പ്രതിരോധക്കോട്ട ശക്തമാക്കണം; ഫൈനലിലെത്താൻ ബ്ലാസ്റ്റേഴ്സിന് കടമ്പകളേറെ; പ്രതീക്ഷകൾ

kerala-blasters
SHARE

കഴിഞ്ഞ സീസണിലെ പത്താംസ്ഥാനത്ത് നിന്ന് ഫൈനലില്‍ എത്തണമെങ്കില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന് പ്രതിരോധക്കോട്ട ശക്തിപ്പെടുത്തണം. കഴിഞ്ഞ രണ്ടുസീസണില്‍ അടിച്ച ഗോളിനേക്കാള്‍ വഴങ്ങിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് തലവേദനയായത്. ജസല്‍ കാര്‍നേറോയെന്ന ലെഫ്റ്റ് ബാക്ക് നയിക്കുന്ന ബ്ലാസ്റ്റേഴ്സ് നിരയിലെ ഉറച്ച രണ്ടുതൂണുകളാണ് സിപോവിച്ചും ലെസ്കോവിച്ചും. പൊന്നുംവിലയുള്ള നിഷുകുമാറിന്റെ പരുക്ക് ടീമിനെ ആശങ്കപ്പെടുത്തുന്നു.  

കഴിഞ്ഞ സീസണില്‍ 23 ഗോളടിച്ച ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് 36ഗോളാണ്. അതിന് മുമ്പ് 29 ഗോള്‍ അടിച്ചപ്പോള്‍ 32ഗോള്‍ സ്വന്തം വലയിലേക്ക് മേടിച്ചു. ടീമിന്റെ മുന്നേറ്റത്തിന് പ്രതിരോധനിരയുടെ ശക്തിനിര്‍ണായകമാണെന്ന് കഴിഞ്ഞ സീസണുകള്‍ തെളിയിച്ചതാണ്. ഇക്കുറി മറ്റുടീമുകളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര കൂടുതല്‍ ചെറുപ്പമാണ്. ഇത്  ടീമിന് പ്രതീക്ഷ നല്‍കുന്നു.   

മഞ്ഞപ്പടയുടെ പ്രതിരോധക്കോട്ടയിലെ നിറ സാന്നിധ്യമാണ് ജസല്‍ കാര്‍നേറോ. ഇതിനകം 34മല്‍സരങ്ങളില്‍ കേരളത്തിന്റെ പ്രതിരോധം കാക്കുകയും മുന്നേറ്റ നിരയിലേക്ക് ഗോളവസരങ്ങള്‍ തുറക്കുകയും ചെയ്ത ഈ ലെഫ്റ്റ് ബാക്കാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. ജസലിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് നായകപദവി. ഇടതുപാര്‍ശ്വത്തിലൂടെ മുന്നേറ്റത്തിലേക്ക് എത്തുന്ന ജസലിന്റെ ക്രോസുകള്‍ ടീമിന് നിര്‍ണായകമാണ്. കഴിഞ്ഞ സീസണില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയിരുന്നതിന്റെ അനുഭവസമ്പത്തും ജസലിനും ടീമിനും നേട്ടമാകും. ഐഎസ്എല്ലില്‍ പൊന്നുംവിലയുള്ള പ്രതിരോധതാരമാണ് നിഷുകുമാര്‍. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ ഫുട്ബോള്‍താരമാണ്  നിഷു. ലെഫ്റ്റ് ബാക്കിലും റൈറ്റ് ബാക്കിലും മാറിമാറി കളിക്കാന്‍ സാധിക്കുന്ന നിഷുകുമാറിന്റെ ചെറുപ്പം പ്രതിരോധനിരയില്‍ ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ഊര്‍ജം പകരും, എന്നാല്‍ പരുക്കില്‍ നിന്ന് പൂര്‍ണമുക്തി നേടിയോ എന്ന ആശങ്ക ബാക്കിയാണ്. വിദേശതാരങ്ങളായ സിപോവിച്ചും ലെസ്കോവിച്ചുമാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കോട്ടയിലെ മധ്യഭാഗത്തുള്ള രണ്ട് നെടുംതൂണുകള്‍. ക്രൊയേഷയില്‍ നിന്നുള്ള ലെസ്കോവിച്ചിന്റെയും ബോസ്്നിയയില്‍ നിന്നുള്ള സിപോവിച്ചിന്റെയും പരിചയസമ്പത്ത് ടീമിന് നേട്ടമാകും. സിപോവിച്ചിന് ഐഎസ്എല്ലില്‍കളിച്ചും കേരള ബ്ലാസ്റ്റേഴ്സില്‍ കളിച്ചും പരിചയമുണ്ട്. മഞ്ഞപ്പടയുടെ പ്രതിരോധക്കോട്ടയിലെ ഏറ്റവും അനുഭവസമ്പത്തുള്ള രണ്ടുതാരങ്ങളാണ് ഇവര്‍. ആറടിക്ക്മുകളില്‍ പൊക്കമുള്ള ഇവര്‍ക്ക് വായുവില്‍ ഉയര്‍ന്നുവരുന്ന പന്തുകളെ തട്ടിയകറ്റാനാകും. ഇവര്‍ രണ്ടുപേരുമൊഴികെ ശേഷിക്കുന്നവര്‍ ഇന്ത്യന്‍താരങ്ങളാണ്.  സെന്‍ട്രല്‍ ബാക്കിലുള്ള അബ്ദുള്‍ ഹക്കുവും വി.ബിജോയും  ആണ് പ്രതിരോധത്തിലെ മലയാളി സാന്നിധ്യം. വലതുകാലിന് കൂടുതല്‍ കരുത്തുള്ള ഹക്കു 2017ല്ഡ ഐഎസ്എല്ലിലെ ഏമേര്ജിങ് പ്ലയര്‍ ആയിരുന്നു.  ഹക്കു മലപ്പുറത്ത് നിന്നാണെങ്കില്‍ ബിജോയുടെ വരവ് തിരുവനന്തപുരത്തെ പുല്ലുവിളയില്‍ നിന്നാണ്. സെര്‍ജിയോ റാമോസിനെ ഇഷ്ടപ്പെടുന് ബിജോയ് ഒരു ഗോള്‍ സ്കോറിങ് ഡിഫന്‍ഡര്‍ കൂടിയാണ്. സെന്റര്‍ ബാക്കായും റൈറ്റ് ബാക്കായും കളിക്കുന്ന   സന്ദീപ് സിങ്ങും ലെഫ്റ്റ് ബാക്ക് സ്റ്റാലിനും മഞ്ഞപ്പടയുടെ പ്രതിരോധത്തിന്റെ കരുത്തുകൂട്ടും. 

MORE IN SPORTS
SHOW MORE