വേഗതയ്ക്കൊരു മറുപേര്; ഇന്നും താരമായി അമേരിക്കയുടെ സ്വന്തം ഫ്ലോ ജോ

flojo-07
SHARE

ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയുടെ കഥയാണ് ഇനി. ഇതുവരെ തകര്‍ക്കപ്പെടാത്ത ലോക റെക്കോര്‍ഡിന് ഉടമയാണ് അമേരിക്കന്‍ ഇതിഹാസം ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍. അക്കാലത്തെ ഫാഷന്‍ ഐക്കണ്‍ കൂടിയായിരുന്നു ഫ്ലോ ജോ. ബ്ലാക്ക് ഹിസ്റ്ററി മന്തില്‍ ഓര്‍ക്കാം ഇവരെ.

വേഗം കൊണ്ട് ട്രാക്കിനെ തീപിടിപ്പിച്ച താരം. ഫിനിഷിങ് ലൈനില്‍ ഇതിഹാസം രചിച്ച ഫ്ലോ ജോ. 100മീറ്ററിലും 200 മീറ്ററിലും ഫ്ലോ ജോയുടെ ലോക റെക്കോര്‍ഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല. 100 മീറ്റര്‍ 10.49 സെക്കന്‍ഡിലും 200 മീറ്റര്‍ 21.34 സെക്കന്‍ഡിലും അവര്‍ ഓടി എത്തി.

1988 ആയിരുന്നു ഫ്ലോറന്‍സിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷം.  ആ വര്‍ഷത്തെ സോള്‍ ഒളിംപിക്സില്‍ 100, 200 മീറ്ററിലും 4x100 മീ. റിലേയിലും സ്വര്‍ണം.  4x400 മീറ്റര്‍ റിലേയില്‍ വെളളി മെഡല്‍.  200 മീറ്ററില്‍ 1984 ലോസാഞ്ചലസ് ഗെയിംസില്‍ വെള്ളി. രണ്ട് ലോക ചാംപ്യന്‍ഷിപ്പ് മെഡലുകള്‍. ഇങ്ങനെ ഓരോ മെഡലുകള്‍ നേടുമ്പോഴും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴും അവരെ വിമര്‍ശകര്‍ സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കി. പുരുഷ സ്പ്രിന്റില്‍ മരുന്നടി വിവാദം തലക്കെട്ടുകളായിരുന്ന കാലത്താണ് ഫ്ലോ ജോ വേഗം കൊണ്ട് അമ്പരപ്പിച്ചിരുന്നത്. പലകുറി പരിശോധനയ്ക്ക് വിധേയയായെങ്കിലും ഒരിക്കല്‍ പോലും ഒരു നിരോധിത മരുന്നും അവര്‍ ഉപയോഗിച്ചതായി തെളിയിക്കാനായില്ല. 

അക്കാലത്തെ ഫാഷന്‍ ഐക്കണായിരുന്നു അവര്‍. നിറമുള്ള റണ്ണിങ് സ്യൂട്ടുകളും വണ്‍ ലെഗ്ഗേര്‍സും  ട്രാക്കിലവതരിപ്പിച്ചു.  നീളന്‍ നഖവുമായി പുത്തന്‍ ട്രെന്റ് സൃഷ്ടിച്ചു. ലുക്ക് ഗുഡ് ടു ഫീല്‍ഡ് ഗുഡ്, ആന്‍ഡ് ഫീല്‍ ഗുഡ് ടു റണ്‍ ഫാസ്റ്റ് എന്നാണ് ഫ്ലൊറന്‍സ് പറഞ്ഞിരുന്നത്. ഒളിംപിക്സ് വിജയത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അവര്‍ വിരമിച്ചു. 1992–ല്‍ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ കായികമേഖയില്‍ മുഖ്യധാരയില്‍ എത്തിക്കുന്നതിന് ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ ഫൗണ്ടേഷന്‍ തുടങ്ങി. 1998–ല്‍ 38–ാം വയസില്‍ അപ്രതീക്ഷിതമായി അവര്‍ ലോകത്തോട് വിടപറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...