ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര മലയാളികളുടെ നിയന്ത്രണത്തിൽ

blastersmidfileders-03
SHARE

മലയാളികളുടെ നിയന്ത്രണത്തിലാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര. അഡ്രിയാന്‍ ലൂണയാണ് മധ്യനിരയിലെ ഏക വിദേശ സാന്നിധ്യം.മലയാളി താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് മധ്യനിരയുടെ കരുത്ത്. സഹല്‍ അബ്ദുല്‍ സമദും, കെ.പി. രാഹുലും കെ.പ്രശാന്തും അടങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര. യുറഗ്വായില്‍ നിന്നുള്ള അഡ്രിയാന്‍ ലൂണയാണ് മധ്യനിരയിലെ ഏക വിദേശ സാന്നിധ്യം. സൈത്യാസെന്‍ സിങ്, ജീക്സന്‍ സിങ്, ഗിവ്സന്‍ സിങ്  എന്നിവര്‍ക്കൊപ്പം ബെംഗളൂരു എഫ്സിയില്‍ നിന്ന് എത്തിയ ഹര്‍മന്‍ജോത് ഖബ്രയും ഗോകുലം കേരളയില്‍ നിന്നെത്തിയ വിന്‍സി ബാരെറ്റോയും ചേരുമ്പോള്‍ മധ്യനിര കരുത്തുറ്റതാകും. 

ബ്ലാസ്റ്റേഴ്സിലൂടെ വളര്‍ന്ന സഹല്‍ അബ്ദുല്‍ സമദ് ഇന്ന് ദേശീയ ടീമിന്റെ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ്. സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ തന്റെ ആദ്യ രാജ്യാന്തര ഗോള്‍ കണ്ടെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സഹല്‍ എത്തുന്നത്. മധ്യനിരയില്‍ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനൊപ്പം ഗോള്‍ കണ്ടെത്താനും സഹലിനു കഴിഞ്ഞാല്‍ അ‌ത് ബ്ലാസ്റ്റേഴ്സിന്റെ പ്രഹരശേഷി ഇരട്ടിയാക്കും. അതിവേഗ നീക്കങ്ങളുമായി കെപി രാഹുലും കെ.പ്രശാന്തും ബ്ലാസ്റ്റേഴ്സ് മധ്യനിരയിലുണ്ടാകും. 

യുറഗ്വായ് താരം അഡ്രിയാന്‍ ലൂണയുടെ പ്രകടനമാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മെല്‍ബണ്‍ സിറ്റിയെ എ ലീഗ് ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ഇരുപത്തൊന്‍പതുകാരനായ ലൂണ. കഴിഞ്ഞ സീസണില്‍ മൂന്നുഗോളുകളും നാല് അസിസ്റ്റുകളും ലൂണയുടെ പേരിലുണ്ട്. 2019–20 സീസണില്‍ അഞ്ചുഗോളുകള്‍ നേടിയ ലൂണ അഞ്ചു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, സ്ട്രൈക്കര്‍, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍, വിങ്ങര്‍ തുടങ്ങി ഏതു പൊസിഷനിലും തിളങ്ങും എന്നതാണ്  ലൂണയുടെ സവിശേഷത. ബ്ലാസ്റ്റേഴ്സില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റോളിലാണ് ലൂണ ഇറങ്ങുന്നത്.  ലൂണയെ സ്ട്രൈക്കറായും കോച്ച് പരീക്ഷിച്ചേക്കും. പ്രീസീസണ്‍ മല്‍സരങ്ങളിലും ലൂണ തിളങ്ങിയത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നല്‍കുന്നു. 

ബെംഗളൂരു എഫ്സിയില്‍ നിന്നെത്തിയ ഹര്‍മന്‍ജോത് ഖബ്രയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ പത്താംനമ്പര്‍ താരം. എന്നാല്‍ പ്രീസീസണ്‍ മല്‍സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പരിചയസമ്പന്നനായ ഖബ്രയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്സിന് തലവേദനയാകും. 

MORE IN SPORTS
SHOW MORE