ക്യാപ്റ്റന്‍ കൂളിന്റെ ഉദയത്തിനും പാക്കിസ്ഥാനെ വീഴ്ത്തിയ ശ്രീശാന്തിന്റെ ക്യാച്ചിനും 14 വയസ്

dhoni-sreesanth-1
SHARE

ക്രിക്കറ്റിന്റെ ചെറുരൂപത്തില്‍ ഇന്ത്യ അവതാരം എടുത്തിട്ടും മഹേന്ദ്ര സിങ് ധോണിയുടെ വീരഗാഥ തുടങ്ങിയിട്ടും ഇന്നേയ്ക്ക് പതിനാലുവര്‍ഷം. 14വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേദിവസമാണ് മിസ്ബാ ഉള്‍ ഹഖിനെ ശ്രീശാന്തിന്റെ കൈകളിലൊതുക്കി ധോണി നയിച്ച ഇന്ത്യന്‍ ടീം പ്രഥമ ട്വന്റി 20 കിരീടം നേടിയത്. 

ഓര്‍ത്തിരിക്കുന്ന ആറ്  മുഹൂര്‍ത്തങ്ങള്‍‌

1. യുവരാജ് സിങ്ങ് ഒരു ഓവറില്‍ പറത്തിയ ആറുസിക്സറുകള്‍(ഇംഗ്ലണ്ടിനെതിരെ)

2.ദക്ഷിണാഫ്രിക്കയ്ക്കെതിരെ ധോണി 33പന്തില്‍ നിന്ന് നേടിയ 45റണ്‍സ്

3. ഓസ്ട്രേലിയയ്ക്കെതിരെ ശ്രീശാന്ത് 4 ഓവറില്‍ 12റണ്‍സ് വിട്ടുകൊടുത്ത് നേടിയ രണ്ടുവിക്കറ്റ്

4. ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇര്‍ഫാന്‍ പഠാന്‍ വീഴ്ത്തിയ മൂന്ന് വിക്കറ്റുകള്‍

5. ഫൈനലില്‍ അവസാന ഓവര്‍ ജോഗിന്ദര്‍ ശര്‍മയെ ഏല്‍പിച്ച ധോണി

6. ഫൈനലില്‍ മിസ്ബാ ഉള്‍ ഹഖിന്റെ സ്കൂപ്പ് കൈപ്പിടിയില്‍ ഒതുക്കിയ ശ്രീശാന്ത്

തലമുറമാറ്റത്തിന്റെ വിജയഭേരി

2007ലെ ലോകകപ്പില്‍ ദയനീയമായി തോറ്റ് നാട്ടിലെത്തിയ ടീം ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ രാജി വലിയ തിരിച്ചടിയായി. കാരണം പ്രഥമ ട്വന്റി 20 ലോകകപ്പിന് ഇന്ത്യ തയാറെടുക്കുമ്പോഴായിരുന്നു ആ പടിയിറക്കം. ടീമിലെ സീനിയര്‍ താരങ്ങളിലെ ചിലരുടെ നിഷേധാത്മക നിലപാടായിരുന്നു ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ വീഴാന്‍കാരണം. ഏപ്രിലില്‍ ക്യാപ്റ്റന്‍ സ്ഥാനം ദ്രാവിഡ് ഒഴിഞ്ഞതും ഏകദിന ലോകകപ്പിലെ ദയനീയ തോല്‍വിയും ട്വന്റി 20 ലോകകപ്പിന് പുതിയ ക്യാപ്റ്റനും ടീമുമെന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. അങ്ങനെ മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റനാക്കി യുവതാരങ്ങളെ അണിനിരത്തി ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തി. അവിടെ സമ്മര്‍ദത്തില്‍ അടിപ്പെടാതെ ധോണി യുവനിരയെ ഫലപ്രദമായി വിനിയോഗിച്ചു. ബദ്ധവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ നേടിയ വിജയം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുതലമുറയുടെ ഉദയംകൂടിയായിരുന്നു. 2007ലെ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിന് ആരവം ഉയരുന്നതിന്   മണിക്കൂറുകൾക്കു മുൻപ് കൊൽക്കൊത്തയിൽ മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ സൗരവ് ഗാംഗുലി പറഞ്ഞ വാക്കുകളാണു സത്യമാകുന്നതാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ത്യയുടെ മികച്ച ക്യാപ്‌റ്റന്മാരിൽ ഒരാളായി മാറാൻ ധോണിക്കാവും. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്കു ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യും, എന്നായിരുന്നു സൗരവിന്റെ വാക്കുകള്‍ . വിജയം ടീം ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റനെയും കൂടുതല്‍ യുവനിരയെയും സമ്മാനിച്ചു. 2007ലെ ലോകകപ്പില്‍ ബാറ്റിങ്ങില്‍ ഗംഭീറും ധോണിയും യുവരാജ് സിങ്ങും ബോളിങ്ങില്‍ ഇര്‍ഫാന്‍ പഠാനും ആര്‍.പി.സിങ്ങും എസ്.ശ്രീശാന്തും ഹര്‍ഭജന്‍ സിങ്ങും ഇന്ത്യയ്ക്കായി മികവുറ്റ പ്രകടനം നടത്തി. 

ജോഗീന്ദറിനോട് പറഞ്ഞതെന്ത്?

അവസാന ഓവര്‍ ബോള്‍ ചെയ്യാന്‍ ജോഗീന്ദര്‍ ശര്‍മയെ ധോണി വിളിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. എന്നാല്‍ ജോഗീന്ദര്‍ ക്യാപ്റ്റന്റെ ആത്മവിശ്വാസം കാത്തു. അതിന്റെ കാരണം ജോഗീന്ദര്‍ പറയുന്നത് ഇങ്ങനെയാണ്. ‘ബോള്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് എത്ര റണ്‍സാണ് വേണ്ടതെന്ന് ചിന്തിക്കരുത്, ബോളിങ്ങില്‍ ശ്രദ്ധിക്കുക, എന്ത് സംഭവിച്ചാലും ടീമിന്റെ പിന്തുണയുണ്ട്’. ധോണിയുടെ ഈ വാക്കുകളാണ് സമ്മര്‍ദമെല്ലാം അകറ്റിയതെന്ന് 2007ലെ വിജയമുഹൂര്‍ത്തം ഓര്‍ത്തെടുത്ത് ജോഗീന്ദര്‍ പറയുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...