ്റു മല്‍സരങ്ങളില്‍ ലിവര്‍പൂള്‍, പോര്‍ട്ടോയേയും എ.സി.മിലാന്‍, അത്‍ലറ്റികോ മ‍‍‍ഡ്രിഡിനെയും  തോല്‍പ്പിച്ചു. റയല്‍ മഡ്രിഡും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി.

എത്തിഹാദില്‍ മുന്നിലെത്തിയിട്ടും തോല്‍ക്കാനായിരുന്നു പി.എസ്.ജിയുടെ വിധി. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 50ാം മിനിറ്റില്‍ മെസിയുടെ പാസില്‍ നിന്ന് എംബാപെയുടെ ഗോള്‍. എത്തിഹാദില്‍ പി.എസ്.ജി മുന്നില്‍. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ തോല്‍ക്കാന്‍ മനസില്ലാത്ത പെപ്പിന്‍റെ സിറ്റി 13 മിനിറ്റിനുള്ളില്‍ത്തന്നെ തിരിച്ചടിച്ചു.  63 മിനിറ്റ് വരെ ഗോള്‍വലയ്ക്കുമുന്നില്‍ പ്രതിരോധം തീര്‍ത്ത കയ്‌ലര്‍ നവാസിനെ കീഴടക്കി റഹീം സ്റ്റെര്‍ലിങ് സിറ്റിയെ ഒപ്പമെത്തിച്ചു

76 ാം മിനിറ്റില്‍ ഗുണ്ടോഗന്‍റെ മുന്നേറ്റത്തില്‍ നിന്ന് ബെര്‍ണാ‍ഡോ സില്‍വയുടെ മനോഹര പാസില്‍ ഗ്രബിയേല്‍ ജെസ്യൂസ് കയ്‌ലര്‍ നവാസിനെ വീണ്ടും കീഴടക്കി. ജയത്തോടെ 12പോയന്‍റുമായി സിറ്റി ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടില്‍ പ്രവേശിച്ചു. പി.എസ്ജിയുടെ സൂപ്പര്‍ താരങ്ങളെ പരുക്കന്‍ അടവുകളിലൂടെ സിറ്റി നേരിടുന്നതിനും എത്തിഹാദ് സാക്ഷ്യം വഹിച്ചു.

രണ്ടാം പകുതിയില്‍ നേടിയ രണ്ടു ഗോളുകളാണ് പോര്‍ട്ടോക്കെതിരെ ലിവര്‍പൂളിന് ജയം നേടിക്കൊടുത്തത്. സൂപ്പര്‍ താരം മുഹമ്മദ് സലായും തിയഗോ അല്‍ക്കാന്‍റരോയുമാണ്  ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്. ഗ്രൂപ്പ് ബിയില്‍‌നിന്ന് ലിവര്‍പൂള്‍ നേരത്തെ തന്നെ നോക്കൗട്ടില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, തോല്‍വിയോടെ പോര്‍ട്ടോയുടെ നോക്കൗട്ട് സാധ്യതകള്‍ അവസാനിച്ചു.

അത്‍ലറ്റികോ മ‍‍‍ഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് എ.സി.മിലാന്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. മിലാനു വേണ്ടി ചാംപ്യന്‍സ് ലീഗില്‍  അരങ്ങേറ്റം കുറിച്ച മെസിയാസ് ജൂനിയറാണ് കളി തീരാന‍് മൂന്നു  മിനിറ്റ് മാത്രം ശേഷിക്കെ  വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് ഡിയില്‍ നിന്ന് സ്പാനിഷ് ക്ലബ് റയല്‍മഡ്രിഡ് നോക്കൗട്ടില്‍ പ്രവേശിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ഷെരിഫിനെ തോല്‍പിച്ചത്. 

MORE IN SPORTS
SHOW MORE